പോക്കോ എക്സ്8, പോക്കോ എക്സ്8 പവർ എന്നീ പുതിയ സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 4ന് ഇന്ത്യയിൽ അവതരിപ്പിക്കും. 120Hz അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ ചിപ്പ്, 10000 എംഎഎച്ച് വരെയുള്ള ബാറ്ററി, 100 വാട്ട് ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ഹൈപ്പർഒഎസ് 3.0-ലാണ് ഈ ഫോണുകൾ പ്രവർത്തിക്കുക.

ന്ത്യൻ വിപണിയിൽ പുതിയ സ്‍മാർട്ട്ഫോണുകളുമായി പോക്കോ. പോക്കോ എക്സ്8 പവർ, പോക്കോ എക്സ്8 എന്നീ രണ്ട് മോഡലുകൾ സെപ്റ്റംബർ 4ന് ഇന്ത്യയിൽ അവതരിപ്പിക്കും. പോക്കോ എക്സ്8 പ്രോ, പോക്കോ എക്സ്8 പ്രോ മാക്സ് എന്നീ മോഡലുകൾക്ക് പിന്നാലെയാണ് പുതിയ ഫോണുകൾ എത്തുന്നത്. ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പോക്കോ എക്സ്8 പവർ, പോക്കോ എക്സ്8 എന്നീ ഫോണുകളുടെ പ്രധാന ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടു. രണ്ട് ഫോണുകളിലും ഒരേ വലുപ്പത്തിലുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകുന്നത്. 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും ഡിസ്പ്ലേയ്ക്കുണ്ട്.

സ്നാപ്ഡ്രാഗൺ ചിപ്പ്, 10,000 എംഎഎച്ച് ബാറ്ററി

പോക്കോ എക്സ്8 പവറിന് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്സെറ്റായിരിക്കും കരുത്തേകുക. ആൻടുടു ബെഞ്ച്മാർക്ക് പ്ലാറ്റ്ഫോമിൽ 10,00,000 പോയിന്റിലധികം സ്കോർ നേടാൻ ഫോണിന് കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. പോക്കോ എക്സ്8 പവറിൽ 8 ജിബി റാമാണ് നൽകുന്നത്. സാധാരണ എക്സ്8 മോഡലിലും 8 ജിബി റാം തന്നെയായിരിക്കും. രണ്ട് ഫോണുകളിലും 1.5കെ റെസല്യൂഷനുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകുന്നത്.

3500 നിറ്റ് വരെ ബ്രൈറ്റ്നസ്

12-ബിറ്റ് ഡിസ്പ്ലേയിൽ 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ്, 3500 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ10 പ്ലസ് പിന്തുണ, 68 ബില്യൺ നിറങ്ങൾ എന്നിവ ലഭിക്കും. ടി.യു.വി റെയിൻലാൻഡ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും വെറ്റ് ടച്ച് ഡിസ്പ്ലേ 2.0 സാങ്കേതികവിദ്യയും ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും രണ്ട് മോഡലുകളിലും ലഭിക്കും. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് പിന്തുണയും പോക്കോ എക്സ്8, എക്സ്8 പവർ ഫോണുകളിലുണ്ട്.

ഹൈപ്പർഒഎസ് 3.0, 6 വർഷം സുരക്ഷാ അപ്ഡേറ്റുകൾ

ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ഷവോമിയുടെ ഹൈപ്പർഒഎസ് 3.0 ആയിരിക്കും രണ്ട് ഫോണുകളിലും ലഭിക്കുക. നാല് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പോക്കോ എക്സ്8 ബ്ലാക്ക്, ഫിയറി ഓറഞ്ച്, ഫ്രോസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

100 വാട്ട് ഫാസ്റ്റ് ചാർജിംഗ്

ബാറ്ററി ശേഷിയുടെ കാര്യത്തിലും പോക്കോ എക്സ്8 സീരീസ് ശ്രദ്ധേയമാണ്. പോക്കോ എക്സ്8ൽ 9000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. 67 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്. അതേസമയം, പോക്കോ എക്സ്8 പവറിൽ 10000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 100 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് മറ്റൊരു പ്രധാന സവിശേഷത. രണ്ട് ഫോണുകളിലും 22.5 വാട്ട് വയേർഡ് റിവേഴ്സ് ചാർജിംഗ് സൗകര്യവും ലഭിക്കും.

സെപ്റ്റംബർ 4ന് ഇന്ത്യയിൽ ലോഞ്ച്

പോക്കോ എക്സ്8 പവറും പോക്കോ എക്സ്8യും സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്കാർട്ട് വഴിയായിരിക്കും രാജ്യത്ത് ഫോണുകളുടെ വിൽപ്പന. വില ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് ദിവസത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.