
വൺപ്ലസ് 15ന്റെ പിൻഗാമിയായി ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് 16 സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. ഡിസ്പ്ലേയിൽ വലിയ മാറ്റങ്ങളുമായാകും പുതിയ ഫോൺ എത്തുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബിഒഇയുടെ പുതിയ എക്സ്4 പ്രകാശവിതരണ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേയായിരിക്കും ഫോണിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.
ചൈനീസ് ടിപ്‍സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിൽ പങ്കുവച്ച വിവരങ്ങൾ പ്രകാരം വൺപ്ലസ് 16നായി ബിഒഇയുമായി ചേർന്ന് എക്സ്4 പ്രകാശവിതരണ സാങ്കേതികവിദ്യ വൺപ്ലസ് പ്രത്യേകം വികസിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. വൺപ്ലസ് 15ൽ ഉപയോഗിച്ച എക്സ്3 സാങ്കേതികവിദ്യയേക്കാൾ മികച്ച വൈദ്യുതി കാര്യക്ഷമത നൽകാൻ പുതിയ എക്സ്4 സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ട്. മുൻ തലമുറയെ അപേക്ഷിച്ച് ഡിസ്പ്ലേയുടെ ആയുസ് ഇരട്ടിയാക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് അവകാശവാദം.
വൺപ്ലസ് 16ന്റെ ഡിസ്പ്ലേയുടെ നാല് വശങ്ങളിലുമുള്ള ബെസലുകൾ കൂടുതൽ നേർത്തതായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഫ്ലാറ്റ് ഡിസ്പ്ലേയായിരിക്കും ഫോണിലുണ്ടാകുക. ആന്തരിക പരിശോധനകളിൽ പുതിയ എക്സ്4 ഡിസ്പ്ലേ സാംസങ്ങിന്റെ എം സീരീസ് പ്രകാശവിതരണ സാങ്കേതികവിദ്യയെ മിക്കവാറും എല്ലാ മേഖലകളിലും മറികടന്നതായും വിവരചോർച്ചയിൽ പറയുന്നു. പുതിയ ഡിസ്പ്ലേയിൽ നിരവധി പുതിയ സവിശേഷതകൾ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
വൺപ്ലസ് 16ൽ 185 ഹെർട്സ് റിഫ്രഷ് നിരക്കുള്ള ഡിസ്പ്ലേ ലഭിച്ചേക്കുമെന്നാണ് മറ്റൊരു പ്രധാന വിവരം. ഉയർന്ന റിഫ്രഷ് നിരക്ക് ഗെയിമിങ് ഉൾപ്പെടെയുള്ള ഉപയോഗങ്ങളിൽ കൂടുതൽ സുഗമമായ ദൃശ്യാനുഭവം നൽകും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്പ്സെറ്റായിരിക്കും ഫോണിന് കരുത്തേകുകയെന്നും സൂചനയുണ്ട്.
എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 4999 ചൈനീസ് യുവാൻ വില ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ രൂപയിൽ ഏകദേശം 71000 രൂപയാണിത്. എന്നാൽ ഇന്ത്യയിലെത്തുമ്പോഴുള്ള വില ഇതിൽ നിന്ന് വ്യത്യസ്‍തമായേക്കാം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് 15ന് 6.78 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. പരമാവധി 16 ജിബി റാമും 512 ജിബി സ്റ്റോറേജും ലഭിക്കും. 50 മെഗാപിക്സൽ വീതമുള്ള മൂന്ന് ക്യാമറകൾ ഉൾപ്പെടുന്ന പിൻക്യാമറ സംവിധാനമാണ് വൺപ്ലസ് 15ന്റെ മറ്റൊരു പ്രത്യേകത. 32 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. 7300 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 120 വാട്ട് വയർഡ്, 50 വാട്ട് വയർലെസ് അതിവേഗ ചാർജിങ് സംവിധാനങ്ങളും നൽകിയിട്ടുണ്ട്. വൺപ്ലസ് 16ന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും മറ്റ് സവിശേഷതകളും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.