
കാലിഫോര്‍ണിയ: പുതുതായി പുറത്തിറക്കിയ ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളുടെയും ബാറ്ററി സ്പെസിഫിക്കേഷനുകൾ ആപ്പിൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മാക്റൂമേഴ്‌സിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ യൂറോപ്പിലെ വെബ്‌സൈറ്റിന്‍റെ പ്രൊഡക്‌ട് പേജിൽ ഡിവൈസുകളുടെ ബാറ്ററി ശേഷി പ്രസിദ്ധീകരിച്ചു. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ട ബാറ്ററി കരുത്തുകള്‍ ഇങ്ങനെയാണ്.
ഐഫോൺ 17ന് 3,692 എംഎഎച്ച് ബാറ്ററി ശേഷി ലഭിക്കുമെന്ന് മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 16-നേക്കാൾ 3.7 ശതമാനം കൂടുതൽ ആണിത്. ഐഫോൺ എയറിന് 3,149 എംഎഎച്ച് ബാറ്ററി ലഭിക്കും. അതേസമയം, ഐഫോൺ 17 പ്രോയ്ക്ക് 4,252 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഐഫോൺ 16 പ്രോയേക്കാൾ 18.7 ശതമാനം കൂടുതൽ ആണിത്. ഐഫോൺ 17 പ്രോ മാക്‌സിന് 5,088 എംഎഎച്ച് ബാറ്ററി ലഭിക്കും. ഇത് ഐഫോൺ 16 പ്രോ മാക്‌സിനേക്കാൾ 8.6 ശതമാനം കൂടുതൽ ആണ്.
ഐഫോൺ 17 സീരീസ് മോഡലുകളുടെ മേൽപ്പറഞ്ഞ ശേഷികൾ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റെഗുലേറ്ററി ഡാറ്റാബേസിൽ കണ്ടെത്തിയവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് മാക്‌റൂമേഴ്‌സ് വ്യക്തമാക്കുന്നു. എങ്കിലും ഇത് സിം കാർഡുകൾ ഉള്ള മോഡലുകൾക്ക് ഉള്ളതാണോ അതോ ഇ-സിം മാത്രമുള്ള മോഡലുകൾക്കാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
അതേസമയം, ഐഫോണ്‍ 17 സീരീസ് പ്രീ-ഓര്‍ഡറിന് മണിക്കൂറുകള്‍ മുമ്പ് കഴിഞ്ഞ ദിവസം ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ ഡൗണായിരുന്നു. എങ്കിലും പിന്നീട് കമ്പനി ഈ സ്‌മാര്‍ട്ട്‌ഫോണുകളുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് ശേഷമാണ് ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയുടെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ തുടങ്ങിയത്. ആപ്പിളിന്‍റെ ഇന്ത്യയിലെ സ്റ്റോറുകള്‍ വഴിയും ആമസോണ്‍ ഇന്ത്യ, ഫ്ലിപ്‌കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് എന്നിവ വഴിയും ഐഫോണ്‍ 17 മോഡലുകള്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം.
ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോറും വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വഴി പുത്തന്‍ സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവ പ്രീ-ഓര്‍ഡര്‍ ചെയ്യാം. നിങ്ങള്‍ക്ക് ആവശ്യമായ ഐഫോണ്‍ മോഡലും സ്റ്റോറേജും കളര്‍ ഓപ്ഷനും തെരഞ്ഞെടുത്ത ശേഷം യുപിഐ, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയോ ഇഎംഐ സൗകര്യമോ വഴി പേയ്‌മെന്‍റ് അടയ്‌ക്കാം.