
ദില്ലി: ചൈനയിൽ ആദ്യമായി അവതരിപ്പിച്ച ശേഷം, വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകളായ വിവോ എക്‌സ് 300 അൾട്രയും വിവോ എക്‌സ്300 എഫ്‍ഇയും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി. മെയ് 6-ന് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ച ഈ ഫോണുകൾ ഇപ്പോൾ ആമസോൺ, ഫ്ലിപ്‍കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് തുടങ്ങി പ്രമുഖ ഓൺലൈൻ-ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. പ്രീമിയം ക്യാമറ സംവിധാനവും ശക്തമായ പ്രോസസറുകളും ഉൾപ്പെടുത്തി വിപണിയിലെ ഹൈ-എൻഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വിവോ ഈ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്.
വിവോ എക്‌സ്300 അൾട്ര ഇന്ത്യയിൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഉള്ള ഒറ്റ വേരിയന്‍റിലാണ് എത്തിയിരിക്കുന്നത്. ഇതിന്‍റെ വില 1,59,999 രൂപയാണ്. എക്ലിപ്‌സ് ബ്ലാക്ക്, വിക്‌ടറി ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭിക്കുക. ഫോട്ടോഗ്രഫി പ്രേമികൾക്കായി കമ്പനി പ്രത്യേക ആക്‌സസറികളും അവതരിപ്പിച്ചിട്ടുണ്ട്. വിവോ സീസ് ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 അൾട്ര എന്ന ലെൻസ് 27,999 രൂപയ്ക്കും ഇമേജിംഗ് ഗ്രിപ്പ് കിറ്റ് 11,999 രൂപയ്ക്കുമാണ് വിൽക്കുന്നത്.
ഇതോടൊപ്പം, വിവോ എക്‌സ്300 എഫ്‌ഇയുടെ അടിസ്ഥാന മോഡൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് എത്തുന്നത്. ഇതിന്‍റെ ആരംഭ വില 79,999 രൂപയാണ്. 512 ജിബി സ്റ്റോറേജുള്ള ഉയർന്ന വേരിയന്‍റിന് 89,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എക്‌സ്300 അൾട്ര, ടെലിഫോട്ടോ എക്സ്റ്റൻഡർ, ഇമേജിംഗ് ഗ്രിപ്പ് കിറ്റ് എന്നിവ ചേർന്ന ബണ്ടിൽ 1,95,997 രൂപയ്ക്ക് ലഭിക്കും. കൂടാതെ എക്‌സ്300 അൾട്ര ഫോട്ടോഗ്രാഫർ കിറ്റ് എന്ന പ്രത്യേക പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അധിക 200 എംഎം ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്ന ഈ കിറ്റിന് 2,09,999 രൂപയാണ് വില. നിലവിൽ 4,000 രൂപയുടെ പ്രത്യേക ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സവിശേഷതകളിലേക്ക് നോക്കുമ്പോൾ, എക്‌സ്300 അൾട്രയിൽ സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 6.82 ഇഞ്ച് 2കെ അമോലെഡ് ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും ഫോണിന് ലഭ്യമാണ്. 200എംപി പ്രധാന ക്യാമറ, 50എംപി അൾട്രാ വൈഡ് ലെൻസ്, 200എംപി പെരിസ്‌കോപ്പ് ക്യാമറ എന്നിവയടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം സീസ് സഹകരണത്തോടെ രൂപകൽപ്പന ചെയ്തതാണ്. 50എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 6,600എംഎഎച്ച് ബാറ്ററിയോടൊപ്പം 100 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗും 40 വാട്‌സ് വയർലെസ് ചാർജിംഗും ഈ ഫോണിൽ ലഭ്യമാണ്. എസ്‌ബിഐ, ആക്‌സിസ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ക്യാഷ്ബാക്കും മറ്റ് ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.