വർക്കൗട്ടിന് തൊട്ടുമുമ്പ് കഴിക്കുന്ന ലഘുഭക്ഷണമായോ അല്ലെങ്കിൽ ഓഫീസിലിരിക്കുമ്പോൾ കഴിക്കാവുന്ന വിശപ്പടക്കുന്ന ഒന്നായോ നാം ഏറ്റവുമധികം ആശ്രയിക്കുന്ന പഴങ്ങളിലൊന്നാണ് വാഴപ്പഴം. എളുപ്പത്തിൽ കഴിക്കാം എന്നതിനൊപ്പം ഒട്ടേറെ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനും, നാഡീവ്യൂഹങ്ങളുടെ പ്രവർത്തനത്തിനും, പേശികളുടെ ആരോഗ്യത്തിനും പൊട്ടാസ്യം അത്യാവശ്യമാണ്. ദിവസവും രണ്ട് പഴം കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
സംസ്കരിച്ച മധുരപലഹാരങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരുകയും പിന്നീട് പെട്ടെന്ന് താഴുകയും ചെയ്യും. എന്നാൽ വാഴപ്പഴത്തിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, ഡയറ്ററി ഫൈബർ, പ്രകൃതിദത്ത പഞ്ചസാരകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് ദീർഘനേരം നിലനിൽക്കുന്ന ഊർജ്ജം നൽകുന്നു. കൂടാതെ ഇതിലെ ഫൈബർ നല്ല ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
3. മാനസികാരോഗ്യം മെച്ചപ്പെടുത്തും
വിറ്റാമിൻ B6 സാന്നിധ്യം കൊണ്ട് സമ്പന്നമാണ് വാഴപ്പഴം. ഒരു വാഴപ്പഴത്തിൽ നിന്ന് ദിവസേന ആവശ്യമായ വിറ്റാമിൻ B6-ന്റെ 30 ശതമാനത്തോളം ലഭിക്കും. രണ്ട് വാഴപ്പഴം കഴിക്കുന്നതിലൂടെ പ്രതിദിന ആവശ്യത്തിന്റെ പകുതിയിലധികവും പൂർത്തിയാകുന്നു. വിറ്റാമിൻ B6 തലച്ചോറിന്റെ പ്രവർത്തനത്തിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഡോപാമൈൻ, സെറോടോണിൻ എന്നീ നാഡീരസങ്ങളുടെ ഉത്പാദനത്തിനും സഹായിക്കുന്നു.