പരിശീലകൻ ലിയോണൽ സ്കലോണിയുമായി താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എന്നാൽ മെസിയില്ലാതെ ഇനി കാര്യങ്ങൾ പഴയതുപോലെയാകില്ലെന്നും പരെഡെസ് കൂട്ടിച്ചേർത്തു.

ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ മതിയാക്കാനൊരുങ്ങി അര്‍ജന്‍റീന താരം ലിയാൻഡ്രോ പരെഡെസ്. ലോകകപ്പ് ഫൈനലിനുശേഷമുള്ള കൈയാങ്കളിയുടെ പേരില്‍ നിലവില്‍ 10 മത്സര വിലക്ക് നേരിടുന്ന ബോക ജൂനിയേഴ്സ് താരമായ പരഡ‍േസ് രാജ്യാന്തര ഫുട്ബോളിലേക്ക് മടങ്ങിയെത്തില്ലെന്നാണ് റിപ്പോര്‍ട്ട്. വിരമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് 32-കാരനായ പരഡെസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പരിശീലകൻ ലിയോണൽ സ്കലോണിയുമായി താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എന്നാൽ മെസിയില്ലാതെ ഇനി കാര്യങ്ങൾ പഴയതുപോലെയാകില്ലെന്നും പരെഡെസ് കൂട്ടിച്ചേർത്തു. ദേശീയ ടീമിൽ തുടരുക എന്നത് ഇനി പ്രയാസകരമായിരിക്കുമെന്നും പരിശീലകനുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് പരഡെസ് വ്യക്തമാക്കിയത്.

ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരെഡെസിന്‍റെ പ്രതികരണം. ലോകകപ്പ് ഫൈനലിൽ സ്പെയിനോട് അർജന്‍റീന തോറ്റതിന് പിന്നാലെ ഗ്രൗണ്ടിൽ നടന്ന സംഘർഷത്തിൽ പങ്കാളിയായതിനെ തുടർന്ന് ഫിഫ പരെഡെസിന് 10 മത്സരങ്ങളിൽ നിന്ന് വിലക്കും വലിയ തുക പിഴയും ചുമത്തിയിരുന്നു. സ്പാനിഷ് താരങ്ങളായ ഗാവി, എറിക് ഗാർസിയ എന്നിവരുമായുള്ള ഏറ്റുമുട്ടലാണ് പരെഡെസിന് തിരിച്ചടിയായത്.

Scroll to load tweet…

അതേസമയം, നായകൻ ലയണൽ മെസിയില്ലാതെ ഇറങ്ങുന്ന അർജന്‍റീന പുതിയൊരു യുഗത്തിലേക്കാണ് കടക്കുന്നത്. മെസിയുടെ അഭാവത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ പരിശീലകൻ സ്കലോണി നിർബന്ധിതനാകും. 21-കാരനായ യുവതാരം നികോ പാസ് ആയിരിക്കും ഇനി അർജന്‍റീനയുടെ മധ്യനിരയിൽ മെസിയുടെ പകരക്കാരനായി പ്രധാന പങ്ക് വഹിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക