
കാലിഫോര്‍ണിയ: സെപ്റ്റംബര്‍ മാസം പുറത്തിറങ്ങാനിരിക്കുകയാണ് ആപ്പിളിന്‍റെ പുത്തന്‍ ഐഫോണ്‍ 17 സീരീസ്. എ19 ചിപ്പില്‍ എത്തുന്ന ഈ നിര സ്‌മാര്‍ട്ട്‌ഫോണുകളെ കുറിച്ചുള്ള ലീക്കുകള്‍ സജീവമായിക്കഴിഞ്ഞു. ഈ ശ്രേണിയിലെ ഐഫോണ്‍ 17 സ്റ്റാന്‍ഡ്‌ഡേര്‍ഡ് മോഡലിന്‍റെതായി ‘ആപ്പിള്‍ ഹബ്’ പുറത്തുവിട്ടിരിക്കുന്ന ലീക്കുകള്‍ പരിശോധിക്കാം. എന്നാല്‍ ഈ വിവരങ്ങളൊന്നും ആപ്പിള്‍ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചവയല്ല.
ആപ്പിളിന്‍റെ ഐഫോണ്‍ 17 ലൈനപ്പിലെ ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ 6.3 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയോടെയാവും വരികയെന്ന് ആപ്പിള്‍ ഹബ് അവകാശപ്പെടുന്നു. 120 ഹെര്‍ട്സ് പ്രോ-മോഷന്‍ ഡിസ്‌പ്ലെയായിരിക്കും ഇത്. മുന്‍ഗാമിയായ ഐഫോണ്‍ 16-ലുണ്ടായിരുന്നത് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയായിരുന്നു. എ19 ചിപ്പായിരിക്കും ഐഫോണ്‍ 17ന്‍റെ മസ്‌തിഷ്‌കം. ഐഫോണ്‍ 16-ന്‍റെത് എ18 ചിപ്പായിരുന്നു. എട്ട് ജിബി റാമില്‍ വ്യത്യാസമുണ്ടാവില്ല. ഐഫോണ്‍ 17-ല്‍ 24 എംപിയുടെതായിരിക്കും സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ. അതേസമയം ഐഫോണ്‍ 16-ലെ സെല്‍ഫി ക്യാമറ 12 എംപിയുടേതായിരുന്നു. ഐഫോണ്‍ 17-ന്‍റെ പിന്‍ഭാഗത്ത് രണ്ട് റിയര്‍ ക്യാമറകളാവും ഉള്‍പ്പെടുത്തുക എന്നും ആപ്പിള്‍ ഹബിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവ എത്ര മെഗാപിക്‌സല്‍ വീതമുള്ളവയായിരിക്കുമെന്ന് വ്യക്തമല്ല. ഐഫോണ്‍ 16-ലെ റിയര്‍ ക്യാമറകള്‍ 48MP + 12MP-യുടേതായിരുന്നു.
ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഐഫോണ്‍ 17-ലുമുണ്ടാകും. ഫോണിന്‍റെ പിന്‍വശത്ത് കൃത്യം മധ്യഭാഗത്തായായിരിക്കും ആപ്പിളിന്‍റെ വിഖ്യാത ലോഗോ ഇടംപിടിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ വന്ന സൂചനകള്‍ പോലെ, ആപ്പിളിന്‍റെ സ്വന്തം വൈ-ഫൈ ചിപ്പായിരിക്കും ഐഫോണ്‍ 17-ല്‍ ഇടംപിടിക്കുക. ഐഫോണ്‍ 17ല്‍ 50 വാട്‌സിന്‍റെ മാഗ്‌സേഫ് ചാര്‍ജിംഗ് സംവിധാനവും പ്രതീക്ഷിക്കുന്നതായി ആപ്പിള്‍ ഹബ് അവകാശപ്പെടുന്നു.
ഐഫോണ്‍ 17 ശ്രേണിയില്‍ നാല് സ്‌മാര്‍ട്ട്‌ഫോണുകളാണ് ആപ്പിള്‍ പുറത്തിറക്കുക. സെപ്റ്റംബറില്‍ പ്രകാശനം ചെയ്യാനിരിക്കുന്ന ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണുള്ളത്. ഇതില്‍ ഐഫോണ്‍ 17 എയര്‍ ആപ്പിളിന്‍റെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലാണ്. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍ എന്ന വിശേഷണവുമായാണ് ഐഫോണ്‍ 17 എയര്‍ അവതരിക്കുക. 5.5 എംഎം കട്ടിയാണ് ഐഫോണ്‍ 17 എയറിന് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 16 പ്രോ 8.25 എംഎം കട്ടിയുള്ളതായിരിക്കുന്ന സ്ഥാനത്താണിത്.