
സോള്‍: വരാനിരിക്കുന്ന ഗാലക്‌സി എസ്26 അൾട്രയില്‍ സാംസങ് വേറിട്ട സെന്‍സര്‍ ഉപയോഗിക്കുമെന്ന് സൂചന. മാറാൻ സാംസങ് ആലോചിക്കുന്നതായി റിപ്പോർട്ട്. മുൻ അൾട്ര മോഡലുകളിൽ ഉപയോഗിച്ചിരുന്ന സ്വന്തം ഐസോസെൽ സെൻസറുകൾക്ക് പകരം, 200 മെഗാപിക്സൽ സോണി സെൻസർ സാംസങ് ഉപയോഗിച്ചേക്കും എന്ന് അടുത്തിടെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ എന്ന ടിപ്‌സ്റ്റർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സോണി സെൻസർ വെറുമൊരു ക്യാമറ ഘടകം മാത്രമല്ലെന്നും 1/1.1-ഇഞ്ച് സെൻസർ വലുപ്പമുള്ള 200-മെഗാപിക്സൽ പവർഹൗസാണെന്നും ടിപ്‌സ്റ്റർ പറയുന്നു. സാംസങ്ങിന്‍റെ ഗാലക്‌സി എസ്25 അൾട്രയിൽ നിലവിൽ ഉപയോഗിക്കുന്ന 1/1.3-ഇഞ്ച് സെൻസറിൽ നിന്ന് ഇത് വലിയ അപ്‌ഗ്രേഡാണ്. സെൻസർ വലുപ്പത്തിലുള്ള വര്‍ധനവ് പ്രകാശത്തിന്‍റെ കാപ്‍ചറിംഗ് കൂടുതൽ വർധിപ്പിക്കും. ഇത് സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയെ കൂടുതൽ മികച്ചതാക്കും.
സ്മാർട്ട്‌ഫോൺ സെൻസറുകളുടെ മേഖലയിൽ, ഏകദേശം 1 ഇഞ്ച് സെൻസർ നേടുന്നത് അപൂർവമാണ്. നിലവിൽ ഷവോമി, വിവോ പോലുള്ള ബ്രാൻഡുകളുടെ പ്രീമിയം ഡിവൈസുകൾക്ക് മാത്രമേ ഇത് ലഭിക്കൂ. സാധാരണയായി അവ 50 മെഗാപിക്സലിൽ കൂടാറില്ല. മികവിന് പേരുകേട്ട സോണിയുടെ നൂതന സെൻസർ സാങ്കേതികവിദ്യയുടെ സംയോജനം, സാംസങ്ങിന് അതിന്‍റെ ഇമേജ് ഗുണനിലവാര കഴിവുകൾ നിലവിലെ പരിധിക്കപ്പുറം വികസിപ്പിക്കാനുള്ള അവസരം നൽകും.
കുറഞ്ഞ വെളിച്ചത്തിലും മെച്ചപ്പെട്ട പ്രകടനം, കൂടുതൽ നിറങ്ങൾ, കൂടുതൽ വ്യക്തതയുള്ള വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങൾ വലിയ സെൻസറുകൾ ഉറപ്പാക്കുന്നു. പ്രൊഫഷണൽ-ഗ്രേഡ് ഫോട്ടോഗ്രാഫിക്ക് മാത്രമല്ല, മികച്ച ഫോട്ടോ നിലവാരം തേടുന്ന ദൈനംദിന ഉപയോക്താക്കൾക്കും ഈ മെച്ചപ്പെടുത്തലുകൾ നിർണായകമാണ്. കൂടാതെ, വലിയ സെൻസർ പിടിച്ചെടുക്കുന്ന വർധിച്ച ഡാറ്റ എഐ നിയന്ത്രിത ഇമേജ് പ്രോസസിംഗ് വഴി കൂടുതൽ മെച്ചപ്പെടുത്താനും കഴിയും. അങ്ങനെ വെല്ലുവിളി നിറഞ്ഞ ലൈറ്റിംഗ് സാഹചര്യങ്ങളിൽ പോലും വൃത്തിയുള്ളതും കൂടുതൽ ഊർജ്ജസ്വലവുമായ ചിത്രങ്ങൾ വാഗ്ദാനം ചെയ്യുന്നു.
അതേസമയം, ഇത്രയും വലിയ ഒരു സെൻസർ സ്വീകരിക്കുന്നതിന് ഗാലക്സി എസ്26 അൾട്രയുടെ ഭൗതിക രൂപകൽപ്പനയിൽ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. ഇത് കൂടുതൽ വ്യക്തമായ ക്യാമറ ബമ്പിന് കാരണമായേക്കാം. എങ്കിലും സാംസങ് ഒരു മിനുസമാർന്ന ഡിസൈൻ നിലനിർത്താൻ പുതിയ ഒപ്റ്റിക്സ് സാങ്കേതികവിദ്യ വികസിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടുതന്നെ സോണി സെൻസറിലേക്കുള്ള മാറ്റത്തിൽ ചില സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സാംസങ് അതിന്‍റെ നിലവിലുള്ള ഐസോസെൽ സെൻസറുകളിൽ തന്നെ തുടരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ പങ്കാളിത്തം നടപ്പിലായാൽ, ഗാലക്‌സി എസ് സീരീസിന് അതൊരു വഴിത്തിരിവായിരിക്കും. ഒപ്പം സ്‍മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിക്ക് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യും.