വണ്‍പ്ലസ് 15 ഇന്ത്യന്‍ ലോഞ്ചിന് മൂന്ന് ദിവസം മാത്രം ബാക്കി, വില ചോര്‍ന്നു!

Published : Nov 10, 2025, 01:26 PM IST
oneplus 15

Synopsis

വണ്‍പ്ലസ് 15-ന്‍റെ ഇന്ത്യയിലെ വില ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വണ്‍പ്ലസ് 15-ന്‍റെ അടിസ്ഥാന 12GB റാം, 256GB സ്റ്റോറേജ് വേരിയന്‍റിന് ഇന്ത്യയില്‍ 72,999 രൂപയാകുമെന്ന് ഒരു ടിപ്‌സ്റ്റര്‍ അവകാശപ്പെടുന്നു. 

ദില്ലി: ചൈനീസ് ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15 ഇന്ത്യയില്‍ പുറത്തിറങ്ങാന്‍ മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. നവംബര്‍ 13-നാണ് വണ്‍പ്ലസ് 15-ന്‍റെ ഇന്ത്യന്‍ അവതരണം. ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 15-ന്‍റെ പ്രധാന ഫീച്ചറുകള്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇനിയുള്ള ആകാംക്ഷ വണ്‍പ്ലസ് 15-ന് ഇന്ത്യയില്‍ എത്ര രൂപയാകും എന്നത് സംബന്ധിച്ചാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും വണ്‍പ്ലസ് 15-ന്‍റെ ഇന്ത്യയിലെ വില ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

വണ്‍പ്ലസ് 15-ന് ഇന്ത്യയില്‍ എത്ര രൂപയാകും? 

വണ്‍പ്ലസ് 15-ന്‍റെ അടിസ്ഥാന 12GB റാം, 256GB സ്റ്റോറേജ് വേരിയന്‍റിന് ഇന്ത്യയില്‍ 72,999 രൂപയാകുമെന്ന് ഒരു ടിപ്‌സ്റ്റര്‍ എക്‌സില്‍ പോസ്റ്റ് ചെയ്‌തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം, മുന്തിയ 16GB റാം, 512GB സ്റ്റോറേജ് വേരിയന്‍റിന് 76,999 രൂപയാണ് പറയപ്പെടുന്നത്. ഉദ്ഘാടന ഓഫറുകള്‍ ഈ വിലയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വണ്‍പ്ലസിന്‍റെ അംഗീകൃത റിടെയ്‌ല്‍ പങ്കാളിയില്‍ നിന്ന് ലഭ്യമായ വില വിവരം എന്ന അവകാശവാദത്തോടെയാണ് ടിപ്‌സ്റ്റര്‍ വണ്‍പ്ലസ് 15 വില എക്‌സില്‍ പങ്കിട്ടിരിക്കുന്നത്. എങ്കിലും വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ വേരിയന്‍റുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്ര രൂപയാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. വണ്‍പ്ലസ് 15-നൊപ്പം, 2677 രൂപ വിലയുള്ള വണ്‍പ്ലസ് നോര്‍ഡ് ഇയര്‍ബഡ്‌സ് സൗജന്യമായി ലഭിക്കുമെന്നും ടിപ്സ്റ്റര്‍ അവകാശപ്പെടുന്നു. വണ്‍പ്ലസ് 15-ന്‍റെ മുന്‍ഗാമിയായ വണ്‍പ്ലസ് 13 ഇന്ത്യയില്‍ പുറത്തിറങ്ങിയത് 69,999 രൂപ എന്ന വിലയിലായിരുന്നു.

വണ്‍പ്ലസ് 15 സവിശേഷതകള്‍

ക്വാല്‍കോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റിലാണ് വണ്‍പ്ലസ് 15 ഇന്ത്യയിലേക്ക് വരുന്നത്. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ഒഎസ് 16 പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ ഡീറ്റൈല്‍മാക്‌സ് എഞ്ചിന്‍റെ പുത്തന്‍ ക്യാമറ സാങ്കേതികവിദ്യ അവതരിപ്പിക്കും. 50 മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍-ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് 15-ലുണ്ടാവുക. ഹാസ്സല്‍ബ്ലാഡുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചാണ് ക്യാമറ വിഭാഗത്തില്‍ വണ്‍പ്ലസ് സ്വന്തം ടെക്‌നോളജി അവതരിപ്പിക്കുന്നത്. 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന 6.78 ഇഞ്ച് ഡിസ്‌പ്ലെ, 120 വാട്‌സ് അതിവേഗ ചാര്‍ജിംഗ് സാധ്യമാകുന്ന 7300 എംഎഎച്ചിന്‍റെ ബാറ്ററി, ചൂട് ക്രമീകരിക്കുന്നതിനായി 5,731mm സ്‌ക്വയര്‍ വേപ്പര്‍ ചേമ്പര്‍, ഐപി66, ഐപി68, ഐപി69, ഐപി69K റേറ്റിംഗുകള്‍ എന്നിവയാണ് വണ്‍പ്ലസ് 15-ന്‍റെ പ്രധാന ഫീച്ചറുകള്‍.

മൂന്ന് നിറങ്ങളിലായിരിക്കും വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. നവംബര്‍ 13-ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മണി മുതല്‍ വണ്‍പ്ലസ് 15 വാങ്ങാനാകും.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി