രണ്ട് മാമ്പഴത്തിന് 2.7 ലക്ഷം!; കളവ് പോകാതിരിക്കാന്‍ കാവല്‍ക്കാരെ വച്ച് കൃഷി...

By Web TeamFirst Published Jun 17, 2021, 8:23 PM IST
Highlights

നിറം മാത്രമല്ല, മധുരവും രുചിയുമെല്ലാം ഇതിന്റേത് ഏറെ സവിശേഷമാണ്. ഏറ്റവും കുറഞ്ഞത് 350 ഗ്രാമെങ്കിലും തൂക്കം വരും ഒരു മാമ്പഴത്തിന്. അത്രമാത്രം രുചികരമാണെന്നതിനാല്‍ തന്നെ രണ്ട് മാമ്പഴമടങ്ങിയ ഒരു കൂടയ്ക്ക് 8,600 രൂപ മുതല്‍ 2.7 ലക്ഷം വരെയെല്ലാം വില വരുമത്രേ

ഇന്ത്യക്കാര്‍ക്ക് മാമ്പഴത്തോടുള്ള പ്രിയം വളരെ പ്രശസ്തമാണ്. ഏറെ വ്യത്യസ്തതകളുള്ള പലയിനം മാമ്പഴങ്ങളും ഇന്ത്യയില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. ആഗോള മാര്‍ക്കറ്റില്‍ തന്നെ വലിയ രീതിയില്‍ 'ഡിമാന്‍ഡ്' ഉള്ള പല വകഭേദങ്ങളിലുള്ള മാമ്പഴങ്ങളും ഇക്കൂട്ടത്തിലുള്‍പ്പെടും. 

മാമ്പഴത്തിന്റെ മധുരം, വലിപ്പം, നിറം, ഘടന എന്നിവയെല്ലാമാണ് പ്രധാനമായും അതിന്റെ വിലയും നിലവാരലും നിര്‍ണയിക്കുന്നത്. അതനുസരിച്ച് സാധാരണക്കാര്‍ക്ക് വാങ്ങി കഴിക്കാവുന്ന മാമ്പഴങ്ങള്‍ മുതല്‍ പണക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളവ വരെ ഇതിലുള്‍പ്പെടുന്നു. ബഗ്നാപ്പള്ളി, അല്‍ഫോണ്‍സോ, ദസേരി തുടങ്ങി പല ഇനങ്ങളും ഇന്ത്യയ്ക്കകത്ത് ഏറെ പ്രചാരത്തിലുള്ളവയാണ്. 

എന്നാല്‍ ഇന്ത്യയില്‍ കൃഷി ചെയ്യപ്പെട്ടിട്ട് പോലും അത്ര പേര് കേട്ടിട്ടില്ലാത്തൊരു ഇനമാണ് 'മിയാസാകി' മാമ്പഴം. ലോകത്തിൽ വച്ചേറ്റവും രുചികരവും വിലയേറിയതുമായ മാമ്പഴമായി കരുതപ്പെടുന്ന ഇനമാണിത്. ജപ്പാനിലെ മിയാസാക്കിയില്‍ നിന്നാണ് ഈ ഇനത്തിന്റെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ജപ്പാനില്‍ തന്നെയാണ് ഇത് കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത്. പുറമേക്ക് ആപ്പിള്‍ പോലെ തോന്നിക്കുന്ന, അത്രയും ചുവപ്പ് നിറം പടര്‍ന്ന തൊലിയാണ് 'മിയാസാക്കി' മാമ്പഴത്തിന്റെ ഒരു പ്രത്യേകത. 

 

 

നിറം മാത്രമല്ല, മധുരവും രുചിയുമെല്ലാം ഇതിന്റേത് ഏറെ സവിശേഷമാണ്. ഏറ്റവും കുറഞ്ഞത് 350 ഗ്രാമെങ്കിലും തൂക്കം വരും ഒരു മാമ്പഴത്തിന്. അത്രമാത്രം രുചികരമാണെന്നതിനാല്‍ തന്നെ രണ്ട് മാമ്പഴമടങ്ങിയ ഒരു കൂടയ്ക്ക് 8,600 രൂപ മുതല്‍ 2.7 ലക്ഷം വരെയെല്ലാം വില വരുമത്രേ. ജപ്പാനിന് പുറമെ തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഇന്ത്യയിലും ഇതിന്റെ കൃഷിയുണ്ട്. 

ഇന്ത്യയില്‍ പ്രധാനമായും മദ്ധ്യപ്രദേശിലെ ജബല്‍പൂരിലാണ് 'മിയാസാകി' മാമ്പഴത്തിന്റെ കൃഷിയുള്ളത്. വിലപിടിപ്പുള്ള പഴമായതിനാല്‍ തന്നെ ഇതിന്റെ കൃഷിയും വെല്ലുവിളി നിറഞ്ഞതാണ്. ഈ മാമ്പഴം ജൈവികമായി ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഇത് കളവ് പോകാതെ സൂക്ഷിക്കുന്നതിന്. ജബല്‍പൂരില്‍ തന്നെ 'മിയാസാക്കി' മാമ്പഴം കൃഷി ചെയ്യപ്പെടുന്ന തോട്ടങ്ങളില്‍ കരുത്തരായ കാവല്‍ക്കാരും, കാവല്‍പട്ടികളുമെല്ലാം കള്ളന്മാരെ തുരത്താന്‍ തമ്പടിച്ചിരിക്കും. ഇക്കാരണം കൊണ്ടാകാം ഇതിന്റെ കൃഷി മറ്റ് പലയിടങ്ങളിലും വ്യാപകമല്ലാത്തതും, അല്ലെങ്കിലൊരു പക്ഷേ രഹസ്യമാക്കി വയ്ക്കുന്നതും. 

 

 

ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലാവധിയാണ് മിയാസാകി' മാമ്പഴത്തിന്റെ സീസണ്‍. ഇതില്‍ മെയ് മുതല്‍ ജൂണ്‍ വരെയുള്ള സമയത്തിനുള്ളില്‍ തന്നെ മിക്കവാറും മാമ്പഴവും വിറ്റഴിക്കപ്പെടും. അധികവും സമ്മാനമായി നല്‍കാനും അല്ലെങ്കില്‍ വിലയേറിയ വിഭവങ്ങള്‍ ചേര്‍ക്കാനുമെല്ലാമാണ് 'മിയാസാകി' മാമ്പഴം ഉപയോഗിക്കപ്പെടുന്നത്. 

Also Read:- മക്ഡൊണാള്‍സിന്‍റെ ചിക്കന്‍ നഗ്ഗെറ്റ് ലേലത്തില്‍ വിറ്റത് 73 ലക്ഷത്തിന് !...

click me!