
മഞ്ചേരി: സൂപ്പര്‍ ലീഗില്‍ കേരളത്തില്‍ ജയത്തോടെയാണ് മലപ്പുറം എഫ്‌സി അരങ്ങേറിയത്. തൃശൂര്‍ മാജിക്ക് എഫ്‌സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മലപ്പുറത്തിന്റെ ജയം. മലപ്പുറത്തിന്റെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 71-ാം മിനിറ്റില്‍ റോയ് കൃഷ്ണ നേടിയ ഗോളാണ് മലപ്പുറത്തിന് ജയമൊരുക്കിയത്. മലപ്പുറം പല തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഒരിക്കല്‍ മാത്രമാണ് വല കുലുക്കാന്‍ ടീമിന് സാധിച്ചത്. മലപ്പുറം എഫ്‌സിയുടെ സഹ ഉടമയും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണും മത്സരം കാണാന്‍ പയ്യനാട് എത്തിയിരുന്നു.
മത്സരത്തിന് ശേഷം ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കാനും സഞ്ജു മറന്നില്ല. സഞ്ജു വ്യക്തമാക്കിയതിങ്ങനെ... ''ഞാന്‍ ആദ്യമായിട്ടാണ് മലപ്പുറത്ത് വരുന്നത്. ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്റെ അച്ഛന്‍ ഫുട്‌ബോള്‍ താരമായിരുന്നു. അദ്ദേഹം മലപ്പുറത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തെ കുറിച്ചും ഉയര്‍ന്നുവരുന്ന താരങ്ങളെ കുറിച്ചുമെല്ലാം ഒരുപാട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറം എഫ്‌സിയുമായി ഒരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ടീം നന്നായി കളിച്ചു, ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. എന്നാല്‍ ജയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. തൃശൂരിനും നമ്മള്‍ ക്രഡിറ്റ് നല്‍കണം. അവരും നന്നായി കളിച്ചു.'' സഞ്ജു പറഞ്ഞു.
സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെ കുറിച്ചും സഞ്ജു സാംസാരിച്ചു. ''ഇവിടത്തെ വൈബ് എനിക്ക് ഇഷ്ടപ്പെട്ടു. താരങ്ങളുടെ അവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം. ഒരു ആരാധകന്‍ അല്ലെങ്കില്‍ ടീമിന്റെ സഹഉടമ എന്നുള്ളതില്‍ ഞാന്‍ ആഗ്രഹിച്ചതും ഇതുതന്നെയാണ്. ടീമിന്റെ പ്രകടനത്തില്‍ ഒരുപാട് സന്തോഷം. മത്സരം പുറത്തുനിന്ന് കാണുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതും നമ്മള്‍ പിന്തുണക്കുന്ന ടീമിന്റെ പ്രകടനം. എന്റെ ഹൃദയമിടിപ്പ് കുറച്ച് കൂടുതലായിരുന്നു.'' സഞ്ജു കൂട്ടിചേര്‍ത്തു.
ഏഷ്യാ കപ്പിനിടെ 'സഞ്ജു മോഹന്‍ലാല്‍ സാംസണ്‍' എന്ന് ആലങ്കാരികമായി കമന്റേറ്റര്‍മാര്‍ പറഞ്ഞതിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''അത് അവിടെ കഴിഞ്ഞു. എന്നെ സഞ്ജു സാംസണ്‍ എന്ന് വിളിക്കുന്നത് തന്നെയാണ് എനിക്കിഷ്ടം. ഞാനിപ്പോള്‍ വീണ്ടും സഞ്ജുവായി.'' ഇന്ത്യന്‍ താരം കൂട്ടിചേര്‍ത്തു. 12ന് കണ്ണൂര്‍ വാരിയേഴ്‌സിനെതിരെയാണ് മലപ്പുറം എഫ്‌സിയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!