
ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തിന് പിന്നാലെ 'അമ്മ'യില്‍ ഉടലെടുത്ത ചേരിതിരിവ് രൂക്ഷമായി തുടരുന്നതിനിടെ, സിദ്ദിഖിന്റെ അഭിപ്രായപ്രകടനങ്ങള്‍ പ്രസിഡന്റ് മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കാനായിരുന്നുവെന്ന് സംഘടനയിലെ ഒരു വിഭാഗം. ഇപ്പോഴത്തെ വിവാദവിഷയങ്ങളില്‍ മോഹന്‍ലാലിനെ ബലിയാടാക്കി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്താനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നതെന്ന് സംഘടനയിലെ മുതിര്‍ന്ന ഭാരവാഹികളില്‍ ഒരാള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇക്കാര്യം മോഹന്‍ലാലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച തുടരാമെന്നും വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാമെന്നുമാണ് മോഹന്‍ലാലിന്റെ നിലപാട്. ട്രഷറര്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യമാണ് അറിയിച്ചിരുന്നത്. മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയതെന്ന് ജഗദീഷ് പറഞ്ഞിരുന്നു. ഈ വാര്‍ത്താക്കുറിപ്പിനെ തള്ളിയാണ് സിദ്ദിഖ് കെപിഎസി ലളിതയ്‌ക്കൊപ്പം വാര്‍ത്താസമ്മേളം നടത്തിയത്. സംഘടനയുടേതെന്ന പേരില്‍ സിദ്ദിഖ് നടത്തിയ പ്രകോപനപരമായ വാദങ്ങള്‍ മോഹന്‍ലാലിന് അതൃപ്തിയുണ്ടാക്കിയെന്നാണ് 'അമ്മ' നിര്‍വാഹക സമിതിയിലെ ചില അംഗങ്ങള്‍ പറയുന്നത്. അമ്മ-ഡബ്ല്യുസിസി തര്‍ക്കം ആളിക്കത്തിക്കാനാണ് സിദ്ദിഖ് ശ്രമിച്ചതെന്നും മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമായി ഇതിനെ കാണണമെന്നും ഇവര്‍ പറയുന്നു. അമ്മ അംഗങ്ങള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ജഗദീഷിന്റെയും ബാബുരാജിന്റേതുമായി വന്ന സന്ദേശങ്ങളിലും ഇത്തരത്തില്‍ ആരോപണങ്ങളുണ്ടായിരുന്നു.
ഈ മാസം 19ന് നടക്കുന്ന അടിയന്തര എക്‌സിക്യുട്ടീവ് യോഗം വരെ 'അമ്മ'യെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ ആരും പരസ്യപ്രസ്താവന നടത്തരുതെന്ന കര്‍ശന നിര്‍ദേശx മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 'അമ്മ' നിര്‍വാഹക സമിതിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ സിദ്ദിഖിനുണ്ട്. ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പ് ദിലീപിനെ തള്ളിപ്പറയുന്നതും ഡബ്ല്യുസിസിയോട് മൃദുസമീപനം പുലര്‍ത്തുന്നതാണെന്നും കൃത്യമായ മറുപടി നല്‍കിയത് സിദ്ദിഖ് ആണെന്നുമാണ് ഇവരുടെ വാദം. മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരിക്കെ ആ പണി വേറെ ആരും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടിലാണ് നിര്‍വാഹക സമിതിയില്‍ മോഹന്‍ലാലിനെ അനുകൂലിക്കുന്ന വിഭാഗം. ജഗദീഷ് നല്‍കിയ ഔദ്യോഗിക വിശദീകരണത്തെ തള്ളിപ്പറഞ്ഞ സിദ്ദീഖ് മാധ്യമങ്ങളെ കണ്ടപ്പോള്‍ എക്‌സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു.
ചലച്ചിത്രമേഖലയിലെ മറ്റ് സംഘടനകളുമായും ഡബ്ല്യുസിസി ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മോഹന്‍ലാലിന്റെ തീരുമാനമെന്നറിയുന്നു. എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് ശേഷം സിദ്ദിഖിന്റെ പ്രതികരണം വ്യക്തിപരമായിരുന്നുവെന്നും സംഘടനാ നിലപാടല്ലെന്നും വിശദീകരിച്ച് അമ്മയുടെ വാര്‍ത്താക്കുറിപ്പ് ഉണ്ടായേക്കും. നിലവില്‍ സാധാരണ അംഗങ്ങളായി തുടരുന്ന മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നിര്‍വാഹക സമിതിയിലേക്ക് തിരിച്ചെത്തിക്കാനും മോഹന്‍ലാല്‍ ശ്രമിക്കുമെന്നറിയുന്നു.
ഇന്നസെന്റ് ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തിയത് സമവായ നീക്കത്തിലൂടെയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സമയത്ത് പ്രസിഡന്റ് പദവിക്ക് വേണ്ടി സിദ്ദിഖ് ശ്രമം നടത്തിയിരുന്നതായി അറിയുന്നു, ഇതിന് ദിലീപിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും. മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കിയുള്ള സിദ്ദിഖിന്റെ വാര്‍ത്താസമ്മേളത്തില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ ജഗദീഷിനും ബാബുരാജിനും പിന്നാലെ മുകേഷും ജയസൂര്യയും ആസിഫലിയും അതൃപ്തി അറിയിച്ചെന്നാണ് സൂചന. സിദ്ദിഖിനോട് വിശദീകരണം ചോദിക്കണമെന്ന നിലപാടിലാണ് നിര്‍വാഹക സമിതിയിലെ ചില അംഗങ്ങള്‍. അതേ സമയം ചില നിര്‍മ്മാതാക്കള്‍ മുന്‍കയ്യെടുത്ത് അമ്മയും ഡബ്ല്യുസിസിയുമായി തര്‍ക്ക പരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ