
ആപ്പിളിന്റെ അടുത്ത തലമുറ പ്രീമിയം സ്‍മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയുടെ അവതരണത്തിന് മുന്നോടിയായി നിരവധി വിവരങ്ങൾ പുറത്തുവരുന്നു. പതിവ് പോലെ സെപ്റ്റംബറിലാണ് പുതിയ ഐഫോണുകൾ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ പ്രീമിയം മോഡലുകൾക്കായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. സാധാരണ ഐഫോൺ 18, ഐഫോൺ 18ഇ മോഡലുകളുടെ അവതരണം 2027-ന്റെ തുടക്കത്തിലേക്ക് മാറ്റിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ ഐഫോൺ 18 പ്രോ സീരീസിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. നിലവിലുള്ള മോഡലുകളിലെ രൂപകൽപ്പന തന്നെയാകും തുടരുക. എന്നാൽ മുൻവശത്തെ ഡൈനാമിക് ഐലൻഡിന്റെ വലിപ്പം ഏകദേശം 35 ശതമാനം വരെ കുറയ്ക്കാനാണ് ആപ്പിൾ ശ്രമിക്കുന്നതെന്ന് പ്രമുഖ ടിപ്സ്റ്ററായ ഐസ് യൂണിവേഴ്‌സ് പറയുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സ്‌ക്രീൻ വിസ്തീർണം ലഭിക്കും. ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് ഡിസ്‌പ്ലേയും, പ്രോ മാക്‌സിൽ 6.9 ഇഞ്ച് ഡിസ്‌പ്ലേയും തുടരുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വൈദ്യുതി ലാഭിക്കുന്ന പുതിയ എൽ.ടി.പി.ഒ പ്ലസ് ഡിസ്‌പ്ലേ സാങ്കേതികവിദ്യയും അവതരിപ്പിച്ചേക്കും.
ഐഫോൺ 18 പ്രോ മാക്‌സിന് മുൻഗാമിയേക്കാൾ അല്പം കൂടുതൽ കനം ഉണ്ടായേക്കും. ഇതിലൂടെ വലിയ ബാറ്ററി ഉൾപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. 5,100 മുതൽ 5,200 എംഎഎഎച്ച് വരെ ശേഷിയുള്ള ബാറ്ററിയാകും പുതിയ മോഡലിൽ ഉണ്ടാകുക. പുതിയ പ്രോസസറിന്റെ ഊർജക്ഷമതയും ചേർന്നാൽ ബാറ്ററി ബാക്കപ്പ് ഗണ്യമായി മെച്ചപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാന ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ സംവിധാനം അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിലൂടെ പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാനും മികച്ച ഡെപ്ത് ഇഫക്ട് ലഭിക്കാനും സഹായിക്കും. സാംസങ് വികസിപ്പിച്ച പുതിയ ത്രിതല സ്റ്റാക്ക്ഡ് ഇമേജ് സെൻസറും ഉപയോഗിച്ചേക്കും. കുറഞ്ഞ വെളിച്ചത്തിലും കൂടുതൽ മികച്ച ചിത്രങ്ങൾ പകർത്താൻ ടെലിഫോട്ടോ ക്യാമറയിലും മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു.
ഐഫോൺ 18 പ്രോ സീരീസിന് കരുത്താകുക പുതിയ എ20 ചിപ്പാണ്. രണ്ട് നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ ചിപ്പിലൂടെ പ്രകടനം 15 ശതമാനം വരെ ഉയരുകയും വൈദ്യുതി ഉപയോഗം ഏകദേശം 30 ശതമാനം വരെ കുറയുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സി2 മോഡം വഴി എം.എം.വേവ് 5ജി പിന്തുണയും മെച്ചപ്പെട്ട സാറ്റലൈറ്റ് കണക്റ്റിവിറ്റിയും ലഭിച്ചേക്കും. ഭാവിയിൽ മൊബൈൽ ശൃംഖല ലഭ്യമല്ലാത്ത പ്രദേശങ്ങളിലും സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനവും ആപ്പിൾ ഒരുക്കുമെന്നാണ് സൂചന.
ഐഫോൺ 18 പ്രോ സീരീസിന് ഇന്ത്യയിൽ വില വർധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ മോഡലുകളെ അപേക്ഷിച്ച് ഏകദേശം 9,500 മുതൽ 14,200 രൂപ വരെ വർധനയുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. മെമ്മറി ഘടകങ്ങളുടെ വില വർധിച്ചതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ പ്രാരംഭ സ്റ്റോറേജ് പതിപ്പുകളുടെ വില മത്സരക്ഷമമായി നിലനിർത്താൻ ആപ്പിൾ ശ്രമിച്ചേക്കാമെന്നും ഉയർന്ന സ്റ്റോറേജ് പതിപ്പുകൾക്കായിരിക്കും കൂടുതൽ വില വർധന ഉണ്ടാകുക എന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതുവരെ പുറത്തുവന്ന വിവരങ്ങളെല്ലാം ചോർന്ന റിപ്പോർട്ടുകളും വിശകലന വിദഗ്ധരുടെ വിലയിരുത്തലുകളും മാത്രമാണെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷമേ അന്തിമ സവിശേഷതകളും വിലയും വ്യക്തമാകുക ഉള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്.