
ചാറ്റ്ജിപിടിക്ക് പിന്നാലെ ഹാർഡ്‌വെയർ രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങി ഓപ്പൺഎഐ. ഉപയോക്താക്കളുമായി മനുഷ്യനെ പോലെ ആശയവിനിമയം നടത്താൻ കഴിയുന്ന എഐ സ്പീക്കറാണ് കമ്പനി വികസിപ്പിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. മുൻ ആപ്പിൾ ഡിസൈനർ ജോണി ഐവിനൊപ്പമാണ് ഓപ്പൺഎഐ പുതിയ ഉപകരണം ഒരുക്കുന്നത്. ഓപ്പൺഎഐയുടെ ആദ്യത്തെ സ്വന്തം ഹാർഡ്‌വെയർ ഉൽപ്പന്നം ഡിസ്പ്ലേയില്ലാത്ത പോർട്ടബിൾ സ്മാർട്ട് സ്‍പീക്കറായിരിക്കും ഇതെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് ചെയ്യുന്നു. വീടിനുള്ളിലെ വ്യക്തിഗത എഐ സഹായിയായി പ്രവർത്തിക്കുന്ന തരത്തിലായിരിക്കും ഇതിന്റെ രൂപകൽപ്പന.
നിലവിലെ സ്മാർട്ട് സ്പീക്കറുകളിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺഎഐയുടെ ഉപകരണത്തിൽ ഡിസ്പ്ലേ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ക്യാമറയും മറ്റ് സെൻസറുകളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ചുറ്റുപാടുകൾ മനസിലാക്കി കൂടുതൽ കൃത്യമായ മറുപടികൾ നൽകാൻ ഈ സംവിധാനങ്ങൾ സഹായിക്കും. വീടിനുള്ളിൽ എളുപ്പത്തിൽ മാറ്റിവയ്ക്കാൻ കഴിയുന്ന തരത്തിലുള്ള പോർട്ടബിൾ രൂപകൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി കണക്ഷനിൽ മാത്രം ആശ്രയിക്കാതെ റീചാർജ് ചെയ്യാവുന്ന ബാറ്ററിയും ഉൾപ്പെടുത്തിയേക്കും.
വീട്ടിലെ ഉപയോക്താവിന്റെ വ്യക്തിപരമായ എഐ കൂട്ടാളിയായാണ് ഓപ്പൺഎഐ ഈ ഉപകരണത്തെ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ചാറ്റ്ജിപിടിയുമായി അടുത്ത സംയോജനമായിരിക്കും പ്രധാന സവിശേഷത. സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുക, സംഗീതം പ്ലേ ചെയ്യുക തുടങ്ങിയ സാധാരണ സൗകര്യങ്ങൾക്കൊപ്പം, കൂടുതൽ മെച്ചപ്പെടുത്തിയ ചാറ്റ്ജിപിടി ലൈവ് വോയ്സ് മോഡലിന്റെ പിന്തുണയും ലഭിക്കുമെന്നാണ് സൂചന. മനുഷ്യ സംഭാഷണത്തിന് സമാനമായി പ്രതികരിക്കാൻ കഴിയുന്ന ചാറ്റ്ജിപിടി ലൈവിന്റെ കഴിവുകൾ ഉപയോഗിച്ച് കൂടുതൽ സ്വാഭാവികമായ ആശയവിനിമയമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ക്യാമറയും സെൻസറുകളും വഴി ഉപയോക്താവിന്റെ സാഹചര്യങ്ങൾ മനസിലാക്കി കൂടുതൽ വ്യക്തിഗതമായ മറുപടികൾ നൽകാൻ സ്പീക്കറിന് കഴിയുമെന്നാണ് റിപ്പോർട്ട്. നിലവിലുള്ള ചാറ്റ്ജിപിടി അക്കൗണ്ടുമായി ബന്ധിപ്പിക്കാനും ഇമെയിലുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനും സാധിച്ചേക്കും. കാലക്രമേണ ഉപയോക്താവിന്റെ ശീലങ്ങൾ മനസിലാക്കി ആവശ്യമായ വിവരങ്ങൾ സ്വയം നൽകാനും കാര്യങ്ങൾ മുൻകൂട്ടി നിർദേശിക്കാനും കഴിയുന്ന ഉപകരണമാക്കുകയാണ് ഓപ്പൺഎഐയുടെ ലക്ഷ്യം.
എഐ ഹാർഡ്‌വെയർ രംഗത്ത് ആപ്പിൾ, ആമസോൺ, ഗൂഗിൾ എന്നിവരോട് നേരിട്ട് മത്സരിക്കാനുള്ള നീക്കമായാണ് ഓപ്പൺഎഐയുടെ ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. 2024-ൽ ജോണി ഐവ് സഹസ്ഥാപിച്ച ഐഒ പ്രോഡക്ട്സ് എന്ന സ്റ്റാർട്ടപ്പിനെ 650 കോടി ഡോളറിന് ഏറ്റെടുത്തതിന് പിന്നാലെയാണ് ഓപ്പൺഎഐ ഹാർഡ്‌വെയർ വികസനത്തിലേക്ക് കടന്നത്. അഞ്ച് വ്യത്യസ്‍ത ഉപകരണങ്ങൾ കമ്പനി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, മുൻ ആപ്പിൾ ജീവനക്കാരുടെ നിയമനവും വ്യാപാര രഹസ്യങ്ങളും സംബന്ധിച്ച് ആപ്പിൾ നൽകിയ കേസും പദ്ധതിയുടെ സമയക്രമത്തെ ബാധിച്ചേക്കാമെന്നാണ് സൂചന.