
വിറ്റാമിൻ ഡി, ബി 12, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. കാത്സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിൻ ഡി ആവശ്യമാണ്. പേശികളുടെ ബലഹീനത തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. ഇരുമ്പ് ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇവ പ്രധാനമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്.
മുതിർന്നവർക്ക് 15-20 മൈക്രോഗ്രാം വിറ്റാമിൻ ഡി ശുപാർശ ചെയ്യുമ്പോൾ, വിറ്റാമിൻ ബി 12 പ്രതിദിനം 2.4 മൈക്രോഗ്രാം ആവശ്യമാണ്. ഇരുമ്പിന്റെ കാര്യത്തിൽ, വ്യത്യസ്ത ലിംഗക്കാർക്ക് ദൈനംദിന ആവശ്യകത വ്യത്യാസപ്പെടുന്നു. മുതിർന്ന പുരുഷന്മാർക്ക് പ്രതിദിനം 8 മില്ലിഗ്രാം ഇരുമ്പ് നിർദ്ദേശിക്കപ്പെടുന്നു, അതേസമയം സ്ത്രീകൾക്ക് 18 മില്ലിഗ്രാം ആവശ്യമാണ്.
സപ്ലിമെന്റുകൾ ഇല്ലാതെ വിറ്റാമിൻ ഡി വർദ്ധിപ്പിക്കാനുള്ള എളുപ്പവഴികൾ
വിറ്റാമിൻ ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം സൂര്യപ്രകാശമാണ്. കൂടാതെ, കൊഴുപ്പുള്ള മത്സ്യം, ബീഫ്, മുട്ടയുടെ മഞ്ഞക്കരു, ചീസ്, മഷ്റൂം, പാൽ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവയില്‍ നിന്നൊക്കെ വിറ്റാമിന്‍ ഡി ലഭിക്കും.
സപ്ലിമെന്റുകൾ ഇല്ലാതെ വിറ്റാമിൻ ബി 12 വർദ്ധിപ്പിക്കാനുള്ള എളുപ്പവഴികൾ
ഷെൽഫിഷ്, കൊഴുപ്പുള്ള മത്സ്യം, ബീഫ്, ചിക്കന്‍, ഫോർട്ടിഫൈഡ് യീസ്റ്റ്, ധാന്യങ്ങൾ, മുട്ട, അവക്കാഡോ, പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളില്‍ നിന്നും വിറ്റാമിൻ ബി 12 അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ കഴിയും.
സപ്ലിമെന്റുകൾ ഇല്ലാതെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള എളുപ്പവഴികൾ
ചുവന്ന മാംസം, ബീഫ് കരൾ, പയർവർഗങ്ങള്‍, വേവിച്ച ചീര, സോയാബീൻ, മത്തങ്ങ വിത്തുകൾ, കടല, ഈന്തപ്പഴം, മാതളം, ബീറ്റ്റൂട്ട് തുടങ്ങിയവയില്‍ നിന്നും ശരീരത്തിന് വേണ്ട അയേണ്‍ ലഭിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.