പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിപെരുമ ഇനി യൂട്യൂബ് ചാനലിൽ

By Resmi SFirst Published May 29, 2021, 8:05 PM IST
Highlights

ഭക്ഷണത്തിൽ ചേർക്കുന്ന ചേരുവകളുടെ ക്യത്യമായ അളവും ആത്മസമര്‍പ്പണവും തന്നെയാണ് ഒരു പാചകക്കാരന് വേണ്ട രണ്ട് പ്രധാനപ്പെട്ട കഴിവുകളെന്ന് മോഹനൻ നമ്പൂതിരി പറയുന്നു. 

പ്രമുഖ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിപ്പെരുമ ആസ്വദിക്കാത്തവർ കേരളത്തിൽ കുറവായിരിക്കും. വിശക്കുന്ന വയറിന് അന്നം നൽകുന്നതിനെക്കാൾ പുണ്യം വേറെയില്ലെന്ന് വിശ്വസിക്കുന്ന മോഹനൻ നമ്പൂതിരി നിരവധി പേർക്കാണ് സദ്യ ഒരുക്കിയിട്ടുള്ളത്. മോഹനൻ നമ്പൂതിരിയുടെ സദ്യ അവിയലും സദ്യ സാമ്പാറും സദ്യ ചേമ്പ് കറിയുമെല്ലാം ഇനി നമുക്കും തയ്യാറാക്കാം.

മകൻ യദു പഴയിടത്തിന്റെ  'രുചി ബൈ യദുപഴയിടം' എന്ന യൂട്യൂബ് ചാനലിലൂടെയാണ് മോഹനൻ നമ്പൂതിരി പ്രിയ വിഭവങ്ങൾ പരിചയപ്പെടുത്തുന്നത്. യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഒരു വർഷത്തിന് മുകളിലായി. വ്യത്യസ്തമായ നാടൻ വിഭവങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്ന് മകൻ യദു പറയുന്നു.  

അധികം ആർക്കും അറിയാത്ത നാടൻ വിഭവങ്ങൾ ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ പരിചപ്പെടുത്താറുണ്ട്. അച്ഛൻ തന്നെയാണ് ഈ ആശയം മുന്നോട്ട് വച്ചതെന്നും യദു പറഞ്ഞു.

കേരളത്തിലെ വിവിധയിടങ്ങളിൽ സഞ്ചരിച്ച് നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നത് അച്ഛൻ മുന്നോട്ട് വച്ച ആശയമാണ്. ഈ അടുത്ത കാലത്താണ് അച്ഛന്റെ വിഭവങ്ങൾ ചാനലിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ കുറച്ച് കൂടി ആളുകൾ വീഡിയോകൾ കണ്ട് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ചാനലിന് ഒരു ലക്ഷത്തി ഇരുപതിനായിരം സബ്സ്ക്രൈബേഴ്സ് ഉണ്ടെന്നും യദു പറയുന്നു.

 

 

പലരും അച്ഛന്റെ വീഡിയോ കണ്ടു വിളിക്കാറുണ്ട്. അച്ഛന്റെ വിഭവങ്ങൾ തയ്യാറാക്കാറുണ്ടെന്നും കൂടുതൽ വിഭവങ്ങൾ ഇനിയും ഉൾപ്പെടുത്തണമെന്നും അഭിപ്രായം പറയുന്നവരുണ്ട്. നല്ലൊരു വരുമാനം കിട്ടുമെന്ന് പ്രതീക്ഷയോടെ തുടങ്ങിയതല്ല ഈ യൂട്യൂബ് ചാനല്ലെന്നും യദു പറഞ്ഞു.

വ്യത്യസ്ത ആശയം ഉൾപ്പെടുത്തി നാടൻ ഭക്ഷണങ്ങൾ ജനങ്ങളിലെത്തിക്കുക എന്നത് മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അച്ഛന്റെ വിഭവം ഉൾപ്പെടുത്താറുണ്ട്. ഓരോ വീഡിയോകളും ചെയ്യുമ്പോഴും ജനങ്ങൾക്ക് ഉപയോഗപെടണമെന്നാണ് അച്ഛൻ പറയാറുള്ളതെന്നും യദു പറഞ്ഞു.

'പാചകം ഒരു കലയാണ്....'

പാചകം ഒരു കലയാണ്. കണക്കുമായി അടുത്ത ബന്ധമുള്ള ഒരു മേഖലയാണിത്. പാചകത്തിൽ നമ്മൾ ചേർക്കുന്ന ഓരോ ചേരുവകളുടെ അളവിലും നാം ശ്രദ്ധിക്കണം. അതാണ് മികച്ചൊരു പാചകക്കാരനാക്കുന്നത്. ക്യത്യമായ അളവിൽ ക്യത്യമായ ചേരുവകൾ ചേർത്ത് പാചകം ചെയ്താൽ ഏത് കറിയും നന്നാകും. നമ്മൾ ചെയ്യുന്ന ഏത് ജോലിയും ആത്മസമര്‍പ്പണത്തോടെ ചെയ്താൽ അതിൽ വിജയിക്കാനാകുമെന്ന് മോഹനൻ നമ്പൂതിരി പറയുന്നു.

പണ്ടൊക്കെ അവസരങ്ങൾ കുറവാണ്. പാചകം മേഖലയിൽ കഴിവുള്ള നിരവധി പേർ മുൻപുണ്ടായിരുന്നു. എന്നാൽ അവസരം കിട്ടിയത് കൊണ്ട് മാത്രമാണ് ഇതുവരെ എത്തിച്ചേരാനായതെന്നും മോഹനൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് പറഞ്ഞു. 

 

 

ഭക്ഷണത്തിൽ ചേർക്കുന്ന ചേരുവകളുടെ ക്യത്യമായ അളവും ആത്മസമര്‍പ്പണവും തന്നെയാണ് ഒരു പാചകക്കാരന് വേണ്ട രണ്ട് പ്രധാനപ്പെട്ട കഴിവുകളെന്ന് മോഹനൻ നമ്പൂതിരി പറയുന്നു.

രുചി ഉറപ്പിക്കാൻ മസാലക്കൂട്ടുകൾ കൊണ്ടുമാത്രം സാധ്യമല്ല. ഉപയോഗിക്കുന്ന പച്ചക്കറികളുടെ ഗുണം വരെ പ്രധാനമാണെന്നും മോഹനൻ നമ്പൂതിരി പറയുന്നു. പാചകം എന്ന ഈ മേഖലയിൽ വന്നിട്ട് ഇപ്പോൾ 31 വർഷമായി. പാചകക്കാരനാകാൻ ആ​ഗ്രഹിച്ച ഒരാളായിരുന്നില്ല ഞാൻ. യാദൃശ്ചികമായാണ് ഈ മേഖലയിലേക്ക് എത്തുന്നത്.

കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇടയ്ക്ക് നാമ ജപമുണ്ടാകും. അപ്പോൾ ഭക്തർക്ക് ഭക്ഷണം തയ്യാറാക്കാൻ ക്ഷേത്രത്തിലെ ശാന്തി നിർബന്ധിച്ചു. കറികളൊക്കെ ഉണ്ടാക്കിയപ്പോൾ നല്ല രുചിയെന്ന് നാട്ടുകാർ അഭിപ്രായം പറഞ്ഞു. അതായിരുന്നു പാചകത്തിലേക്കുള്ള തുടക്കമെന്നും മോഹനൻ നമ്പൂതിരി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!