
ദില്ലി: വണ്‍പ്ലസ് അവരുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 13എസ് (OnePlus 13s) വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും. കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഗണത്തില്‍ വരുന്ന വണ്‍പ്ലസ് 13എസ് കരുത്തുറ്റ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പോടെയാവും വിപണിയിലെത്തുക. ചൂടിനെ കൈകാര്യം ചെയ്യാന്‍ വേപര്‍ ചേംബര്‍ ഈ ഫോണിലുണ്ടാകും. ഫുള്‍ ചാര്‍ജില്‍ 24 മണിക്കൂര്‍ വരെ ബാറ്ററിലൈഫ് വണ്‍ 13എസ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
കാത്തിരിപ്പ് അവസാനിപ്പിച്ച് വണ്‍പ്ലസ് 13എസ് കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും. ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഫോണിന്‍റെ ലോഞ്ച് നടക്കുക. വണ്‍പ്ലസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി വണ്‍പ്ലസ് 13എസ് ലോഞ്ച് തത്സമയം കാണാം. വണ്‍പ്ലസ് 13 ലൈനപ്പിലെ മറ്റ് സ്മാര്‍ട്ട്ഫോണുകളായ വണ്‍പ്ലസ് 13നും വണ്‍പ്ലസ് 13ആര്‍-നും ഇടയിലായിരിക്കും വണ്‍പ്ലസ് 13എസിന്‍റെ ഇന്ത്യയിലെ വില എന്നാണ് സൂചന. മൂന്ന് നിറങ്ങളിലാവും വണ്‍പ്ലസ് 13എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുക. ഇതിലെ ഗ്രീന്‍ സില്‍ക്ക് വേരിയന്‍റ് ഇന്ത്യന്‍ വിപണിക്ക് മാത്രമായി പുറത്തിറക്കുന്നതായിരിക്കും.
വണ്‍പ്ലസ് 13ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പാണ് വണ്‍പ്ലസ് 13എസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്‍റെ ക്യാമറ ഫീച്ചറുകളില്‍ ഫ്രണ്ട് ക്യാമറയുടെ വിവരങ്ങള്‍ മാത്രമേ വണ്‍പ്ലസ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. 32 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി വണ്‍പ്ലസ് 13എസ് സ്മാര്‍ട്ട്‌ഫോണില്‍ വരിക. ഇതിന് ഓട്ടോഫോക്കസ് സൗകര്യവുമുണ്ടായിരിക്കും. രണ്ട് ക്യാമറകളാണ് റീയര്‍ ക്യാമറ മൊഡ്യൂളില്‍ വരിക. ഒരു പ്രധാന സെന്‍സറും അതിനൊപ്പം അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സുമായിരിക്കും വണ്‍പ്ലസ് 13എസില്‍ ഉണ്ടാവുക എന്നാണ് സൂചനകള്‍. അമോലെഡ് ഡിസ്‌പ്ലെയാണ് ഈ സ്മാര്‍ട്ട്‌ഫോണിലുണ്ടാവുക. നിരവധി എഐ ഫീച്ചറുകള്‍ വണ്‍പ്ലസ് 13എസ് സ്മാര്‍ട്ട്ഫോണിലുണ്ടാകും എന്നും വിവരങ്ങളുണ്ട്.