
വെള്ളരിക്കയും തണ്ണിമത്തനും ചൂടിന്റെ സമ്മർദ്ദം കുറയ്ക്കുമെന്ന് പോഷകാഹാര വിദഗ്ധൻ ലോവ്നീത് ബത്ര പറയുന്നു. ചൂടിൻറെ സമ്മർദ്ദം ഒഴിവാക്കാൻ വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കേണ്ടതുണ്ടെന്ന് സയന്റിഫിക് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണം വിശദീകരിക്കുന്നു. എന്നാൽ ഇവയിൽ ഏറ്റവും നല്ലത് ഏതാണ്?
വെള്ളരിക്കയും തണ്ണിമത്തനും ശരീരം അമിതമായി ചൂടാകാനുള്ള സാധ്യതയും നിർജ്ജലീകരണത്തിനുള്ള സാധ്യതയും കുറയ്ക്കും. ചൂടിൻറെ സമ്മർദ്ദം നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിൽ ക്ഷീണം, തലകറക്കം, അമിതമായ അളവിൽ വിയർക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
വെള്ളരിക്കയിൽ 95% ജലാംശം അടങ്ങിയിരിക്കുന്നതിനാൽ അവയ്ക്ക് തണുപ്പിക്കൽ ഗുണങ്ങളുണ്ടെന്നാണ് ഫുഡ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളരിക്ക കഴിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
തണ്ണിമത്തനിൽ 90-92% വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ജലാംശം നൽകുന്നു. കൂടാതെ, ഇതിൽ ഇലക്ട്രോലൈറ്റുകളും ലൈക്കോപീനും (ഒരു ആന്റിഓക്‌സിഡന്റ്) അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ കാരണമാകുന്നു. വെള്ളരിക്കയും തണ്ണിമത്തനും വേനൽക്കാലത്ത് ജലാംശത്തിന് ഗുണം ചെയ്യും.
ജലാംശത്തിന്റെ ആവശ്യകതയെയും അവയിൽ ഓരോന്നിലും അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയോടുള്ള സംവേദനക്ഷമതയെയും ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ്. വെള്ളരിക്ക ചൂടിനെ നേരിടാൻ അനുയോജ്യമാണെന്നും ദോഷകരമായ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ നിർവീര്യമാക്കാനുള്ള കഴിവുണ്ടെന്നും പഠനം പറയുന്നു. തണ്ണിമത്തനിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ ശരീരം എപ്പോഴും ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കുന്നു.
ദിവസവും ഒരു കഷ്ണം തണ്ണിമത്തൻ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് തടയുകയും അതുവഴി ഹൃദ്രോഗം തടയുകയും ചെയ്യും. തണ്ണിമത്തൻ പതിവായി കഴിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു.