
ദില്ലി: വൺപ്ലസ് നോർഡ് 5-ന്‍റെ പിൻഗാമിയായി വൺപ്ലസ് നോർഡ് 6 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഈ ഫോണിന്‍റെ ലോഞ്ച് ടൈംലൈൻ പുറത്തുവന്നു. വൺപ്ലസ് നോർഡ് 6 പരീക്ഷണ ഘട്ടത്തിലേക്ക് കടന്നതായി ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ അവകാശപ്പെട്ടു. 2026-ന്‍റെ രണ്ടാംപാദത്തിന്‍റെ മധ്യത്തിൽ ഫോൺ ലോഞ്ച് ചെയ്യുമെന്ന് ബ്രാര്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി. പക്ഷേ വൺപ്ലസ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൺപ്ലസ് നോർഡ് 5 ഇന്ത്യയിൽ 2025 ജൂലൈയിലായിരുന്നു ലോഞ്ച് ചെയ്‌തിരുന്നത്. നോർഡ് 4 പുറത്തിറങ്ങിയത് 2024 ജൂലൈ മാസത്തിലും.
വൺപ്ലസ് നോർഡ് 6 നിലവിലെ മോഡലിൽ നിന്ന് ഏറെ വ്യത്യസ്‌തമായിരിക്കില്ലെന്നും ഡിസൈൻ വൺപ്ലസ് നോർഡ് 5-ന്‍റേതിന് സമാനമായിരിക്കാമെന്നും ടിപ്സ്റ്റർ യോഗേഷ് ബ്രാർ പറയുന്നു. വൺപ്ലസ് നോർഡ് 6 അതിന്‍റെ മുൻഗാമിയുടെ അതേ ഡിസൈൻ ഭാഷ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്‌ത വൺപ്ലസ് എയ്‌സ്-6ന്‍റെ പ്രധാന സവിശേഷതകൾ വണ്‍പ്ലസ് നോര്‍ഡ് 6ലും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. വൺപ്ലസ് നോർഡ് 6 സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 50-മെഗാപിക്‌സൽ പ്രൈമറി സെൻസറും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കാം.
അടുത്തിടെ വൺപ്ലസ് നോർഡ് 6, ഐഎംഇഐ ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്‌തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന്‍റെ മോഡൽ നമ്പർ CPH2807 ആണ്. ഇന്ത്യയിലേക്ക് വരാനിരിക്കുന്ന വൺപ്ലസ് നോർഡ് 6 നിലവിൽ ചൈനീസ് വിപണിയിൽ മാത്രമുള്ള വൺപ്ലസ് എയ്‌സ് 6-ന്‍റെ റീബ്രാൻഡഡ് പതിപ്പായിരിക്കുമെന്ന് കരുതുന്നു.
ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ലാണ് വൺപ്ലസ് എയ്‌സ് 6 പ്രവർത്തിക്കുന്നത്. കൂടാതെ 1.5കെ റെസല്യൂഷനും 165 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റും ഉള്ള 6.83 ഇഞ്ച് ഡിസ്‌പ്ലേയും ഇതിൽ ഉൾപ്പെടുന്നു. 16 ജിബി വരെ റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും ഇതിൽ ഉൾപ്പെടുന്നു. 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 8-എംപി സെക്കൻഡറി ഷൂട്ടറും ഉൾപ്പെടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. 16-മെഗാപിക്‌സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് വൺപ്ലസ് എയ്‌സ് 6-ന് ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിംഗുകൾ ഉണ്ട്. ഒരു ജി2 ഗെയിമിംഗ് ചിപ്പ്, പ്ലസ് കീ, 120 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,800 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്‍റെ മറ്റ് പ്രധാന സവിശേഷതകൾ.