വില്‍പ്പനയില്‍ ദുരന്തമായി ഗൂഗിള്‍ പിക്സല്‍; വേറെ വഴി ആലോചിച്ച് ഗൂഗിള്‍

By Web TeamFirst Published May 6, 2019, 9:33 AM IST
Highlights

മുന്‍പ് ആന്‍ഡ്രയോഡ് മേധാവിയായ പിച്ചൈയ്ക്ക് പിക്സല്‍ ഒരു വിജയം അല്ലെന്ന് പിടികിട്ടി. പിക്സല്‍ വില്‍പ്പനയില്‍ പിന്നോട്ട് പോയതോടെ പുതിയ വഴി ആലോചിക്കുകയാണ് ഗൂഗിള്‍ എന്നും റിപ്പോര്‍ട്ടുണ്ട്.

ക്യാമറയിലും പ്രവര്‍ത്തനത്തിലും വന്‍ അഭിപ്രായം നേടുന്ന ഫോണ്‍ ആണ് ഗൂഗിള്‍ പിക്‌സല്‍. എന്നാല്‍ വില്‍പ്പനയില്‍ ഒരു ദുരന്തമാണ് ഫോണ്‍ എന്നതാണ് സത്യം. ഇത് തുറന്ന് സമ്മതിക്കുകയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്നെ. മുന്‍പ് ആന്‍ഡ്രയോഡ് മേധാവിയായ പിച്ചൈയ്ക്ക് പിക്സല്‍ ഒരു വിജയം അല്ലെന്ന് പിടികിട്ടി. പിക്സല്‍ വില്‍പ്പനയില്‍ പിന്നോട്ട് പോയതോടെ പുതിയ വഴി ആലോചിക്കുകയാണ് ഗൂഗിള്‍ എന്നും റിപ്പോര്‍ട്ടുണ്ട്.

മറ്റു മിക്ക പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളെയും പോലെ ഗൂഗിളും വില്‍പനയില്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. 2019ന്‍റെ ആദ്യപാദത്തില്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകള്‍ക്കൊപ്പം പിക്‌സല്‍ മോഡലുകളുടെയും വില്‍പന കുറഞ്ഞു. തങ്ങളുടെ ഓഹരിയുടമകളോട്, ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ കമ്പനിയുടെ വരുമാനത്തെ കുറിച്ചു സംസാരിക്കവെയാണ് പിക്‌സല്‍ ഫോണുകളുടെ വില്‍പന കുറഞ്ഞ കാര്യം സുന്ദര്‍ പിച്ചൈ സൂചിപ്പിച്ചത്. 

വില്‍പ്പന കുറഞ്ഞതിന് പ്രത്യേക കരാണമൊന്നും പറയാതെ ഒഴുക്കനായി എതിര്‍കാറ്റാണ് ആണ് പ്രശ്‌നമെന്നാണ് സുന്ദര്‍ പിച്ചൈ പറഞ്ഞത്. ഫോണ്‍ വ്യവസായത്തിനു മുഴുവന്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട് എന്നാണ് അദ്ദേഹം നിക്ഷേപകരെ ധരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. അതില്‍ വാസ്തവം ഉണ്ടെങ്കിലും ഗൂഗിളിന്‍റെതായ പല പ്രശ്‌നങ്ങളും പിക്‌സല്‍ ഫോണ്‍ വില്‍പനയ്ക്ക് വിലങ്ങുതടിയാകുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ആപ്പിള്‍ സ്വന്തം സോഫ്റ്റ്‌വെയറായ ഐഒഎസ് ഉപയോഗിച്ച് ഫോണ്‍ നിര്‍മിച്ചു വില്‍ക്കുന്നു. എന്നാല്‍, ഗൂഗിള്‍ തങ്ങളുടെ സോഫ്റ്റ്‌വെയറായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് ഫോണുകള്‍ നിര്‍മിക്കാന്‍ സാംസങ്, നോക്കിയ, എല്‍ജി, വാവെയ്, സോണി തുടങ്ങിയ കമ്പനികളെ അനുവദിച്ചിരിക്കുന്നു. സ്വന്തം ഫോണ്‍ നിര്‍മിക്കുന്ന കാര്യം വരുമ്പോള്‍ ഗൂഗിളിന് ഹാര്‍ഡ്‌വെയര്‍ വാങ്ങാന്‍ ഇതില്‍ ചില കമ്പനികളെ തന്നെ ആശ്രയിക്കേണ്ടതായും വരുന്നു. ചുരുക്കി പറഞ്ഞാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളോടു തന്നെ ഗൂഗിളിനു മത്സരിക്കേണ്ടിവരുന്നു എന്നതാണ് വിപണിയില്‍ ഇവര്‍ നേരിടുന്ന ഒരു വെല്ലുവിളി.

ഒപ്പം ഏറ്റവും രസകരമായ കാര്യം പിന്നില്‍ ഇരട്ടയും, നാലും ക്യാമറവരെ വച്ച് ഫോണുകള്‍ ഇറങ്ങുന്നു. ഇതേ സമയം ഗൂഗിളാണ് ഇപ്പോഴും ഫോണുകള്‍ക്ക് ഒറ്റ പിന്‍ ക്യാമറ മതിയെന്നു പറയുന്ന ലോകത്തിലെ ഏക ഫോണ്‍ നിര്‍മ്മാതാക്കള്‍. ഇത് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നെയില്ല. കൂടിയ വിലയും ഈ ഫോണ്‍ വാങ്ങുന്നതില്‍ നിന്നും സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ അകറ്റുന്നു.

ഇതേ സമയം  പിക്സല്‍ വില്‍പ്പനയില്‍ പിന്നോട്ട് പോയതോടെ പുതിയ വഴിയായി അധികം താമസിയാതെ രണ്ടു വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍ എന്നിങ്ങനെയാകാം അവയുടെ പേരുകള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടക്ക മോഡലിന്റെ വില 400 ഡോളറായിരിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍ ചൈനീസ് ബ്രാന്‍റുകള്‍ കൈയ്യടക്കിയ ചെറിയ വില സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഗൂഗിളിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നത് വലിയ ചോദ്യമാണ്.

click me!