അജിനോമോട്ടോ എങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത്? ഇത് ശരീരത്തിന് ദോഷമോ?

By Web TeamFirst Published May 29, 2021, 3:20 PM IST
Highlights

പ്രകൃതിദത്തമായ അമിനോ ആസിഡായ 'ഗ്ലൂട്ടമിക് ആസിഡ്' സോഡിയം എന്നിവയില്‍ നിന്നാണ് അജിനോമോട്ടോ ഉത്പാദിപ്പിക്കുന്നത്. കരിമ്പ്, കസാവ, ചോളം എന്നിങ്ങനെയുള്ള പ്രകൃതിദത്ത വിഭവങ്ങളില്‍ നിന്നെല്ലാം ഇത് വേര്‍തിരിച്ചെടുക്കാം

ഭക്ഷണങ്ങളില്‍ 'അജിനോമോട്ടോ' ചേര്‍ക്കുന്നത് എല്ലായ്‌പ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള ഒരുവിഷയമാണ്. 'അജിനോമോട്ടോ' പല രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് നമ്മള്‍ വ്യാപകമായി കേട്ടിട്ടുള്ള വാദം. രക്തധമനികളില്‍ 'ബ്ലോക്ക്' ഉണ്ടാക്കാനും ഹൃദയാഘാതത്തിന് വരെ വഴിയൊരുക്കാനും ഇത് കാരണമാകുമെന്ന് വരെ നാം കേട്ടിരിക്കാം. 

യഥാര്‍ത്ഥത്തില്‍ അത്രയും അപകടകാരിയായ ഒരു പദാര്‍ത്ഥമാണോ അജിനോമോട്ടോ? 

പ്രകൃതിദത്തമായ അമിനോ ആസിഡായ 'ഗ്ലൂട്ടമിക് ആസിഡ്' സോഡിയം എന്നിവയില്‍ നിന്നാണ് അജിനോമോട്ടോ ഉത്പാദിപ്പിക്കുന്നത്. കരിമ്പ്, കസാവ, ചോളം എന്നിങ്ങനെയുള്ള പ്രകൃതിദത്ത വിഭവങ്ങളില്‍ നിന്നെല്ലാം ഇത് വേര്‍തിരിച്ചെടുക്കാം. 

ഏഷ്യന്‍ ഭക്ഷണങ്ങളില്‍ മിക്കതിലും അജിനോമോട്ടോ ചേര്‍ക്കാറുണ്ട്. ഭക്ഷണത്തിന് കൂടുതല്‍ 'ഫ്‌ളേവര്‍' ഉം രുചിയും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 1908ല്‍ ജാപ്പനീസ് ശാസ്ത്രജ്ഞനായ കിക്കൂന്‍ ഇക്കെഡ ആണ് ആദ്യമായി അജിനോമോട്ട തയ്യാറാക്കിയതെന്ന് കരുതപ്പെടുന്നു. പ്രകൃതിദത്തമായ വിഭവത്തില്‍ നിന്നാണ് കിക്കൂന്‍ അജിനോമോട്ടോ ഉത്പാദിപ്പിച്ചെടുത്തത്. 

പിന്നീട് 1909ല്‍ 'അജിനോമോട്ടോ' എന്ന പേരില്‍ ഒരു ജാപ്പനീസ് കമ്പനി തന്നെയാണ് വ്യാവസായികാടിസ്ഥാനത്തില്‍ അജിനോമോട്ടോ ഉത്പാദിപ്പിച്ചുതുടങ്ങിയത്. എംഎസ്ജി എന്ന പേരിലും അജിനോമോട്ടോ അറിയപ്പെടാറുണ്ട്. പലപ്പോഴും ഇത് രണ്ടും രണ്ട് പദാര്‍ത്ഥങ്ങളാണെന്ന തെറ്റിദ്ധാരണ ആളുകളില്‍ കണ്ടുവരാറുണ്ട്. 

യുഎസിലെ 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍' അജിനോമോട്ടോയെ 'പൊതുവില്‍' സുരക്ഷിതമായ പദാര്‍ത്ഥം എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് മിതമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് ശരീരത്തിന് വലിയ ദോഷം ചെയ്യില്ല, അതിനാല്‍ തന്നെ ഉപയോഗിക്കേണ്ടവര്‍ക്ക് ഉപയോഗിക്കാം എന്ന രീതി. 

എന്നാല്‍ അമിതമായി അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത് ഭക്ഷണങ്ങളില്‍ ചേര്‍ക്കുമ്പോള്‍ അളവ് കൃത്യമായി മിതപ്പെടുത്തുക. അതുപോലെ പതിവ് ഉപയോഗവും വേണ്ടെന്ന് വയ്ക്കാം. അതേസമയം കേട്ടുകേള്‍വി പോലെ അത്രയും ഭീകരനല്ല അജിനോമോട്ടോ എന്ന് മാത്രം മനസിലാക്കാം. 

Also Read:- അജിനോമോട്ടോ ഭക്ഷണത്തിൽ ചേർക്കുമ്പോൾ സംഭവിക്കുന്നതെന്ത്; ഡോക്ടർ പറയുന്നത്...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!