ഐഫോണ്‍ 11 പ്രോയെ വിന്‍റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍, എന്താണ് അര്‍ഥമാക്കുന്നത്?

Published : Jan 02, 2026, 12:20 PM IST
iPhone 11 Pro

Synopsis

റീടെയ്‌ല്‍ വില്‍പന അവസാനിപ്പിച്ച് അഞ്ച് വർഷത്തിൽ കൂടുതലും ഏഴ് വർഷത്തിൽ താഴെയും ആയ ഉൽപ്പന്നത്തെയാണ് വിന്‍റേജ് ആയി ആപ്പിൾ കണക്കാക്കുന്നത്. വിന്‍റേജ് ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍വ്വീസ് സേവനങ്ങള്‍ ഭാവിയില്‍ കുറയും. 

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി ഐഫോണ്‍ 11 പ്രോ സ്‌മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ചില ഉപകരണങ്ങള്‍ കൂടി 'വിന്‍റേജ്' പട്ടികയില്‍ ഉള്‍പ്പെടുത്തി. അവസാനമായി ഒരു ഉൽപ്പന്നം കമ്പനിയില്‍ നിന്ന് റീടെയ്‌ലായി വിറ്റഴിഞ്ഞ് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ആ ഗാഡ്‌ജറ്റ് മോഡലിനെ വിന്‍റേജ് ഗണത്തിലേക്ക് ആപ്പിള്‍ ചേര്‍ക്കുന്നത്. ഈ ഉപകരണങ്ങള്‍ അവസാന വില്‍പന കഴിഞ്ഞ് ഏഴ് വര്‍ഷം പിന്നിടുന്നതോടെ 'obsolete' എന്ന ഗണത്തിലേക്കും ആപ്പിള്‍ ചേര്‍ക്കും. ആപ്പിള്‍ വിന്‍റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഐഫോൺ 11 പ്രോ ഇപ്പോഴും ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റുകൾക്ക് യോഗ്യമായ ഫോണ്‍ മോഡലാണ് എന്ന പ്രത്യേകതയുണ്ട്. ഐഒഎസ് 26 പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഏറ്റവും പഴയ ഐഫോണുകളിൽ ഒന്നായി ഐഫോൺ 11 പ്രോ തുടരുന്നു.

ആപ്പിള്‍ വിന്‍റേജ് പട്ടികയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ ഉപകരണങ്ങള്‍

  • ഐഫോണ്‍ 11 പ്രോ
  • ആപ്പിള്‍ വാച്ച് സീരീസ് 5
  • 13-ഇഞ്ച് മാക്‌ബുക്ക് എയര്‍ (2020, ഇന്‍റല്‍)
  • ഐപാഡ് എയര്‍ (മൂന്നാം തലമുറ, സെല്ലുലാര്‍ മോഡല്‍)
  • ഐഫോണ്‍ 8 പ്ലസ് (128 ജിബി വേരിയന്‍റ്)

എന്താണ് വിന്‍റേജ് ലേബല്‍ കൊണ്ട് അര്‍ഥമാക്കുന്നത്?

റീടെയ്‌ല്‍ വില്‍പന അവസാനിപ്പിച്ച് അഞ്ച് വർഷത്തിൽ കൂടുതലും ഏഴ് വർഷത്തിൽ താഴെയും ആയ ഉൽപ്പന്നത്തെയാണ് വിന്‍റേജ് ആയി ആപ്പിൾ കണക്കാക്കുന്നത്. വിന്‍റേജ് ലിസ്റ്റിൽ ചേർത്തു എന്നതുകൊണ്ട്, ഒരു ഉപകരണം ഉടനടി പ്രവർത്തിക്കുന്നത് നിർത്തുമെന്നോ അതിന് ആപ്പിള്‍ നല്‍കുന്ന സോഫ്റ്റ്‌വെയർ പിന്തുണ നഷ്‌ടപ്പെടുമെന്നോ അർഥമില്ല. എന്നാല്‍ ഈ ഉപകരണങ്ങള്‍ക്ക് ലഭിക്കുന്ന ഔദ്യോഗിക സര്‍വീസ് സേവനങ്ങള്‍ വൈകാതെ അവസാനിച്ചേക്കാം എന്ന സൂചനയാണിത്. ഇപ്പോള്‍ വിന്‍റേജ് പട്ടികയില്‍ ചേര്‍ത്ത ഐഫോണ്‍ 11 പ്രോ, ആപ്പിള്‍ വാച്ച് സീരീസ് 5 എന്നിവയ്‌ക്കുള്ള ആപ്പിളിന്‍റെ സര്‍വീസ് സേവനങ്ങള്‍ ഇനി അധിക കാലം ലഭിക്കില്ല.

വിന്‍റേജ് ഗണത്തില്‍പ്പെടുന്ന ഉപകരണങ്ങൾക്ക് ഭാഗങ്ങള്‍ ലഭ്യമെങ്കില്‍ ആപ്പിളിന്‍റെ റിപ്പയറുകള്‍ക്ക് യോഗ്യതയുണ്ടായിരിക്കാം. എന്നാല്‍ ഉപകരണ ഭാഗങ്ങളുടെ ലഭ്യതയ്‌ക്ക് പുറമെ, ഓരോ പ്രദേശവും അനുസരിച്ച് അറ്റകുറ്റപ്പണികള്‍ ആപ്പിള്‍ 100 ശതമാനം ഉറപ്പുനല്‍കുന്നില്ല. അതേസമയം അവസാന വില്‍പന കഴിഞ്ഞ് ഏഴ് വര്‍ഷം പിന്നിട്ടാല്‍ obsolete പട്ടികയില്‍ ഇടംപിടിക്കുന്ന ഉപകരണങ്ങളുടെ ഹാര്‍ഡ്‌വെയര്‍ അറ്റകുറ്റപ്പണികളും റീപ്ലെയ്‌സ്‌മെന്‍റും ആപ്പിള്‍ പൂര്‍ണമായും അവസാനിപ്പിക്കാറാണ് പതിവ്. എന്നാല്‍ മാക് ലാപ്‌ടോപ്പുകള്‍ക്ക് അവസാന വില്‍പനയും കഴിഞ്ഞ് 10 വര്‍ഷത്തോളം ബാറ്ററി റിപ്പയര്‍ ആപ്പിള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനും ബാറ്ററിയുടെ ലഭ്യത പ്രധാനമാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഏത് ഐഫോണ്‍ വാങ്ങിയാലും വമ്പന്‍ ഓഫര്‍; അറിയാം ആപ്പിള്‍ ഡേയ്‌സ് സെയില്‍ ഡീലുകള്‍
കണ്ടന്‍റ് ക്രിയേറ്റര്‍മാരുടെ അടുത്ത തട്ടകം എക്‌സ്? യൂട്യൂബിനേക്കാള്‍ പ്രതിഫലം നല്‍കുമെന്ന സൂചനയുമായി മസ്‌ക്