
കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള നിരവധി ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സ്പൈവെയർ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആപ്പിൾ കമ്പനി. ചില മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി ഐഫോൺ ഉപയോക്താക്കൾ "മെർസിനറി സ്പൈവെയറിന്‍റെ" ഇരകളാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നൂറോളം രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ അറിയിപ്പുകൾ അയച്ചതായി കമ്പനി സ്ഥിരീകരിച്ചു. സൈബർ സുരക്ഷാ അപകട സാധ്യതകളെക്കുറിച്ച് പ്രത്യേകിച്ച്, സ്പൈവെയർ ക്യംപയിനുകളുമായി ബന്ധപ്പെട്ട് ഉപയോക്താക്കളെ അറിയിക്കാൻ കമ്പനി ഉപയോഗിക്കുന്ന ഔദ്യോഗിക മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഭാഗമാണ് ഈ അലേർട്ടുകൾ എന്ന് ആപ്പിൾ പറയുന്നു.
മുന്നറിയിപ്പ് ലഭിച്ചതായി വെളിപ്പെടുത്തിയ ഐഫോൺ ഉപയോക്താക്കളിൽ ഡച്ച് വലതുപക്ഷ കമന്‍റേറ്റർ ഇവാ വ്ലാർഡിംഗർബ്രൂക്ക്, ഓൺലൈൻ ഔട്ട്‌ലെറ്റ് ഫാൻപേജിലെ ഇറ്റാലിയൻ പത്രപ്രവർത്തകൻ സിറോ പെല്ലെഗ്രിനോ എന്നിവരും ഉൾപ്പെടുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിച്ചതായും അത് തന്നെ ഭയപ്പെടുത്താനോ നിശബ്‍ദമാക്കാനോ ഉള്ള ശ്രമമായി കാണുന്നുവെന്നും വ്ലാർഡിംഗർബ്രൂക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ഇമെയിൽ വഴിയും ടെക്സ്റ്റ് സന്ദേശം വഴിയും തന്നെ അറിയിച്ചതായി പെല്ലെഗ്രിനോ ഒരു കുറിപ്പിൽ സ്ഥിരീകരിച്ചു. ഇതൊരു തമാശയോ ഫിഷിംഗ് പദ്ധതിയോ അല്ലെന്നും പെല്ലെഗ്രിനോ വ്യക്തമാക്കി.
നിങ്ങളുടെ ഐഫോണിനെതിരെ ഒരു ടാർഗെറ്റഡ് മെർസണറി സ്പൈവെയർ ആക്രമണം കണ്ടെത്തി എന്നാണ് ആപ്പിളിന്‍റെ അറിയിപ്പിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത്. നിങ്ങൾ ആരാണ് എന്നതോ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെയോ അടിസ്ഥാനമാക്കിയായിരിക്കും ഈ ആക്രമണം എന്ന് ആപ്പിൾ പറയുന്നു. ഈ മുന്നറിയിപ്പ് 100 ശതമാനം തങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും ഈ മുന്നറിയിപ്പിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ദയവായി ഇത് ഗൗരവമായി എടുക്കണമെന്നും ആപ്പിൾ പറയുന്നു. ഈ ആക്രമണങ്ങൾ വളരെ കൃത്യമാണെന്നും അതായത് ഉപയോക്താക്കളെ ലക്ഷ്യമിടുന്നത് അവരുടെ ഐഡന്‍റിറ്റി തൊഴിൽ അല്ലെങ്കിൽ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾ മൂലമാണെന്നുമാണ് ആപ്പിൾ പറയുന്നത്.
വളരെ ഉയർന്ന സാങ്കേതിക തലത്തിലുള്ള സൈബർ ആക്രമണത്തിന് സാധ്യതയുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ ഔദ്യോഗിക 'ഭീഷണി അറിയിപ്പ് സംവിധാനം' വഴി മുന്നറിയിപ്പുകൾ അയയ്ക്കുന്നു. അത്തരമൊരു ആക്രമണം കണ്ടെത്തിയാൽ, ഉപയോക്താവിന് മൂന്ന് വിധത്തിൽ അറിയിപ്പ് ലഭിക്കും. ആപ്പിളിന്‍റെ വെബ്‌സൈറ്റിൽ (account.apple.com) സൈൻ ഇൻ ചെയ്യുമ്പോൾ മുകളിൽ പ്രദർശിപ്പിക്കുന്ന ഒരു മുന്നറിയിപ്പ്, ഇമെയിൽ വഴിയുള്ള ഒരു അറിയിപ്പ്, iMessage ആപ്പിലേക്ക് അയയ്ക്കുന്ന ഒരു അറിയിപ്പ് എന്നിവയാണ് ഈ മുന്നറിയിപ്പ് രീതികൾ. അതേസമയം ഇത് ആദ്യമായല്ല ആപ്പിൾ ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നത്. സമാനമായ സ്പൈവെയർ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള മുന്നറിയിപ്പുകൾ കമ്പനി മുമ്പ് നൽകിയിരുന്നു. 2024 ജൂലൈയിലും സമാനമായ അറിയിപ്പുകൾ അയച്ചിരുന്നു. എങ്കിലും ആ ക്യാംപയിന്‍റെ വിശദാംശങ്ങൾ ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്നു.
Read more: ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണ്‍ നിര്‍മ്മിക്കുക ഇന്ത്യയിലല്ല, നറുക്ക് ചൈനയ്ക്ക്- റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം