ഭക്ഷണത്തിന് രുചി കൂട്ടുന്ന അജിനോമോട്ടോ എന്ന പദാര്‍ത്ഥത്തെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കും. അജിനോമോട്ടോ ഭക്ഷണത്തില്‍ കലര്‍ത്തുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന പ്രചാരണം ഏറെ നാളായി നടക്കുന്നു. അജിനോമോട്ടോ കഴിച്ചാൽ ക്യാൻസർ ഉണ്ടാകും, ഇതൊരു മാരക രാസവസ്തുവാണ് എന്നാണ് സോഷ്യൽ മീഡിയകളിൽ നാം കാണുന്നത്.എന്നാൽ ഇതിന് പിന്നിലെ സത്യമെന്ത് ?അജിനോമോട്ടോ നാം ഭക്ഷണത്തിൽ ചേർക്കുമ്പോൾ എന്ത് സംഭവിക്കുന്നതെന്നതിനെ പറ്റി ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

  അജിനോമോട്ടോ എന്ന് പറഞ്ഞാല്‍ ഒരു ഉപ്പ് കമ്പനിയുടെ പേരാണ്. അജിനോമോട്ടോ കോര്‍പ്പറേഷന്‍ എന്ന ജപ്പാന്‍ ഹെഡ് ഓഫീസുള്ള ഒരു കമ്പനിയുടെ പേരാണിത്. അവര്‍ ഉണ്ടാക്കുന്ന ഒരു ഉപ്പാണ് നമ്മള്‍ അജിനോമോട്ടോ എന്ന് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ഉപ്പിന്റെ പേര് monosodium glutamate അഥവാ എംഎസ്ജി എന്നാണ്. 

  അജിനോമോട്ടോ കമ്പനി ഉണ്ടാക്കുന്ന വസ്തുവാണ് എംഎസ്ജി. അതായത്, എംഎസ്ജി അഥവാ monosodium glutamate എന്ന് പറഞ്ഞാല്‍ ഒരു non essential അമിനോ ആസിഡാണ്. ഇതിൽ ഗ്ലൂട്ടാമിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതായത്, നമ്മുടെ തലച്ചോറിലുള്ള ഒരു ന്യൂറോട്രെന്‍സ്മിറ്ററാണ് ഇവ. ഈ ഗ്ലൂട്ടാമിക് ആസിഡ് പ്രകൃതിയിലും ധാരാളം അടങ്ങിയിട്ടുണ്ട്. 

 തക്കാളി, വെണ്ണ എന്നിവയില്‍ ധാരാളം ഗ്ലൂട്ടാമിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ഗ്ലൂട്ടാമിക് ആസിഡിന്റെ അകത്തേക്ക് സോഡിയം ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു തരം ഉപ്പാണ് എംഎസ്ജി എന്ന് വിളിക്കുന്നത്. എംഎസ്ജി കണ്ടുപിടിക്കപ്പെട്ടിട്ട് ഒരുപാട് വര്‍ഷങ്ങളായി. ഇന്നും ഏറ്റവും കൂടുതല്‍ ലോകത്ത് ടേസ്റ്റ് മേക്കറായി ഉപയോഗിക്കുന്നത് എംഎസ്ജി തന്നെയാണെന്ന് ഡോ.രാജേഷ് കുമാർ പറയുന്നു. 

  സാധാരണ പരിചിതമായിട്ടുള്ള നാല് തരം രുചികളുണ്ട്. അതായത്, മധുരം, ഉപ്പ്, കയ്പ്പ്, എരിവ് ഈ നാലെണ്ണം അല്ലാതെ തന്നെ ഇറച്ചി കഴിക്കുന്ന സമയത്ത് രുചി അനുഭവപ്പെടുന്ന ഒരു പ്രത്യേക തരം ടേസ്റ്റുണ്ട്. മുമിയോ എന്നാണ് ഇതിന് പറയുന്ന പേര്. പ്രത്യേക മാസത്തിന്റെ രുചിയാണ് മുമിയോ നല്‍കുന്നത്. എംഎസ്ജിയ്ക്ക് പ്രത്യേക രുചിയുണ്ടെന്ന് പറയാന്‍ പറ്റില്ല, കാരണം, സോഡിയത്തിന്റെ അല്ലെങ്കില്‍ ഉപ്പിന്റെ അതേ രുചിയായിരിക്കും എംഎസ്ജിയ്ക്ക്. 

 എന്നാല്‍ ഇത് ഭക്ഷണത്തില്‍ ചേര്‍ത്താല്‍ രുചിയ്ക്ക് ഒരുപാട് വ്യത്യാസം വരും. എംഎസ്ജിയുടെ പ്രത്യേകത എന്ന് പറയുന്നത് ഒരു ഭക്ഷണത്തില്‍ എംഎസ്ജി ചേര്‍ത്ത് കഴിഞ്ഞാല്‍ രുചിയും മണവും കൂടുതല്‍ കഴിക്കാനായി തോന്നിപ്പിക്കും. അതാണ് അജിനോമോട്ടോ ഇത്രയും പ്രശസ്തമാകാന്‍ കാരണം. 

  അജിനോ മോട്ടോയെ ഒരു ‌സുരക്ഷിതമായ ഭക്ഷണമായാണ് ഫുഡ് ആന്റ് ഡ്രഗ് അഡമിനിസ്‌ട്രേഷന്‍ പറയുന്നത്.അതായത് ഇതിന് അകത്ത് ശരീരത്തിന് ആവശ്യമുള്ള ഗ്ലൂട്ടാമിക് ആസിസാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ സോഡിയവും ചേര്‍ത്തിട്ടുണ്ട്. സാധാരണ ഗതിയില്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഉപ്പില്‍ ഏകദേശം 35 ശതമാനം സോഡിയം ഉണ്ട്. 

 അജിനോമോട്ടോയ്ക്ക് അകത്ത് സാധാരണയായി അഞ്ച് ശതമാനം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. നമ്മുടെ ഉപ്പിനെക്കാള്‍ കറി ഉപ്പിനെക്കാള്‍ സുരക്ഷിതമാണ് അജിനോമോട്ടോ എന്ന് പറയേണ്ടി വരും. അജിനോമോട്ടോ ഒരു മാരകമായ പ്രശ്‌നം ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടില്ല. അത് മാത്രമല്ല അജിനോമോട്ടോ ഒരു ദിവസം നമ്മുടെ ശരീരത്തില്‍ ഏകദേശം ഒന്ന് മുതല്‍ 1.75 ഗ്രാം വരെ അപകടകരമല്ല എന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ഡോ. രാജേഷ് പറഞ്ഞു. 

 അജിനോ മോട്ടോ ചേര്‍ത്ത ഭക്ഷണം നമ്മുടെ മുന്നില്‍ വന്നാല്‍ ആ ഭക്ഷണത്തിന് നമ്മളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. അത് കൊണ്ട് തന്നെ നാം ആ ഭക്ഷണം കഴിച്ചു എന്ന് വരാം. അപ്പോള്‍ ഇത്തരത്തില്‍ നമ്മളെ ഫുഡിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനായിട്ട് ഹോട്ടലുക്കാര്‍ എംഎസ്ജി കൂടുതലായി ‌ചേർത്താൽ അത് ശരീരത്തെ ദോഷം ചെയ്യുകയും ചെയ്യും. 

 എംഎസ്ജി ശരീരത്തില്‍ അമിതമായി എത്തുമ്പോള്‍ ഗ്ലൂട്ടാമിക് ആസിഡിന്റെ അളവ് കൂടുകയും അത് ഒരുപക്ഷേ, ഓര്‍മക്കുറവ്, തലവേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കാം. ഈ പ്രശ്‌നങ്ങളല്ലാതെ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കില്ല. എംഎസ്ജി ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ ക്യത്യമായി തന്നെ അതില്‍ രേഖപ്പെടുത്തിയിരിക്കണമെന്നൊരു നിയമമുണ്ട്.

  അത് കൊണ്ട് തന്നെയാണ് ബേക്കറികളില്‍ നിന്നും കിട്ടുന്ന ഭക്ഷണങ്ങള്‍, പാക്കറ്റ് ഫുഡുകള്‍ ഇതില്ലെല്ലാം തന്നെ പാക്കറ്റിന് അകത്ത് ചേരുവകള്‍ ചേർത്തിട്ടുണ്ട്. പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോള്‍ E621 എന്ന കോഡ് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും അതിന് അകത്ത് അജിനോമോട്ടോയുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറയുന്നു. 

 ജനങ്ങള്‍ പേടിക്കുമെന്ന് കരുതിയാണ് കോഡാക്കി പാക്കറ്റുകളില്‍ കൊടുത്തിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ആ ഭക്ഷണത്തിന് അത്ര രുചിയോ മണമോ ഇല്ലെങ്കില്‍ അതില്‍ അജിനോമോട്ടോ ചേര്‍ത്തിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്. എന്നാല്‍ ആ ഭക്ഷണത്തിന് നല്ല മണവും രുചിയും ഉണ്ടെങ്കില്‍ നിങ്ങള്‍ മനസിലാക്കേണ്ടത് അതില്‍ അജിനോ മോട്ടോ ചേര്‍ത്തിട്ടുണ്ടെന്നാണ്.

 അമിതമായി ആളുകളെ ആകര്‍ഷിക്കാനായി ഇത് ചേര്‍ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം, ലോകമെമ്പാടും അജിമോമോട്ടോയെ കുറിച്ച് നടത്തിയിട്ടുള്ള പഠനത്തില്‍ കണ്ടെത്തിയ ഒരു കാര്യം ഉണ്ട്. അജിനോ മോട്ടോ ചേര്‍ത്ത ഭക്ഷണം കഴിക്കുന്നവര്‍ക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് വണ്ണം കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

 അതായത് ഇത്തരത്തില്‍ എംഎസ്ജി ചേര്‍ത്തിട്ടുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് അമിതവണ്ണം വയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ചുരുക്കം പറഞ്ഞാല്‍ അജിനോമോട്ടോ നമ്മുടെ നാട്ടിലുള്ള നിത്യ ഭക്ഷ്യസാന്നിധ്യമാണ് എന്നത് മാത്രമല്ല ഇതിന് സോഷ്യല്‍ മീഡിയയില്‍ കൂടി പറയുന്ന അത്ര ഭീകരതയില്ല എന്നതാണ് സത്യം. എന്നാല്‍ അമിതമായാല്‍ ഇത് ശരീരത്തിന് ആരോഗ്യകരമല്ല എന്നതും മനസിലാക്കുകയാണ് വേണ്ടതെന്ന് ഡോ.രാജേഷ് പറഞ്ഞു.