എസ്-പെൻ ഹിഞ്ചിനകത്ത്! പുതിയ വിപ്ലവത്തിന് സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് 2

Published : May 12, 2026, 09:15 AM IST
Samsung-Galaxy Z-TriFold

Synopsis

സാംസങ്ങിന്‍റെ വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് 2 സ്മാർട്ട്ഫോണിൽ എസ്-പെൻ സ്റ്റൈലസിനായി ഹിഞ്ചിനകത്ത് പ്രത്യേക സ്ലോട്ട് ഉൾപ്പെടുത്തുമെന്ന് പുതിയ പേറ്റന്‍റ് വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ ഡിസൈൻ ഫോൾഡബിൾ ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ. 

സോള്‍: കൊറിയൻ ടെക്ക് ഭീമനായ സാംസങ്ങിന്‍റെ വരാനിരിക്കുന്ന ട്രൈ-ഫോൾഡ് സ്‍മാർട്ട്ഫോൺ ആയ സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് 2-വിനെ സംബന്ധിച്ച പുതിയ പേറ്റന്‍റ് വിവരങ്ങൾ ടെക് ലോകത്ത് വലിയ ചർച്ചയാകുകയാണ്. ഈ ഫോണിൽ എസ്-പെൻ സ്റ്റൈലസിനായി പ്രത്യേക സ്ലോട്ട് ഉൾപ്പെടുത്താനാണ് സാംസങ് പദ്ധതിയിടുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. സ്റ്റൈലസ് ഫോണിന്‍റെ ഹിഞ്ചിനകത്തുതന്നെ സൂക്ഷിക്കാൻ സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിലൂടെ ഉപയോക്താക്കൾക്ക് എസ്-പെൻ എപ്പോഴും കൈവശം വയ്ക്കാൻ കൂടുതൽ സൗകര്യമൊരുങ്ങും.

പുറത്തുവരുന്ന സൂചനകള്‍

പേറ്റന്‍റ് രേഖകൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സ്റ്റൈലസിന്‍റെ സ്ലോട്ട് ഫോണിന്‍റെ വലതുഭാഗത്തെ ഹിഞ്ചിന്‍റെ മധ്യത്തിലായിരിക്കും. ഫോൺ പൂർണ്ണമായി തുറക്കുമ്പോൾ സ്റ്റൈലസ് മധ്യഭാഗത്തും വലതുഭാഗത്തുമുള്ള ഫ്ലാപ്പുകൾക്കിടയിൽ കാണപ്പെടുമെന്നാണ് സൂചന. ഈ ഡിസൈൻ ആശയം അടിസ്ഥാനമാക്കി ലീക്കർമാർ തയ്യാറാക്കിയ റെൻഡറുകളിലും ഫോണിന് പർപ്പിൾ നിറഭേദം നൽകിയിരിക്കുന്നതായി കാണാം. കൂടാതെ, ഫോൾഡബിൾ സ്ക്രീന്‍റെ വലതുഭാഗത്ത് സെന്‍റർ ഹോൾ-പഞ്ച് ക്യാമറ ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് വിപണിയിൽ നിന്നു പിന്‍വലിച്ചുവെന്ന റിപ്പോർട്ടുകളും ശ്രദ്ധ നേടുകയാണ്. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ഈ ട്രൈ-ഫോൾഡ് മോഡൽ ദക്ഷിണ കൊറിയ, ചൈന, തായ്‌വാൻ, സിംഗപ്പൂർ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ആദ്യം ലഭ്യമായിരുന്നത്. പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുന്നതിനിടെ സാംസങ് ഈ മോഡലിന്‍റെ വിൽപ്പന നിർത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഗാലക്‌സി ഇസഡ് ട്രൈഫോൾഡ്: ഫീച്ചറുകള്‍

സാങ്കേതിക സവിശേഷതകളിൽ ഗാലക്‌സി ഇസഡ് ട്രൈഫോൾഡിന് 10 ഇഞ്ച് വലുപ്പമുള്ള QXGA+ ഡൈനാമിക് അമോലെഡ് 2X ഇന്നർ ഡിസ്പ്ലേയാണ് നൽകിയിരുന്നത്. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഇതിൽ ഉണ്ടായിരുന്നു. കൂടാതെ 6.5 ഇഞ്ച് ഫുൾ-HD+ കവർ ഡിസ്പ്ലേയും ഫോണിൽ ഉൾപ്പെടുത്തിയിരുന്നു. സ്‍നാപ്പ് ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗ്യാലക്‌സി പ്രോസസർ, 16 ജിബി റാം, 1 ടിബി വരെ സ്റ്റോറേജ് എന്നിവയും ഈ ഡിവൈസിന്‍റെ പ്രധാന സവിശേഷതകളാണ്. 5600 എംഎഎച്ച് ബാറ്ററിയും 45 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗും ഫോണിന് കരുത്തേകുന്നു. സാംസങ്ങിന്‍റെ അടുത്ത തലമുറ ട്രൈ-ഫോൾഡ് ഫോണിൽ എസ്-പെൻ ഹിഞ്ചിനകത്ത് ഉൾപ്പെടുത്തുന്ന ആശയം യാഥാർഥ്യമായാൽ, ഫോൾഡബിൾ സ്‍മാർട്ട്ഫോൺ വിപണിയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ടെക് വിദഗ്‌ധരുടെ വിലയിരുത്തൽ.

 

PREV
Read more Articles on
click me!

Recommended Stories

ട്രംപ് 'സ്വര്‍ണക്കട്ടി' കാട്ടി പറ്റിച്ചോ? ടി1 ഫോണ്‍ ഇതുവരെ ആര്‍ക്കും ലഭിച്ചില്ല, പ്രതിഷേധം ശക്തം
പോക്കറ്റ് കീറി ആളുകള്‍; ഇന്ത്യയില്‍ എന്തുകൊണ്ട് സ്‌മാര്‍ട്ട്‌ഫോണ്‍ വില കുതിച്ചുയരുന്നു?