
പുതിയ തലമുറ ഐഫോണിൽ ശ്രദ്ധേയമായ ഡിസൈൻ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത ഏതാനും ആഴ്ചകൾക്കകം ഐഫോൺ 18 സീരീസ് അവതരിപ്പിക്കാനിരിക്കെ, ഐഫോൺ 18 പ്രോ മോഡലിൽ നിലവിലെ മോഡലുകളേക്കാൾ വളരെ ചെറിയ ഡൈനാമിക് ഐലൻഡ് ഡിസൈൻ ലഭിക്കുമെന്നാണ് പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, വർഷങ്ങളായി ഐഫോണിന്റെ മുഖമുദ്രയായിരുന്ന വലിയ ഫ്രണ്ട് കട്ടൗട്ടിൽ നിന്ന് ആപ്പിൾ ക്രമേണ മാറുന്നുവെന്നതിന്റെ സൂചന കൂടിയാകും ഇത്.
ടെക് വെബ്‌സൈറ്റായ 9to5 മാക്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 പ്രോയിലെ ഡൈനാമിക് ഐലൻഡിന്റെ വലിപ്പം നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് ഏകദേശം 35 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്. കണക്കിൽ ഇത് ചെറിയ മാറ്റമായി തോന്നിയാലും, സ്‌ക്രീനിൽ കൂടുതൽ ഉള്ളടക്കം കാണാനും കൂടുതൽ ആകർഷകമായ ദൃശ്യാനുഭവം ലഭിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഡൈനാമിക് ഐലൻഡിലാണ് നിലവിൽ സെൽഫി ക്യാമറയും ഫേസ് ഐഡി സെൻസറുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം മ്യൂസിക് കൺട്രോൾ, ടൈമർ, ഇൻകമിങ് കോളുകൾ, ലൈവ് ആക്ടിവിറ്റീസ് തുടങ്ങിയ ഫീച്ചറുകളും ഇതിലൂടെ പ്രവർത്തിക്കുന്നു. പുതിയ മോഡലിൽ വലിപ്പം കുറച്ചാലും ഈ സൗകര്യങ്ങൾ അതേപടി നിലനിർത്താനാണ് ആപ്പിൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ഡിസൈനിന് അനുസരിച്ച് iOS 27-ലും ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയേക്കാമെന്നാണ് സൂചന. പ്രത്യേകിച്ച്, പുതുക്കിയ സിരി എഐ ഇന്റർഫേസ് ചെറിയ ഡൈനാമിക് ഐലൻഡിനോട് കൂടുതൽ അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഭാവിയിൽ പൂർണമായും ഫുൾ-സ്ക്രീൻ ഡിസൈനുള്ള ഐഫോൺ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായാണ് ഈ മാറ്റത്തെ വിലയിരുത്തുന്നത്. ഐഫോൺ X-ൽ അവതരിപ്പിച്ച നോച്ചിന് പകരം ഐഫോൺ 14 പ്രോ മുതൽ ഡൈനാമിക് ഐലൻഡ് അവതരിപ്പിച്ച ആപ്പിൾ, ഇപ്പോൾ അതിന്റെ വലിപ്പം വീണ്ടും കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഈ പുതിയ ഡിസൈൻ ഐഫോണിൽ മാത്രം ഒതുങ്ങില്ലെന്നും സൂചനകളുണ്ട്. വരാനിരിക്കുന്ന മാക്ബുക്ക് അൾട്ര മോഡലിലും നിലവിലെ നോച്ചിന് പകരം ചെറിയ ഡൈനാമിക് ഐലൻഡ് മാതൃകയിലുള്ള ഡിസൈൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ അടുത്ത വർഷം അവതരിപ്പിക്കുമെന്നു കരുതുന്ന ഐഫോൺ 18e മോഡലിലും സമാനമായ ഫ്രണ്ട് ഡിസൈൻ ഉൾപ്പെടുത്തിയേക്കാമെന്നും ടെക് ലോകത്ത് അഭ്യൂഹങ്ങൾ ശക്തമാണ്.
ആപ്പിൾ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിലും, തുടർച്ചയായി പുറത്തുവരുന്ന ലീക്കുകൾ ഐഫോൺ 18 സീരീസിൽ ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ വർധിപ്പിക്കുകയാണ്.