കപ്പാസിറ്റി 8400 എംഎഎച്ച് വരെ; സ്‍മാർട്ട്ഫോണുകൾക്ക് വലിയ ബാറ്ററി ശേഷി നൽകാൻ ഹോണർ

Published : Jul 21, 2025, 02:02 PM ISTUpdated : Jul 21, 2025, 03:03 PM IST
Honor X70

Synopsis

ഹോണർ അതിന്‍റെ മിഡ്-റേഞ്ച്, ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ബാറ്ററി ശേഷി വർധിപ്പിക്കാനൊരുങ്ങുന്നു, വിശദാംശങ്ങള്‍ പുറത്ത്

ബെയ്‌ജിംഗ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ഹോണർ അതിന്‍റെ ബാറ്ററി ശേഷി വർധിപ്പിക്കുകയാണെന്ന് റിപ്പോർട്ട്. 8,000 എംഎഎച്ച് ബാറ്ററിയുമായി ഏപ്രിലിൽ ഹോണർ പവർ ലോഞ്ച് ചെയ്‌തിരുന്നു. പുതുതായി പുറത്തിറക്കിയ ഹോണർ എക്സ്70-ൽ 8,300 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയും ലഭിക്കുന്നു. ഹോണര്‍ ഭാവി ഹാന്‍ഡ്‌സെറ്റ് മോഡലുകളിൽ ബാറ്റി ശേഷി ഇനിയും കൂടുതൽ വർധിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോയിലെ പോസ്റ്റിൽ ആണ് ഇക്കാര്യം അവകാശപ്പെട്ടത്. ഹോണർ അതിന്‍റെ മിഡ്-റേഞ്ച്, ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ബാറ്ററി ശേഷി വർധിപ്പിക്കാൻ ശ്രമിക്കുമെന്നാണ് ടിപ്സ്റ്റർ പറയുന്നത്. ഹോണറിന്‍റെ ഫ്ലാഗ്ഷിപ്പ് നിരയിൽ 7,020 എംഎഎച്ച് മുതൽ 7,200 എംഎഎച്ച് വരെയുള്ള ബാറ്ററികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ 8,200 എംഎഎച്ച് മുതൽ 8,400 എംഎഎച്ച് വരെയുള്ള ബാറ്ററികൾ വാഗ്ദാനം ചെയ്യാൻ ഹോണറിന് കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ ഉയർന്ന ശേഷിയുള്ള ബാറ്ററികൾ മിഡ്-റേഞ്ച് അല്ലെങ്കിൽ ഫ്ലാഗ്ഷിപ്പ് ഹോണർ ഹാൻഡ്‌സെറ്റുകളിൽ എപ്പോൾ എത്തുമെന്ന് ടിപ്‌സ്റ്റർ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം അവസാനത്തോടെയോ ഒരുപക്ഷേ 2026-ലോ ഈ അപ്‌ഗ്രേഡ് വരുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2025 ഏപ്രിലിൽ ഹോണർ 8,000 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയുമായി ഹോണർ പവർ പുറത്തിറക്കി. അതേസമയം, കഴിഞ്ഞ ആഴ്ച 8,300 എംഎഎച്ച് ബാറ്ററിയുമായി ഹോണർ എക്സ്70 ചൈനയിൽ അവതരിപ്പിച്ചു. ഇതിന് 80 വാട്സ് വയർഡ് ചാർജിംഗ് പിന്തുണ ലഭിക്കുന്നു. കൂടാതെ ഫോണിന്‍റെ 12 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പ് 80 വാട്‌സ് വരെ വയർലെസ് ഫാസ്റ്റ് ചാർജിംഗും വയർലെസ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഹോണർ മാജിക് വി5 ഫോൾഡബിൾ സ്‌മാര്‍ട്ട്‌ഫോണിന്‍റെ 16 ജിബി റാം + 1 ടിബി സ്റ്റോറേജ് വേരിയന്‍റിൽ 6,100 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

ഈ വർഷം നിരവധി സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാൻഡുകൾ വലിയ ബാറ്ററി ശേഷിയുള്ള ഹാൻഡ്‌സെറ്റുകൾ അവതരിപ്പിച്ചിരുന്നു. റിയൽമി ജിടി 7, റിയൽമി ജിടി 7 ടി എന്നിവ 120 വാട്സ് ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററികളാണ് നൽകുന്നത്. ഓപ്പോയുടെ കെ13 5ജി-യും ഇതേ ബാറ്ററി ശേഷി വാഗ്‍ദാനം ചെയ്യുന്നു. അതേസമയം റെഡ്‍മി ടർബോ 4 പ്രോയ്ക്ക് 7,550 എംഎഎച്ച് ബാറ്ററിയുണ്ട്. ഈ സാഹചര്യത്തിൽ ബാറ്ററി ശേഷി ഉയർത്താനുള്ള ഹോണറിന്‍റെ നീക്കം ശ്രദ്ധേയമാണ്.

 

PREV
8400mAh
ഹോണര്‍ ബാറ്ററി കപ്പാസിറ്റി കൂട്ടുന്നു
8400 എംഎഎച്ച് വരെ ബാറ്ററിയുള്ള ഫോണുകള്‍ അവതരിപ്പിക്കാന്‍ ഹോണര്‍
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി