
ദില്ലി: ഐക്യുവിന്‍റെ പുതിയ ഐക്യു ഇസഡ് 11 ഇന്ത്യയില്‍ ജൂണ്‍ മാസം ലോഞ്ച് ചെയ്യും. 30,000 രൂപയില്‍ താഴെയായിരിക്കും ഐക്യു ഇസഡ് 11 സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഇന്ത്യയിലെ വില. ഈ ഫോണിന്‍റെ ചൈനീസ് വേരിയന്‍റില്‍ മീഡിയടെക് ഡൈമന്‍സിറ്റി 8500 ചിപ്‌സെറ്റാണ് ഉപയോഗിച്ചതെങ്കില്‍ ഇന്ത്യന്‍ വേരിയന്‍റില്‍ ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 ചിപ്‌സെറ്റായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ മധ്യത്തോടെ ഐക്യു ഇസഡ് 11 ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ടിപ്‌സ്റ്റര്‍ അഭിഷേക് യാദവ് എക്‌സില്‍ കുറിച്ചു. മലേഷ്യയില്‍ അവതരിപ്പിച്ച ആഗോള വേരിയന്‍റിലെ അതേ സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 ചിപ്സെറ്റാണ് ഇന്ത്യയിലിറങ്ങുന്ന ഫോണിലുമുണ്ടാവുക. അടുത്തിടെ പുറത്തിറങ്ങിയ വിവോ ടി5 പ്രോ, വണ്‍പ്ലസ് നോര്‍ഡ് സിഇ 6, മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഫോണുകളില്‍ ഉപയോഗിച്ച അതേ ചിപ്‌സെറ്റാണിത്.
90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 9,020 എംഎഎച്ച് ബാറ്ററിയാണ് ഐക്യു ഇസഡ് 11 ഫോണിന്‍റെ പ്രധാന ആകര്‍ഷണം. വിവോ ടി5 പ്രോ പോലെ ചുരുക്കം ഫോണുകള്‍ മാത്രമാണ് 30,000 രൂപയില്‍ താഴെ വില പരിധിയില്‍ ഇതേ വലിയ ബാറ്ററിയും ഇത്രതന്നെ വേഗതയാര്‍ന്ന ചാര്‍ജറും നല്‍കുന്നുള്ളൂ. വണ്‍പ്ലസ് നോര്‍ഡ് സിഇ 6-ന് പോലും 8,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയേയുള്ളൂ. എന്നാല്‍ വിവോ ടി5 പ്രോയേക്കാള്‍ മികച്ച ഡിസ്‌പ്ലെ ഫീച്ചറുകള്‍ ഐക്യു ഇസഡ് 11-നുണ്ട്. 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 5,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്.
4കെ വീഡിയോ റെക്കോര്‍ഡിംഗ് ശേഷിയുള്ള 50 എംപി പ്രൈമറി സെന്‍സറാണ് ക്യാമറ വിഭാഗത്തില്‍ ശ്രദ്ധേയം. 2എംപിയുടേതാണ് സെക്കന്‍ഡറി ലെന്‍സായ ഡെപ്‌ത് സെന്‍സര്‍. 16-മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. ഐപി68, ഐപി69 റേറ്റിംഗ് ലഭിച്ചിട്ടുള്ള ഐക്യു ഇസഡ് 11 ഫോണിന് ഭാരം 213 ഗ്രാമും കട്ടി 8.3 മില്ലീമീറ്ററുമാണ്. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ഒഎസ് 6 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.