ഐഫോൺ 17ഇ ആപ്പിളിന്‍റെ പുതിയ അത്ഭുതം? പ്രതീക്ഷിക്കുന്ന വില

Published : Feb 16, 2026, 01:26 PM IST
iPhone 16e

Synopsis

അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ, പുതിയ ബജറ്റ് ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 17ഇ ഉടൻ പുറത്തിറക്കുമെന്ന് സൂചന. ലോഞ്ചിന് മുമ്പേ ഫോണിന്‍റെ വില, 6.1 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീൻ, എ19 ചിപ്പ്, 48എംപി ക്യാമറ തുടങ്ങിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കാലിഫോര്‍ണിയ: അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഈ ആഴ്‌ച പുതിയ ബജറ്റ് സൗഹാര്‍ദ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോണായ ഐഫോൺ 17ഇ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ ഫോണിനെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോഞ്ച് തീയതി മുതൽ വിലയും സവിശേഷതകളും ഉൾപ്പെടെയുള്ള നിരവധി അഭ്യൂഹങ്ങളാണ് ഐഫോണ്‍ 17ഇയെ സംബന്ധിച്ച് ടെക് ലോകത്ത് പ്രചരിക്കുന്നത്.

ഐഫോൺ 17ഇ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

ഐഫോൺ 17ഇ ഫെബ്രുവരി 19-ന് പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് ഒരു റിപ്പോര്‍ട്ട്. പ്രത്യേക ലോഞ്ച് ഇവന്‍റ് നടത്താതെ, ഒരു പ്രസ്‌താവനയിലൂടെ ഐഫോണ്‍ 17ഇയുടെ അവതരണം നടത്താനാണ് ആപ്പിള്‍ കമ്പനി പദ്ധതിയിടുന്നതെന്നാണ് ഈ അഭ്യൂഹം. മുൻവർഷങ്ങളിൽ ചില ഐഫോണ്‍ മോഡലുകൾക്ക് കമ്പനി സ്വീകരിച്ച സമാനമായ രീതിയാണിത്. മുന്‍ഗാമിയായ ഐഫോണ്‍ 16ഇയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 17ഇ ഫോണിന്‍റെ വിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ് പ്രതീക്ഷ. ആഗോള വിപണിയിൽ 599 യുഎസ് ഡോളറിലും ഇന്ത്യയിൽ ഏകദേശം 59,900 രൂപ മുതലും ഐഫോണ്‍ 17ഇയുടെ വില ആരംഭിക്കാനാണ് സാധ്യത. മെമ്മറി ചിപ് ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ വർഷത്തെ വില തന്നെ തുടരുമെന്നതാണ് ശ്രദ്ധേയം.

ഐഫോണ്‍ 17ഇ ഫോണില്‍ 6.1 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ തന്നെയായിരിക്കും ഉപയോഗിക്കുക. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് ഈ സ്‌ക്രീനിന് പ്രതീക്ഷിക്കുന്നത്. പ്രോ മോഡലുകളിൽ ഉള്ള പ്രോമോഷൻ സവിശേഷതയും ഓൾവേയ്‌ഡ് ഓൺ ഡിസ്പ്ലേ സൗകര്യവും ഈ മോഡലിൽ ഉണ്ടാകില്ല. എന്നാൽ പഴയ നോച്ചിന് പകരം ഡൈനാമിക് ഐലൻഡ് ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. പ്രോസസർ ഭാഗത്ത് എ19 ചിപ്പാണ് ഐഫോണ്‍ 17ഇയില്‍ പ്രതീക്ഷിക്കുന്നത്. 3nm N3P പ്രോസസ്സിൽ നിർമ്മിച്ചതായിരിക്കും ഇത്. സാധാരണ ഐഫോൺ 17-ൽ കാണുന്ന ചിപ്പിന്‍റെ കുറച്ച് ഡൗൺക്ലോക്ക്ഡ് പതിപ്പായിരിക്കാം എന്നാണു റിപ്പോർട്ട്. 8 ജിബി റാം പിന്തുണയും ഉണ്ടാകും. മുൻതലമുറയേക്കാൾ അഞ്ച് മുതൽ 10 ശതമാനം വരെ പ്രകടന മെച്ചപ്പെടുത്തൽ ഉണ്ടാകുമെന്ന് കരുതുന്നു. പുതിയ ന്യൂറൽ എൻജിൻ സംവിധാനത്തോടെ എഐ അധിഷ്ഠിത ഫീച്ചറുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകും.

ഐഫോണ്‍ 17ഇയുടെ ക്യാമറയില്‍ അപ്‌ഗ്രേഡുണ്ടാകുമോ?

ഐഫോണ്‍ 17ഇയുടെ ക്യാമറ വിഭാഗത്തില്‍ 48എംപി സിംഗിൾ വൈഡ് ആംഗിൾ ലെൻസ് ആണ് പ്രതീക്ഷിക്കുന്നത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള മുന്‍ക്യാമറ 18-മെഗാപിക്‌സലിന്‍റെത് ആയിരിക്കും. മാഗ്സേഫ് പിന്തുണയും 15 വാട്‌സ് വരെ ചാർജിംഗ് വേഗതയും ഇതില്‍ ഉൾപ്പെടും. കൂടാതെ പുതിയ C1X മോഡം ഉപയോഗിച്ച് കൂടുതൽ വേഗതയേറിയ കണക്റ്റിവിറ്റിയും ലഭ്യമാകും. ആകെക്കൂടി നോക്കുമ്പോൾ, കുറഞ്ഞ വിലയിൽ ആധുനിക സവിശേഷതകൾ ഉൾക്കൊള്ളുന്ന മോഡലായി ഐഫോൺ 17ഇ മാറാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഫോണ്‍ 17ഇയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.

 

PREV
Read more Articles on
click me!

Recommended Stories

40000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഗെയിമിംഗ് ഫോണുകള്‍
25000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച സ്‍മാർട്ട്‌ഫോണുകൾ