ഡയറ്റില്‍ ഉള്‍പ്പെടുത്താം പോഷകങ്ങള്‍ അടങ്ങിയ ഈ വിത്തുകള്‍; അറിയാം ഗുണങ്ങള്‍...

By Web TeamFirst Published Oct 15, 2021, 11:14 AM IST
Highlights

വെറുതെ കഴിക്കാം എന്നതിന് പുറമെ ഇതിന് വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തില്‍ ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ ചില വിത്തുകളെ പരിചയപ്പെടാം. 

പോഷകങ്ങള്‍ അടങ്ങിയ വിത്തുകള്‍ (seeds) ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് (health) ഏറെ നല്ലതാണ്. വെറുതെ കഴിക്കാം എന്നതിന് പുറമെ ഇതിന് വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തില്‍ ഫൈബറും (fiber) മറ്റ് പോഷകങ്ങളും ( nutrients) അടങ്ങിയ ചില വിത്തുകളെ പരിചയപ്പെടാം. 

ഒന്ന്...

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.  ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. 

രണ്ട്...

മത്തന്‍ കുരു ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് മത്തന്‍ കുരു. മത്തന്‍ കുരുവിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം എല്ലുകളുടെ ബലത്തിന് ഏറെ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറ്ക്കാനും ഇതിന് കഴിവുണ്ട്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ മത്തന്‍ കുരു ഹൃദയാരോഗ്യത്തിനും ഉത്തമം ആണ്. കൂടാതെ സിങ്ക്, അയേണ്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, കെ എന്നിവയും മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്നു. 

മൂന്ന്...

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ശരീരഭാരം കുറയ്ക്കാനും മികച്ചകാണ്. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഫ്‌ളാക്‌സ് സീഡ് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും.  ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. അതിനാല്‍ മത്സ്യം  കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആരോഗ്യ ഭക്ഷണങ്ങളിൽ ഒന്നാണ് സൂര്യകാന്തി വിത്തുകൾ. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇവ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

അഞ്ച്...

പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ് തണ്ണിമത്തന്‍ കുരു. മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ തണ്ണിമത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഹൃദയാരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും സഹായകമാണ്. 

Also Read: കരുത്തും നീളവുമുള്ള തലമുടി; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!