
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
നേന്ത്രപ്പഴം - 5 എണ്ണം
ശർക്കര - 500 ഗ്രാം
ഒന്നാം പാൽ - ഒന്നര കപ്പ്
രണ്ടാം പാൽ - 4 കപ്പ്
നെയ്യ് - 4 ടേബിൾസ്പൂൺ
ഉപ്പ് - ഒരു നുള്ള്
വെള്ളം - രണ്ട് കപ്പ്
ഏലയ്ക്കാ പൊടി ൃ ഒരു ടീസ്പൂൺ
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
തയ്യാറുക്കുന്ന വിധം
ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് ഉരുക്കി പാനിയാക്കി അരിച്ചെടുത്തു വെയ്ക്കണം. പഴം തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക. ഇനി ഒരു കുക്കർ എടുത്ത് അതിലേയ്ക്ക് പഴം മുറിച്ചതും ഒരു ടേബിൾസ്പൂൺ നെയ്യും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെയ്ക്കുക. കുക്കർ രണ്ട് വിസിൽ അടിച്ചാൽ സ്റ്റൗ ഓഫ് ചെയ്യാം. ഇനി കുക്കറിലെ പ്രഷർ പോയി കഴിഞ്ഞാൽ കുക്കർ തുറക്കാം. പഴം നന്നായി തണുത്തു വന്നാൽ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കണം. ഇനി ഒരു ഉരുളി വച്ച് സ്റ്റൗ ഓൺ ചെയ്യുക. ഉരുളി ചൂടായി വന്നാൽ രണ്ടു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. നെയ്യും ചൂടായി വന്നാൽ പഴം അരച്ചത് നെയ്യിലേയ്ക്കു ചേർക്കാം. ഇനി നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കണം. പഴത്തിലെ വെള്ളം എല്ലാം വറ്റി നെയ്യുമായി നന്നായി യോജിച്ചുവന്നാൽ ശർക്കര പാനി ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കണം. പഴവും ശർക്കര പാനിയും നന്നായി യോജിച്ചു വരുന്ന വരെ ഇളക്കി കൊടുക്കണം. നല്ലതുപോലെ യോജിച്ചു വന്നാൽ രണ്ടാം പാൽ ചേർത്ത് കൊടുക്കാം. നല്ലപോലെ മിക്സ് ചെയ്തു കൊടുക്കണം. ഇനി പാലും പഴവും ഒന്ന് മിക്സ് ആയി ഒന്ന് വറ്റി കുറുകി വരുന്ന വരെ ഇളക്കി കൊടുക്കണം. ഈ സമയത്തു ഒരു നുള്ള് ഉപ്പുകൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യണം. അതുപോലെ തന്നെ ഏലയ്ക്കാ പൊടി കൂടി ചേർത്ത് മിക്സ് ചെയ്തു കൊടുക്കണം. പായസം കുറുകി വന്നാൽ ഒന്നാം പാൽ ചേർത്ത് മിക്സ് ചെയ്യാം( ഒന്നാം പാൽ ഒന്ന് ചൂടായാൽ മതി). ഇനി കുറച്ചു സമയം പായസം ഒന്ന് ഇളക്കി കൊടുക്കണം. ശേഷം ഒരു ചീന ചട്ടി വച്ച് ചൂടാക്കി അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യും ചൂടായാൽ അതിലേയ്ക്ക് കശുവണ്ടി ചേർത്ത് വറുത്തു എടുത്തു പായസത്തിലേക്കു ചേർത്ത് കൊടുത്തു ഒന്ന് മിക്സ് ചെയ്യുക. ഇതോടെ ടേസ്റ്റി നേന്ത്രപ്പഴമ പ്രഥമൻ റെഡി.
Also read: വിഷുവിന് സദ്യയ്ക്കൊരുക്കാം സ്‌പെഷ്യൽ പുളിയിഞ്ചി; റെസിപ്പി