IPL 2022 : പ്രഖ്യാപനം മാത്രം ബാക്കി, എംബാപ്പെ റയല്‍ മാഡ്രിഡില്‍? ലെവന്‍ഡോസ്‌കിയെ വിടാതെ ബാഴ്‌സ

By Sajish AFirst Published May 18, 2022, 11:01 AM IST
Highlights

അടുത്ത നീക്കമെന്തെന്ന് സീസണിന് ശേഷം അറിയിക്കുമെന്നാണ് എംബാപ്പെ നേരത്തെ പറഞ്ഞിരുന്നത്. ഈ മാസം 21നാണ് ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ അവസാന മത്സരം.

മാഡ്രിഡ്: പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappe) റയല്‍ മാഡ്രിഡുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം താരക്കൈമാറ്റം പ്രഖ്യാപിക്കുമെന്ന് പ്രമുഖ യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് മാസമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയിലെത്തിയത്. പിഎസ്ജിയുമായി (PSG) താരത്തിന്റെ നിലവിലെ കരാര്‍ ജൂണില്‍ അവസാനിക്കും. 

അടുത്ത നീക്കമെന്തെന്ന് സീസണിന് ശേഷം അറിയിക്കുമെന്നാണ് എംബാപ്പെ നേരത്തെ പറഞ്ഞിരുന്നത്. ഈ മാസം 21നാണ് ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ അവസാന മത്സരം. ഈ മാസം 28നാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍. പിഎസ്ജിക്കായി, സീസണില്‍ എംബാപ്പെ 38 ഗോള്‍ നേടിയിരുന്നു. 

അതേസമയം, മറ്റൊരു പിഎസ്ജി സൂപ്പര്‍താരം ഏഞ്ചല്‍ ഡി മരിയ യുവന്റസിലേക്കെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. ഈ സീസണിനൊടുവില്‍ യുവന്റസുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പ് വച്ചേക്കും. ഏഴ് വര്‍ഷമായി പിഎസ്ജിയില്‍ കളിക്കുന്ന ഡി മരിയക്ക് ടീമുമായുള്ള കരാര്‍ അടുത്ത മാസം അവസാനിക്കും. പിഎസ്ജിക്കൊപ്പം അഞ്ച് ലീഗ് കിരീടമടക്കം 13 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 

2019-20 സീസണില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും ഡി മരിയ നിര്‍ണായക പങ്കുവഹിച്ചു. 294 മത്സരങ്ങളില്‍ 92 ഗോളും 118 അസിസ്റ്റുമാണ് ഡി മരിയയുടെ സന്പാദ്യം. 2015ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് ഡി മരിയ പിഎസ്ജിയിലെത്തിയത്.

ലെവന്‍ഡോസ്‌കി ബാഴ്‌സയിലേക്ക്?
 
ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ എങ്ങനെയും ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ. ഡച്ച് താരം മെംഫിസ് ഡിപെയെ കൂടി ഉള്‍പ്പെടുത്തിയുള്ള ഓഫറാണ് ബയേണിന് മുന്നില്‍ ബാഴ്‌സ വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം കരാര്‍ അവസാനിക്കും വരെ ലെവന്‍ഡോവ്‌സ്‌കിയെ നല്‍കില്ലെന്ന ബയേണിന്റെ തീരുമാനം മാറ്റാന്‍ ഓഫര്‍ ഉയര്‍ത്തുകയാണ് ബാഴ്‌സലോണ.

പ്രാഥമിക ചര്‍ച്ചയില്‍ 30 ദശലക്ഷം യൂറോയാണ് തീരുമാനിച്ചതെങ്കിലും 35 ദശലക്ഷം യൂറോ വരെ നല്‍കാന്‍ ബാഴ്‌സലോണ തയ്യാറാകും. ബയേണ്‍ വഴങ്ങിയില്ലെങ്കില്‍ മെംഫിസ് ഡിപെയെ പകരം നല്‍കാനാണ് ആലോചന.
 

click me!