Weight Loss : വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന 'ഹെല്‍ത്തി' സലാഡ്...

By Web TeamFirst Published Sep 5, 2022, 10:27 AM IST
Highlights

പോഷകമൂല്യമുള്ള ചേരുവകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പല ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. എങ്കിലും ആദ്യമേ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യം, പ്രമേഹം നിയന്ത്രിക്കാം എന്നതിനൊപ്പം പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ചര്‍മ്മ പ്രശ്നങ്ങള്‍, പിസിഒഎസ്, തൈറോയ്ഡ് പ്രശ്നം, ഐബിഎസ് എന്നിവയുള്ളവര്‍ക്കെല്ലാം ഇത് ആശ്വാസം പകരും.

ആരോഗ്യകാര്യങ്ങളില്‍ മറ്റെന്തെല്ലാം ശ്രദ്ധിച്ചാലും ഭക്ഷണത്തില്‍ വയ്ക്കുന്ന ശ്രദ്ധ തന്നെയാണ് പ്രധാനമായും നമുക്ക് ഗുണകരമാവുക. വിവിധ അസുഖങ്ങള്‍, ആരോഗ്യാവസ്ഥകള്‍ എല്ലാം നിയന്ത്രിക്കുന്നതിനും അകറ്റിനിര്‍ത്തുന്നതിനുമെല്ലാം ഒരുപക്ഷെ മരുന്നിനെക്കാള്‍ അധികം ഉപകാരപ്പെടുക, ഭക്ഷണം തന്നെയാകാറുണ്ട്. 

എന്നാല്‍ ഭക്ഷണം അമിതമായി കഴിക്കാതെ, അത് മിതമായും ആരോഗ്യപ്രദമായതുമാകാനാണ് ഏറെയും കരുതേണ്ടത്. ശരീരഭാരം കൂടുന്നത് വീണ്ടും പലവിധത്തിലുള്ള ബുദ്ധിമുട്ടുകളിലേക്കുമാണ് നമ്മെ നയിക്കുക. 

വണ്ണം കുറയ്ക്കുമ്പോഴും വര്‍ക്കൗട്ടിനൊപ്പം തന്നെ ഡയറ്റിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്നവര്‍ക്ക് കഴിക്കാൻ അനുയോജ്യമായ ഒരു 'ഹെല്‍ത്തി' സലാഡിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് മാത്രമല്ല ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ പതിവായവര്‍ക്കും, പ്രമേഹമുളളവര്‍ക്കുമെല്ലാം ഒരുപോലെ ഉപകാരപ്രദമാകുന്ന സലാഡ് ആണിത്. കാരണം ഉദരരോഗങ്ങളുള്ളവര്‍ക്ക് ആശ്വാസം നല്‍കാനും, പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ഈ സലാഡ് സഹായകമാണ്. 

നമ്മുടെ മാര്‍ക്കറ്റുകളില്‍ എല്ലായ്പോഴും ലഭ്യമായിട്ടുള്ള പച്ചക്കറികളും പഴങ്ങളുമാണ് ആകെ ഇതിനാവശ്യമായി വരുന്നത്. സ്പിനാഷ്,  ബ്രൊക്കോളി, മാതളം, ആപ്പിള്‍, തക്കാളി, കക്കിരി, ഒലിവ് എന്നിവ ചേര്‍ത്താണ് സലാഡ് തയ്യാറാക്കുന്നത്. 

സ്പിനാഷ് ചെറുതായി വേവിച്ചോ അല്ലെങ്കില്‍ തീരെ ചെറുതായി അരിഞ്ഞോ ചേര്‍ക്കണം. ബ്രൊക്കോളി ഒന്ന് വഴറ്റിയെടുത്ത ശേഷമാണ് ചേര്‍ക്കേണ്ടത്. തക്കാളി, കക്കിരി, ആപ്പിള്‍,  ഒലിവ്  എന്നിവ ചെറുതാക്കി മുറിച്ച് ചേര്‍ക്കാം. മാതളം അങ്ങനെ തന്നെയും ചേര്‍ക്കാം. ഇനിയിതിലേക്ക് ആവശ്യമെങ്കില്‍ അല്‍പം ക്യാരറ്റ്, ബീൻസ്, അവക്കാഡോ എന്നിവയും കൂടി ചേര്‍ത്താല്‍ സലാഡ് ഒന്നുകൂടി സമ്പന്നമായി. ഉപ്പും കുരുമുളക് പൊടിയും സീസണിംഗിന് ഉപയോഗിക്കാം. 

ശേഷം, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍, രണ്ട് ടീസ്പൂണ്‍ എക്സ്ട്രാ വിര്‍ജിൻ ഒലിവ് ഒയില്‍ എന്നിവ കൂടി ചേര്‍ത്താല്‍ സലാഡ് തയ്യാര്‍. വേണ്ടവര്‍ക്ക് ടോഫു, നട്ട്സ്, സീഡ്സ് എന്നിവയും ഇതിലേക്ക് ചേര്‍ക്കാം. ഒരു നേരത്തെ ആഹാരമായാണ് ഈ സലാഡ് കണക്കാക്കേണ്ടത്.

പോഷകമൂല്യമുള്ള ചേരുവകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പല ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. എങ്കിലും ആദ്യമേ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യം, പ്രമേഹം നിയന്ത്രിക്കാം എന്നതിനൊപ്പം പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ചര്‍മ്മ പ്രശ്നങ്ങള്‍, പിസിഒഎസ്, തൈറോയ്ഡ് പ്രശ്നം, ഐബിഎസ് എന്നിവയുള്ളവര്‍ക്കെല്ലാം ഇത് ആശ്വാസം പകരും. ആരോഗ്യപ്രദമായ കൊഴുപ്പും ഫൈബറും വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയതാണ് ഈ 'ഹെല്‍ത്തി' സലാഡ്. 

Also Read:- വയര്‍ കൂടുന്നതിന് പിന്നിലെ ഒരു കാരണം; മിക്കവര്‍ക്കും അറിവില്ലാത്ത കാര്യം

tags
click me!