Lung Cancer: ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാൻ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

By Web TeamFirst Published Oct 2, 2022, 11:06 AM IST
Highlights

നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കാനുളള ബുദ്ധിമുട്ട്, ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുക, ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക തുടങ്ങിയവയൊക്കെ ചിലപ്പോള്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍.  ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.  
പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്.

നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കാനുളള ബുദ്ധിമുട്ട്, ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുക, ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക തുടങ്ങിയവയൊക്കെ ചിലപ്പോള്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. എന്ത് ലക്ഷണം കണ്ടാലും രോഗം പിടിപെട്ടതായി സ്വയം സ്ഥിരീകരിക്കരുത്.  ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറെ ഉറപ്പായും കാണണം. 

ശ്വാസകോശാര്‍ബുദം സുഖപ്പെടുത്താൻ ഒരു ഭക്ഷണത്തിനും ആവില്ല. എന്നാല്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗത്തെ ഒരു പരിധി വരെ നേരിടാനുള്ള പ്രതിരോധശേഷി ലഭിക്കാം. പ്രോസസ്ഡ് ഫുഡും റെഡ്മീറ്റും എല്ലാം ലങ് ക്യാൻസർ സാധ്യത കൂട്ടുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം...

ഒന്ന്...

ബ്രൊക്കോളി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശാര്‍ബുദ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്. ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

രണ്ട്... 

ശ്വാസകോശ ക്യാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന 'ലൈക്കോപീൻ' ആണ് ഇതിന് സഹായിക്കുന്നത്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. 

മൂന്ന്...

ക്യാരറ്റ് ആണ് അടുത്തത്. ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ക്യാരറ്റിലടങ്ങിയ വിറ്റാമിന്‍ സി, ബീറ്റാകരോട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ എന്നിവ ശ്വാസകോശാര്‍ബുദ സാധ്യതയെ കുറയ്ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

നാല്...

ഭക്ഷണത്തില്‍ മഞ്ഞള്‍ ധാരാളമായി ഉള്‍പ്പെടുത്താം. മഞ്ഞളിലടങ്ങിയ കുർക്കുമിൻ ശ്വാസകോശ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും. ഇതിലെ ആന്‍റിഓക്സിഡന്‍റ്,  ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

അഞ്ച്...

ഉള്ളിയും വെളുത്തുള്ളിയും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയിലെ ചില ഘടകങ്ങള്‍ ശ്വാസകോശാര്‍ബുദത്തെ തടയുമെന്നും പല പഠനങ്ങളും പറയുന്നു. 

ആറ്...

ഇഞ്ചിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇവയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഏഴ്...

ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒപ്പം കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും  ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

എട്ട്...

ബീറ്റ്റൂട്ടാണ് ആണ് അടുത്തതായി ഈ  പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രേറ്റ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

ഒമ്പത്...

ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിള്‍ ദിവസവും കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ ബി , പൊട്ടാസ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

പത്ത്...

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീൻടീയിലടങ്ങിയ സംയുക്തങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

Also Read: ഉറക്കക്കുറവ് പരിഹരിക്കാൻ ഇതാ ഒരു കിടിലന്‍ ജ്യൂസ്!


 

click me!