കുഞ്ഞിന് ആറ് മാസം കഴിഞ്ഞോ? എങ്കിൽ, നല്‍കാം ഈ ഭക്ഷണങ്ങൾ...

By Web TeamFirst Published Sep 25, 2022, 1:06 PM IST
Highlights

ആറാം മാസ് മുതല്‍ പഴച്ചാറുകള്‍ പരിചയപ്പെടുത്താം. നീരു പിഴിഞ്ഞെടുക്കാവുന്ന പഴങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കാം. ഒപ്പം റാഗി, ഉണക്കി പൊടിച്ച ഏത്തക്കായ എന്നിവ കുറുക്കി നല്‍കാം. 

ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമാണ് നല്‍കേണ്ടത്. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് രോഗ പ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകും.ആറ് മാസം കഴിഞ്ഞാല്‍ വീട്ടിലുണ്ടാക്കുന്ന കാച്ചിക്കുറുക്കിയ ഭക്ഷണങ്ങള്‍ (semi solid) ചെറിയ തോതില്‍ കൊടുത്തു തുടങ്ങാം. കുഞ്ഞിന് ആവശ്യമായ അധിക ഊര്‍ജം ഇതില്‍നിന്നും കിട്ടുന്നു. അമ്മ മുലപ്പാല്‍ ഇവയ്ക്കൊപ്പം കൊടുക്കുന്നത് തുടരുകയും ചെയ്യണം. ഒന്നര- രണ്ട് വയസ്സുവരെ മുലപ്പാല്‍ കൊടുക്കാന്‍ ശ്രമിക്കണം. 

ആറാം മാസ് മുതല്‍ പഴച്ചാറുകള്‍ പരിചയപ്പെടുത്താം. നീരു പിഴിഞ്ഞെടുക്കാവുന്ന പഴങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കാം. ഒപ്പം റാഗി, ഉണക്കി പൊടിച്ച ഏത്തക്കായ എന്നിവ കുറുക്കി നല്‍കാം. എന്തും നിങ്ങളുടെ ഡോക്ടറിനോട് ചോദിച്ചതിനുശേഷം മാത്രം കൊടുക്കുക.

ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് സാധാരണ നൽകാവുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

 ഒന്ന്...

കുറുക്കുകൾ ആണ് ആദ്യമായി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഒരു ധാന്യം കൊണ്ടുള്ള കുറുക്ക് വേണം കുഞ്ഞിന് ആദ്യം നല്‍കാന്‍. റാഗി കൊണ്ടുള്ള കുറുക്ക് കൊടുക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന് കാത്സ്യവും ഇരുമ്പും കിട്ടാന്‍ സഹായിക്കും. നേന്ത്രക്കായ ഉണങ്ങിപ്പൊടിച്ചതിൽ പനം കൽക്കണ്ട് ചേർത്ത് കുറുക്കി കൊടുക്കുന്നതും ഏറെ നല്ലതാണ്. പഞ്ചസാര കഴിവതും ഒഴിവാക്കുക. 

രണ്ട്..

ആദ്യമേ പഴച്ചാറുകളില്‍ നിന്ന് തുടങ്ങുന്നത് നല്ലതാണ്. നീരു പിഴിഞ്ഞെടുക്കാവുന്ന പഴങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കാം. ഓറഞ്ച് നീര് ഒരു പരിധി വരെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. അതുപോലെ മുന്തിരിയും നല്‍കാം. ഇവ കൈ കൊണ്ട് പിഴിഞ്ഞ് അരിച്ചെടുത്ത് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്. മുന്തിരി പോലുള്ള ഫലവർഗങ്ങൾ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകി മാത്രമേ ഉപയോഗിക്കാവൂ. ആപ്പിളിന്റെ തൊലി കളഞ്ഞ് മാർദവമായ ഭാഗം സ്പൂൺ വച്ച് ഇളക്കി കൊടുക്കാവുന്നതാണ്.

മൂന്ന്...

കിഴങ്ങ് വര്‍ഗങ്ങളിലെ അന്നജം കുഞ്ഞിന് നല്ലതാണ്. അതിനാല്‍ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവ വേവിച്ചുടച്ച് നല്‍കാം. 

നാല്...

പച്ചക്കറികള്‍ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. അതിനാല്‍ ക്യാരറ്റ്, ബീറ്റ്റൂട്ട്  എന്നിവ പുഴുങ്ങി ഉടച്ചു നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പച്ചക്കറികൾ സൂപ്പായും നൽകാം. 

Also Read: 'ഞാൻ ഈ പേപ്പർ ഒന്ന് കഴിച്ചോട്ടെ'; രസകരം ഈ വീഡിയോ

click me!