
പലതരം നിറങ്ങളിൽ പഴവർഗ്ഗങ്ങൾ ഉണ്ട്. ഇവ ഒരുമിച്ച് ടേബിളിൽ വയ്ക്കുമ്പോൾ ഒരു പ്രത്യേക ഭംഗി തന്നെയാണ് കാണാൻ. എന്നാൽ കാഴ്ച്ചയിൽ മാത്രമല്ല ഗുണങ്ങളിലും കേമന്മാരാണ് പഴവർഗ്ഗങ്ങൾ. നിറങ്ങൾ അനുസരിച്ച് പഴവർഗ്ഗങ്ങളുടെ പോഷക ഗുണങ്ങളും മാറുന്നു. അവ എന്തൊക്കെയാണെന്നും ഏതൊക്കെയാണെന്നും പരിചയപ്പെടാം.
പഴങ്ങൾക്ക് ചുവന്ന നിറം ലഭിക്കുന്നത് ലൈക്കോപീൻ, ഫ്ലേവനോയ്ഡ്, ആന്തോസയാനിൻ, കരോട്ടിനോയിഡ് തുടങ്ങിയ സംയുക്തങ്ങളിൽ നിന്നുമാണ്. ഇത് ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കുകയും, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെ ഹൃദയത്തിൻെറയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സ്ട്രോബെറി, തണ്ണിമത്തൻ, ചെറി, റാസ്പ്ബെറി, മാതളനാരങ്ങ തുടങ്ങിയ ചുവന്ന പഴങ്ങൾ കഴിക്കുന്നത് ചർമ്മത്തെയും, കണ്ണുകളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
കരോട്ടിനോയിഡുകളിൽ നിന്നുമാണ് പഴങ്ങൾക്ക് ഓറഞ്ചും മഞ്ഞയും നിറങ്ങൾ ലഭിക്കുന്നത്. ഈ നിറത്തിലുള്ള പഴങ്ങൾ ശരീരത്തിൽ എത്തുമ്പോൾ അവ വിറ്റാമിൻ എ ആയി മാറുന്നു. ഇത് കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും, പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു. മാങ്ങ, ഓറഞ്ച്, പപ്പായ, ആപ്രിക്കോട്ട്, പൈനാപ്പിൾ, യെല്ലോ മെലൺ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
പച്ച പഴങ്ങൾ
ഇതിൽ ക്ലോറോഫിൽ, ഇൻഡോൾ, വിറ്റാമിൻ ബി9 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലിന്റെയും കോശങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും, ക്യാൻസർ പ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കിവി, പച്ച ആപ്പിൾ, മുന്തിരി, അവോക്കാഡോ, പേരക്ക, തണ്ണിമത്തൻ, പച്ച പിയർ എന്നിവ അത്തരം പഴങ്ങളുടെ ഉദാഹരണങ്ങളാണ്.
പർപ്പിൾ, നീല നിറത്തിലുള്ള പഴങ്ങൾ
തലച്ചോറിന്റെ പ്രവർത്തനം, ഓർമ്മശക്തി, രക്തക്കുഴലുകളുടെ ഒഴുക്ക്, മന്ദഗതിയിലുള്ള വാർദ്ധക്യ പ്രക്രിയകൾ എന്നിവയെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് പർപ്പിൾ, നീല നിറത്തിലുള്ള പഴങ്ങൾ. ബ്ലൂബെറി, ബ്ലാക്ക്‌ബെറി, മുന്തിരി, പ്ലം തുടങ്ങിയ പഴങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കാൻ ഇതിന് സഹായിക്കും.
ഇളം, തവിട്ടുനിറത്തിലുള്ള പഴങ്ങൾ
പഴങ്ങളിൽ ഫ്ലേവനോയ്ഡുകൾ, അല്ലിസിൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കൊളെസ്റ്ററോൾ നിയന്ത്രണത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും സഹായിക്കുന്നു. വാഴപ്പഴം, പിയർ, വെളുത്ത പീച്ച്, ലിച്ചി, ഈത്തപ്പഴം, സപ്പോട്ട തുടങ്ങിയ പഴങ്ങൾ ഇതിൽ ഉൾപ്പെടുന്നു.