
വൺപ്ലസിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 16 ഉടൻ ചൈനയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നിലവിലെ ഫ്ലാഗ്ഷിപ്പായ വൺപ്ലസ് 15-ന്റെ പിൻഗാമിയായാണ് പുതിയ ഫോൺ എത്തുന്നത്. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഗെയിമിങ് സവിശേഷതകളും ഡിസൈനും സംബന്ധിച്ച സൂചനകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന സ്‌നാപ്ഡ്രാഗൺ ഗെയിമിങ് ടെക്‌നോളജി അവാർഡ്സ് 2026 പരിപാടിയിലാണ് വൺപ്ലസ് ചൈന ജനറൽ മാനേജർ ലിയു ബാവോയു പുതിയ പ്രഖ്യാപനം നടത്തിയത്. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കുന്ന വൺപ്ലസ് 16-ൽ മൂന്ന് പ്രത്യേക ഗെയിമിങ് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. 'വിൻഡ് ചേസർ ഗെയിമിങ് കോർ', 'ഹൈ റിഫ്രഷ് റേറ്റ്', 'ഇ-സ്പോർട്സ് ട്രിപ്പിൾ ചിപ്' എന്നിവയാണ് പുതിയ സാങ്കേതികവിദ്യകൾ. ഗെയിമിങ് പ്രകടനം മുൻ മോഡലിനെക്കാൾ മികച്ചതാക്കാൻ ഇവ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
165 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുമായാണ് വൺപ്ലസ് 16 എത്തുക. ഇത് വൺപ്ലസ് 15-ലും ലഭ്യമായിരുന്ന റിഫ്രഷ് റേറ്റാണ്. തിരഞ്ഞെടുത്ത ഗെയിമുകളിൽ 165 ഫ്രെയിം പെർ സെക്കൻഡ് വരെ ഗെയിമിങ് അനുഭവം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. പ്രോസസറിന്റെ പേര് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുക.
ഇതിനിടെ, വൺപ്ലസ് 16-ന്റെതായി പറയപ്പെടുന്ന ഒരു പ്രചാരണ ചിത്രം സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ഇതനുസരിച്ച് ഫോണിന്റെ പിന്നിലെ ക്യാമറ മൊഡ്യൂൾ പൂർണമായും പുനർരൂപകൽപ്പന ചെയ്തിരിക്കുകയാണ്. വൺപ്ലസ് 15-ൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് നൽകിയിരുന്നത്. എന്നാൽ പുതിയ മോഡലിൽ പഴയ വൺപ്ലസ് 13-ലെയും മുൻതലമുറ ഫോണുകളിലെയും പോലെ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ചോർന്ന ചിത്രങ്ങളിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് കാണുന്നത്. മുൻ മോഡലുകളിലെ ട്രിപ്പിൾ ക്യാമറ സംവിധാനത്തിൽ നിന്ന് ഇത് വ്യത്യസ്തമാണ്. അന്തിമ പതിപ്പിലും ഇതേ ഡിസൈൻ തുടരുമോയെന്നത് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
മുൻ റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് 16-ൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജനറേഷൻ 6 പ്രോ പ്രോസസറായിരിക്കും ഉപയോഗിക്കുക. കൂടാതെ 9,000 എംഎഎഎച്ച് ബാറ്ററിയും ഫോണിൽ ലഭിച്ചേക്കും. ഫോട്ടോഗ്രാഫിക്കായി 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, മൂന്ന് മടങ്ങ് ഒപ്റ്റിക്കൽ സൂം പിന്തുണ എന്നിവയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സവിശേഷതകൾ സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
വൺപ്ലസ് 16-ന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഫോൺ ചൈനയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചതോടെ, വരും ആഴ്ചകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.