റഷ്യൻ ഫസ്റ്റ് ലീഗിന്‍റെ ഒൻപതാം റൗണ്ടിൽ ഖിംകി അരീനയിൽ നടന്ന പോരാട്ടത്തിലായിരുന്നു ഈ അവിശ്വസനീയ നിമിഷം.

മോസ്കോ: തന്‍റെ സിഗ്നേച്ചർ ഫ്രണ്ട്-ഫ്ലിപ്പ് ത്രോ-ഇന്നിലൂടെ ആരാധകരെ വീണ്ടും അമ്പരപ്പിച്ച് റഷ്യൻ രണ്ടാം ഡിവിഷൻ ക്ലബ്ബായ സ്പാർട്ടക് കോസ്ട്രോമയുടെ ഇറാനിയൻ ഡിഫൻഡർ നാദെർ മുഹമ്മദി. റോട്ടർ വോൾഗോഗ്രാഡിനെതിരെ നടന്ന മത്സരത്തിൽ മുഹമ്മദിയുടെ അക്രോബാറ്റിക് ത്രോ-ഇൻ ഡിഫൻസീവ് വാളിനെയും മറികടന്ന് പെനാൽറ്റി ബോക്സിലേക്ക് എത്തിയപ്പോൾ നികോളായ് താരാസോവ് അത് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

ഈ ഗോളിൽ സ്പാർട്ടക് കോസ്ട്രോമ 1-0ന്റെ മിന്നും വിജയം സ്വന്തമാക്കി. റഷ്യൻ ഫസ്റ്റ് ലീഗിന്‍റെ ഒൻപതാം റൗണ്ടിൽ ഖിംകി അരീനയിൽ നടന്ന പോരാട്ടത്തിലായിരുന്നു ഈ അവിശ്വസനീയ നിമിഷം. മുഹമ്മദിയുടെ ദീർഘദൂര ഫ്ലിപ്പ്-ത്രോ ഭീഷണി ഒഴിവാക്കാൻ റോട്ടർ വോൾഗോഗ്രാഡ് കളിക്കാർ സൈഡ്‌ലൈനിന് സമീപം പ്രതിരോധ മതിൽ തീർത്തെങ്കിലും അതിനെയും മറികടന്നാണ് പന്ത് പെനാൽറ്റി ബോക്സിലേക്ക് റോക്കറ്റ് പോലെ പാഞ്ഞെത്തിയത്.

Scroll to load tweet…

മത്സരത്തിന്റെ 79-ാം മിനിറ്റിലായിരുന്നു ഈ തകർപ്പൻ ഗോൾ. മുഹമ്മദിയുടെ രണ്ടാമത്തെ ഫ്ലിപ്പ്-ത്രോ അസിസ്റ്റാണിത്. ജിംനാസ്റ്റിക്സ് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഇറാനിയൻ താരം കരിയറിൽ ഇതുവരെ ഈ പ്രത്യേക ശൈലിയിലൂടെ 10-ലധികം ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സ്റ്റോക്ക് സിറ്റിയുടെ മുൻ താരം റോറി ഡെലാപ്പിന്‍റെ പ്രസിദ്ധമായ മിസൈൽ ത്രോ-ഇന്നുകളോടാണ് ആരാധകർ ഇപ്പോൾ മുഹമ്മദിയുടെ കഴിവിനെ ഉപമിക്കുന്നത്. ഈ വിജയത്തോടെ സ്പാർട്ടക് കോസ്ട്രോമ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക