
ആപ്പിളിന്റെ പുതിയ ഐഫോൺ നിരയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ഇതിനകം അവതരിപ്പിച്ചെങ്കിലും സാധാരണ ഐഫോൺ 18നെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ ഐഫോൺ അവതരിപ്പിക്കുന്ന രീതിയിൽ ആപ്പിൾ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 2026ൽ പുറത്തിറങ്ങേണ്ടിയിരുന്ന സാധാരണ മോഡൽ 2027 മാർച്ചിലേക്ക് മാറ്റിയേക്കും. പുതിയ 2 നാനോമീറ്റർ എ20 ചിപ്പ്, കൂടുതൽ റാം, മെച്ചപ്പെട്ട ബാറ്ററി കാര്യക്ഷമത എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകളായി പുറത്തുവരുന്ന സൂചനകൾ. എന്നാൽ ക്യാമറയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 18നെക്കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ അറിയാം.
2026 സെപ്റ്റംബറിലെ ചടങ്ങിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയും അവതരിപ്പിച്ചിരുന്നു. എന്നാൽ സാധാരണ ഐഫോൺ 18 ഈ പട്ടികയിലുണ്ടായിരുന്നില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം 2027 മാർച്ചിലായിരിക്കും ഐഫോൺ 18 വിപണിയിലെത്തുക. ഐഫോൺ 18ഇ, രണ്ടാം തലമുറ ഐഫോൺ എയർ എന്നിവയ്‌ക്കൊപ്പമായിരിക്കാം ലോഞ്ച്. ആപ്പിൾ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഐഫോൺ 18 വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വിലയുടെ കാര്യത്തിലും നിരാശയുണ്ടായേക്കാം. ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ഫോണിന്റെ അടിസ്ഥാന വില 100 ഡോളർ വർധിച്ച് 999 ഡോളറിലെത്തിയേക്കും. ഇന്ത്യയിൽ ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും വിലയെന്നാണ് സൂചന. ഐഫോൺ 17 അമേരിക്കയിൽ 799 ഡോളറിനായിരുന്നു ആദ്യം അവതരിപ്പിച്ചത്. എന്നാൽ 2026 സെപ്റ്റംബറിൽ വില 100 ഡോളർ വർധിപ്പിച്ചു. ഇന്ത്യയിൽ ഐഫോൺ 17ന്റെ ലോഞ്ച് വില 79,900 രൂപയായിരുന്നു. പിന്നീട് ഇത് 99,900 രൂപയായി ഉയർന്നു. ഐഫോൺ 18ന്റെ ഇന്ത്യയിലെ ഔദ്യോഗിക വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ വില വർധന ഇന്ത്യയിലും പ്രതിഫലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
ഐഫോൺ 18ന്റെ ഏറ്റവും വലിയ പ്രത്യേകത പുതിയ എ20 പ്രോസസറായിരിക്കുമെന്നാണ് സൂചന. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ചിപ്പായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. മുൻഗാമിയെ അപേക്ഷിച്ച് ഏകദേശം 30 ശതമാനം കുറവ് വൈദ്യുതി മാത്രമേ ചിപ്പ് ഉപയോഗിക്കൂ എന്നും സൂചനയുണ്ട്. റാമിന്റെ കാര്യത്തിലും മാറ്റമുണ്ടായേക്കും. ചില ചോർന്ന വിവരങ്ങൾ 12 ജിബി റാമാണ് സൂചിപ്പിക്കുന്നത്. എന്നാൽ അനലിസ്റ്റ് മിങ്-ചി കുവോയുടെ വിലയിരുത്തൽ പ്രകാരം 9 ജിബി റാമായിരിക്കാം ആപ്പിൾ നൽകുക. ഐഫോൺ 17ലെ 8 ജിബി റാമിനെക്കാൾ കൂടുതലാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും.
ക്യാമറയുടെ കാര്യത്തിൽ വലിയ നവീകരണം പ്രതീക്ഷിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17ലേതിന് സമാനമായ ഇരട്ട പിൻക്യാമറ സംവിധാനമായിരിക്കും പുതിയ മോഡലിലും ഉണ്ടാകുക. 48 മെഗാപിക്സൽ പ്രധാന ക്യാമറയും 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമാണ് പ്രതീക്ഷിക്കുന്നത്. മുൻവശത്ത് സെന്റർ സ്റ്റേജ് പിന്തുണയുള്ള 24 മെഗാപിക്സൽ ക്യാമറയും നൽകിയേക്കും. ഐഫോൺ 18 പ്രോ മോഡലുകളിൽ പ്രതീക്ഷിക്കുന്ന വേരിയബിൾ അപ്പർച്ചർ സാങ്കേതികവിദ്യ സാധാരണ മോഡലിൽ ലഭിക്കാനിടയില്ല.
ഐഫോൺ 18ന്റെ പിൻഭാഗത്തെ ക്യാമറ സംവിധാനത്തിൽ ഉയർന്ന പ്ലാറ്റോ രൂപകൽപ്പന അവതരിപ്പിച്ചേക്കുമെന്ന് ചോർന്ന ഡമ്മി യൂണിറ്റുകൾ സൂചിപ്പിക്കുന്നു. ഇതോടെ പ്രോ മോഡലുകളോട് കൂടുതൽ സാമ്യമുള്ള രൂപം സാധാരണ മോഡലിനും ലഭിക്കും. ക്യാമറ കൺട്രോൾ ബട്ടണിലും മാറ്റമുണ്ടായേക്കും. ടച്ച് അധിഷ്ഠിത സംവിധാനത്തിന് പകരം സമ്മർദം തിരിച്ചറിയുന്ന മെക്കാനിക്കൽ സംവിധാനമായിരിക്കും പുതിയ ബട്ടണിൽ ഉപയോഗിക്കുകയെന്നാണ് സൂചന. മുൻവശത്ത് 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും തുടർന്നേക്കും. ഡൈനാമിക് ഐലൻഡ് ചെറുതാക്കുന്ന മാറ്റം പ്രോ മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും.
ഐഫോൺ 18ന്റെ ബാറ്ററി ശേഷി സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഐഫോൺ 17ലേതിന് സമാനമായ ഏകദേശം 3,692 എംഎഎച്ച് ബാറ്ററിയായിരിക്കാം പുതിയ മോഡലിലും ഉപയോഗിക്കുക. എ20 ചിപ്പിന്റെ കുറഞ്ഞ വൈദ്യുതി ഉപഭോഗം ബാറ്ററി ബാക്കപ്പ് മെച്ചപ്പെടുത്താൻ സഹായിച്ചേക്കും. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ ഐഒഎസ് 27 ആയിരിക്കും ഫോണിൽ ലഭിക്കുക. ഗൂഗിളിന്റെ സഹായത്തോടെ വികസിപ്പിക്കുന്ന കൂടുതൽ മികച്ച സിരി എഐ സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയേക്കും. ഉപയോക്താക്കളുടെ സംഭാഷണങ്ങൾ മനസിലാക്കാനും സ്ക്രീനിലെ വിവരങ്ങൾ ഉപയോഗിക്കാനും വിവിധ ആപ്പുകൾക്കിടയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും പുതിയ സിരിക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ഐഫോൺ 18ന്റെ ലോഞ്ച് തീയതി, വില, സവിശേഷതകൾ എന്നിവ ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ വിലയിരുത്തുമ്പോൾ ക്യാമറയിലോ രൂപകൽപ്പനയിലോ വലിയ മാറ്റത്തേക്കാൾ പുതിയ പ്രോസസറും എഐ സവിശേഷതകളുമാകും ഫോണിന്റെ പ്രധാന ആകർഷണം.