ഇന്ത്യയിൽ വിവാഹ മോചനങ്ങൾ നടക്കാനുള്ള പ്രധാന കാരണം: അശ്വതി ശ്രീകാന്ത് പറയുന്നു

Published : Jun 03, 2025, 08:21 PM IST
ഇന്ത്യയിൽ വിവാഹ മോചനങ്ങൾ നടക്കാനുള്ള പ്രധാന കാരണം: അശ്വതി ശ്രീകാന്ത് പറയുന്നു

Synopsis

മക്കളുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്ന മാതാപിതാക്കളെക്കുറിച്ചാണ് അശ്വതിയുടെ പുതിയ പോസ്റ്റ്. 

കൊച്ചി: അഭിനയത്തിനും അവതരണത്തിനും പുറമേ എഴുത്തുലോകത്തും സജീവമാണ് നടി അശ്വതി ശ്രീകാന്ത്. പേരന്റിങ്ങ്, സോഷ്യൽ വിഷയങ്ങൾ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. മക്കളുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്ന മാതാപിതാക്കളെക്കുറിച്ചാണ് അശ്വതിയുടെ പുതിയ പോസ്റ്റ്. ഇന്ത്യയിൽ വിവാഹ മോചനങ്ങൾ നടക്കാനുള്ള പ്രധാന കാരണങ്ങളിൽ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കുടുംബാംഗങ്ങളുടെ ഇത്തരം ഇടപെടലുകളാണെന്നും അശ്വതി പറയുന്നു.

അശ്വതിയുടെ പോസ്റ്റിന്റെ പൂർണരൂപം:

''നമ്മുടെ മക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നമ്മളായിരിക്കണം എന്ന് നിർബന്ധമുള്ള ചിലരുണ്ട്. അങ്ങനെ ഉള്ളവർ ഒരു കാരണ വശാലും മക്കളെ വിവാഹിതരാവാൻ സമ്മതിക്കരുത് എന്നാണ് എന്റെ ഒരിത്. ഒരു സമയം കഴിഞ്ഞാൽ എല്ലാവർക്കും നമ്മൾ വന്ന കുടുംബത്തേക്കാൾ, നമ്മൾ ഉണ്ടാക്കിയെടുക്കുന്ന കുടുംബം പ്രധാനപ്പെട്ടതാവും. അതൊരു പ്രകൃതി നിയമമാണ്. സ്നേഹം തലമുറകളിലേയ്ക്ക് മുന്നോട്ടാണ് ഒഴുകുക. (അതിന്റെ അർത്ഥം അച്ഛനമ്മമാരെ ഉപേക്ഷിച്ചു കളയണമെന്നല്ല എന്ന് മനസ്സിലാവുമല്ലോ) !

അങ്ങനെ മക്കൾ അവരുടെ പങ്കാളിയെയോ കുട്ടികളെയോ prioritise ചെയ്യുന്ന സമയത്ത് മേൽപ്പറഞ്ഞ ആളുകൾക്ക് കടുത്ത നിരാശ തോന്നിയേക്കാം. കല്യാണം കഴിഞ്ഞതോടെ അച്ഛനമ്മമാരോട് സ്നേഹമില്ലാതായ മക്കളെ കുറിച്ചുള്ള റീലുകൾ /മെസ്സേജുകൾ/ കത്തുകൾ ഒക്കെ അവർ മക്കൾക്ക്‌ നിരന്തരം അയച്ചുവെന്നു വരാം. നമ്മളില്ലാത്ത കാലത്തും ജീവിക്കാൻ പഠിപ്പിക്കലാണ് പേരെന്റിങ് എന്ന് മനസ്സിലാവാഞ്ഞിട്ടാണോ എന്തോ, മക്കളുടെ ജീവിതത്തിന്റെ നിയന്ത്രണം സ്വന്തം കൈയിൽ നിന്ന് പോകുമോ എന്നവർ സാദാ ഭയപ്പെടും. മക്കളുടെ പങ്കാളികളോട് അകാരണമായി ശത്രുത തോന്നും. അവർ തമ്മിലൊന്നു പിണങ്ങിക്കണ്ടാൽ ‘അച്ഛനമ്മമാരെ പോലെ ആരും വരില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ’ എന്ന് ആശ്വസിപ്പിച്ചു കളയും !! ഈ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും സ്ത്രീകളാണെന്ന് പറയാതെ വയ്യ. അമ്മായി അമ്മ പോരിന്റെ കാര്യത്തിൽ മകന്റെ ഭാര്യയോടുള്ള പ്രശ്നം ആണ് എല്ലാക്കാലത്തും പ്രശസ്തമെങ്കിലും പലരും വിട്ടു പോകുന്ന ഒന്നാണ് മകളുടെ ജീവിതത്തിൽ നിരന്തരം ഇടപെട്ട് മരുമകനെ ശത്രുവാക്കുന്ന അമ്മായി അമ്മമാർ. ഭാര്യയും ഭർത്താവും മാത്രമായി ഒന്ന് പുറത്തു പോയി വന്നാൽ വീർത്തു കെട്ടുന്ന മുഖങ്ങൾ നമ്മുടെ നാട്ടിലൊരു പുതുമയല്ല. (ഭക്ഷണം കൂടി വെളിയിൽ നിന്നായാൽ തീർന്നു)

സ്വന്തം ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനും തെറ്റിക്കാനും തിരുത്താനും പഠിക്കാനും ഒക്കെ മക്കൾക്കും അവസരങ്ങൾ വേണ്ടേ? ഇവരുടെ അനാവശ്യ ഇടപെടലുകൾ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അച്ഛനമ്മമാർക്ക് ബൗണ്ടറി സെറ്റ് ചെയ്യേണ്ടി വന്നാൽ നല്ല കുറ്റ ബോധം തോന്നും മക്കൾക്ക് - നമ്മളെ കാലങ്ങളായി അങ്ങനെ ആണല്ലോ കണ്ടീഷൻ ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ വിവാഹ മോചനങ്ങൾ നടക്കാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് family interference ആണെന്നാണ് കണക്കുകൾ. അഞ്ചു വയസ്സിൽ മക്കളുടെ ജീവിതത്തിൽ നമുക്കുള്ള റോളല്ല അവരുടെ മുപ്പതാം വയസ്സിൽ എന്ന് ചിലർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരുപാട് പേരുടെ ജീവിതവും ബന്ധങ്ങളും മെച്ചപ്പെട്ടേനെ!''.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത