
മാഡ്രിഡ്: സ്‌പെയിന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ താരങ്ങളുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ (എഗ്ഗ് ക്രയോപ്രിസര്‍വേഷന്‍) സ്‌പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (ആര്‍ എഫ് ഇ എഫ്) സൗകര്യമൊരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി കരാറില്‍ ഒപ്പുവെച്ചു. ഈ പ്രക്രിയക്ക് വേണ്ട എല്ലാ വിധ സാമ്പത്തിക സഹായവും സ്‌പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വഹിക്കും. ഉയര്‍ന്നതലത്തിലുള്ള പ്രൊഫഷണല്‍ കരിയറിലെ തിരക്കുകള്‍ വനിതാതാരങ്ങള്‍ക്ക് മാതൃത്വകാലം നഷ്ടമാക്കുന്നുവെന്ന ബോധ്യത്തിലാണ് സ്‌പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് വരുന്നത്.
ഇതൊരു വലിയ ചിന്താഗതിയാണെന്ന് രണ്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ ലണ്ടന്‍സിറ്റി ലയണസസ് ഫോര്‍വേഡ് അലക്‌സിയ പുട്ടെല്ലാസ് പറഞ്ഞു. മാതൃത്വത്തിനായുള്ള കാലഘട്ടം പോലും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കുന്നവരാണ് വനിതാ കായികതാരങ്ങള്‍. കരിയര്‍ നിര്‍ത്തിവെച്ച് അമ്മയാകാന്‍ സാധിക്കാത്ത സാഹചര്യം ഫെഡറേഷന്‍ തിരിച്ചറിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും അലക്‌സിയ പുട്ടെലാസ് പറഞ്ഞു. അമ്മയാകേണ്ടതിനാല്‍ പല വനിതാ താരങ്ങളും നേരത്തെ കരിയര്‍ അവസാനിപ്പിച്ചിരുന്നു. പിന്നീടിവര്‍ക്ക് ഗെയിമിലേക്ക് തിരിച്ചുവരാനും സാധിക്കില്ല. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാനുള്ള സഹായം ലഭ്യമാകുന്നതോടെ കരിയറിലെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും വനിതാ താരങ്ങള്‍ക്ക് മാതൃത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ കഴിയും.
അതേസമയം, ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്ന ആദ്യത്തെ സംഘടനയല്ല സ്‌പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍. 2021 ല്‍ അമേരിക്കയിലെ റേസിംഗ് ലൂയിസ് വില്ലെ ക്ലബ്ബ് ഇത്തരമൊരു ചികിത്സയ്‌ക്കായി ഒരു ക്ലിനിക്കുമായി കരാറൊപ്പിട്ടിരുന്നു. ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തങ്ങളുടെ തൊഴില്‍ നയങ്ങളില്‍ പ്രത്യുല്‍പാദന ചികിത്സാ സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് യുവേഫ (യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ യൂണിയന്‍) ശിപാര്‍ശ ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി ഒരു സ്വകാര്യ ക്ലിനിക്കുമായി കരാര്‍ ഉണ്ടാക്കുകയും വനിതാ ടീം അംഗങ്ങളുടെ അണ്ഡം ശീതീകരിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നതിനായി ഒരു ഫണ്ട് നീക്കിവെക്കുകയും ചെയ്‌തിട്ടുണ്ട്.
സമീപകാലത്ത് പ്രൊഫഷണല്‍ കായികരംഗത്ത് മാതൃത്വം എന്നത് വളരെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. വനിതകളെ സംബന്ധിച്ച് കരിയര്‍ തടസപ്പെടാതെ പ്രത്യുല്‍പാദനശേഷി സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള സൗകര്യം ഒരു കായിക ഫെഡറേഷന്‍ മുന്‍കൈയ്യെടുത്ത് നല്‍കുന്നത് എല്ലാ തലത്തിലും ചര്‍ച്ചയാവുകയാണ്. അതേസമയം, അണ്ഡം ശീതീകരിക്കുന്നതിനോ, ഇത് വഴിയുള്ള പ്രത്യുല്‍പാദന സാങ്കേതിക വിദ്യകള്‍ക്കോ പൊതുവായ മാനദണ്ഡങ്ങളോ പ്രോട്ടോക്കോളോ നിലവിലില്ല. ആന്റി ഡോപ്പിംഗ് ഏജന്‍സി(വാഡ)യാണ് ഈ വിഷയത്തില്‍ സുപ്രധാന അന്താരാഷ്ട്ര മാനദണ്ഡം നിശ്ചയിക്കേണ്ടത്. കാരണം, അണ്ഡോത്‌പാദനവുമായി ബന്ധപ്പെട്ട ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ നിരോധിക്കപ്പെട്ടവയാണ്. ഇത് ഉത്തേജകമരുന്നുപയോഗ പരിധിയില്‍ വരുന്നതിനാല്‍ വാഡയുടെ നിര്‍ദേശങ്ങള്‍ അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാനുള്ള ലിങ്ക് : https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!