
ഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങൾക്ക് പകരം മാമ്പഴം, ആപ്പിൾ, പപ്പായ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പല വീടുകളിലും പതിവാണ്. എന്നാൽ ഭക്ഷണശേഷം ഉടൻ പഴങ്ങൾ കഴിക്കുന്നത് ദഹനക്കേട്, ഗ്യാസ്, വയറുവീർക്കൽ എന്നിവയ്ക്ക് കാരണമാകുമോ. ഭക്ഷണത്തിനൊപ്പമോ ശേഷമോ പഴങ്ങൾ കഴിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഇതാണ്.
വെറും വയറ്റിൽ പഴങ്ങൾ കഴിക്കുമ്പോൾ അവയിലെ പഞ്ചസാര വേഗത്തിൽ ദഹിച്ച് ചെറുകുടലിലേക്ക് എത്തുന്നു. എന്നാൽ പ്രധാന ഭക്ഷണത്തിന് തൊട്ടുപിന്നാലെ പഴങ്ങൾ കഴിക്കുമ്പോൾ ഭക്ഷണത്തിലെ ഫൈബർ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ഈ പ്രക്രിയയുടെ വേഗത കുറയ്ക്കുന്നു. ഇത് കൂടുതൽ നേരം വയറ് നിറഞ്ഞതായി തോന്നിക്കാനും ഇടവേളകളിലെ അനാവശ്യ ലഘുഭക്ഷണ ശീലം കുറയ്ക്കാനും സഹായിക്കും.
ടൈപ്പ് 2 പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ളവർക്ക് ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീനും ആരോഗ്യമുള്ള കൊഴുപ്പും അടങ്ങിയ ഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനാകും. ഭക്ഷണത്തിനൊപ്പം പഴങ്ങളിലെ ഫൈബർ ശരീരത്തിലെത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കും.
സെൻസിറ്റീവ് വയറുള്ളവരിൽ വയറുവീർക്കൽ സാധ്യതയുണ്ട്
വലിയ അളവിൽ ഫ്രക്ടോസ് അടങ്ങിയ തണ്ണിമത്തൻ, സബർജൽ, മുന്തിരി തുടങ്ങിയ പഴങ്ങൾ പെട്ടെന്ന് അധികമായി കഴിക്കുന്നത് ചിലരിൽ അസ്വസ്ഥതയുണ്ടാക്കാം. സെൻസിറ്റീവ് ദഹനവ്യവസ്ഥയുള്ള വ്യക്തികളിൽ ഇത് താത്കാലികമായി ഗ്യാസിനും വയറുവീർക്കലിനും കാരണമായേക്കാം.
അറിയേണ്ടത്
സാധാരണ ആരോഗ്യമുള്ള വ്യക്തികൾക്ക് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് തികച്ചും സുരക്ഷിതവും ആരോഗ്യകരവുമാണ്. കൃത്രിമ മധുരപലഹാരങ്ങൾ കഴിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പഴങ്ങൾ കഴിക്കുന്നതാണ്.