
ദില്ലി: ഓപ്പോ തങ്ങളുടെ പുതിയ റെനോ 15 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിൽ പുറത്തിറക്കി. ഈ നിരയിൽ ഓപ്പോ റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി, റെനോ 15സി എന്നീ മൊബൈല്‍ ഫോണ്‍ മോഡലുകള്‍ ഉൾപ്പെടുന്നു. പുതിയ സീരീസിൽ, കമ്പനി ആദ്യമായി പ്രോ മിനി വേരിയന്‍റ് അവതരിപ്പിച്ചു. ഇത് കോംപാക്റ്റ് വലുപ്പത്തിൽ പ്രീമിയം സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
ഓപ്പോ റെനോ 15-ന് 6.59 ഇഞ്ച് 120 ഹെര്‍ട്‌സ് അമോലെഡ് ഡിസ്പ്ലേ ലഭിക്കുന്നു. ഇത് ഗൊറില്ല ഗ്ലാസ് 7i കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ഓപ്പോ റെനോ 15 പ്രോയ്ക്ക് 6.78 ഇഞ്ച് 120 ഹെര്‍ട്‌സ് അമോലെഡ് പാനലുണ്ട്, ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. അതേസമയം, 6.32 ഇഞ്ച് 120 ഹെര്‍ട്‌സ് അനോലെഡ് ഡിസ്പ്ലേ ലഭിക്കുന്ന ഓപ്പോ റെനോ 15 പ്രോ മിനി ഗൊറില്ല ഗ്ലാസ് 7i കൊണ്ട് പരിരക്ഷിച്ചിരിക്കുന്നു. ഓപ്പോ റെനോ 15സിയ്‌ക്ക് 6.57 ഇഞ്ച് 120 ഹെര്‍ട്‌സ് അമോലെഡ് പാനലുമുണ്ട്.
ക്യാമറ വിഭാഗത്തിൽ, ഓപ്പോ റെനോ 15 പ്രോയിലും റെനോ 15 പ്രോ മിനിയിലും 200എംപി പ്രൈമറി ക്യാമറയും 50എംപി 3.5എക്‌സ് ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയും 50എംപി അൾട്രാ-വൈഡ് ലെൻസും ഉണ്ട്. ഓപ്പോ റെനോ 15-ൽ 50എംപി പ്രധാന ക്യാമറ, 50എംപി 3.5എക്‌സ് ടെലിഫോട്ടോ ക്യാമറ, 8എംപി അൾട്രാ-വൈഡ് സെൻസർ എന്നിവയുണ്ട്. ഓപ്പോ റെനോ 15 സിയിൽ 50എംപി പ്രൈമറി ക്യാമറയുണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഈ നാല് നാല് സ്‍മാർട്ട്‌ഫോണുകളിലും 50എംപി ഫ്രണ്ട് ക്യാമറ ലഭിക്കുന്നു.
ഓപ്പോ റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിവ മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റാണ് കരുത്ത് നൽകുന്നത്. ഓപ്പോ റെനോ 15 സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണ് കരുത്ത് പകരുന്നത്. ഓപ്പോ റെനോ 15 സിയിൽ സ്‍നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് നൽകുന്നത്. ബാറ്ററിയുടെ കാര്യത്തിൽ, ഓപ്പോ റെനോ 15-ന് 6,500 എംഎഎച്ച് ബാറ്ററിയും, റെനോ 15 പ്രോ, പ്രോ മിനി എന്നിവയ്ക്ക് 6,200 എംഎഎച്ച് ബാറ്ററിയും, റെനോ 15സിയ്‌ക്ക് 7,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഈ നാല് സ്‍മാർട്ട്‌ഫോണുകളും 80 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്നും കമ്പനി പറയുന്നു.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഓപ്പോ റെനോ 15-ന്‍റെ അടിസ്ഥാന മോഡലിന് 45,999 രൂപ മുതൽ വില ആരംഭിക്കുന്നു. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 48,999 രൂപയും 53,999 രൂപയും ആണ് വില. ട്വിലൈറ്റ് ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഓറോറ ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. ഓപ്പോ റെനോ 15 പ്രോ മിനിയുടെ 12 ജിബി + 256 ജിബി വേരിയന്‍റിന് 59,999 രൂപയും 12 ജിബി + 512 ജിബി മോഡലിന് 64,999 രൂപയും വിലയുണ്ട്. കൊക്കോ ബ്രൗൺ, ഗ്ലേസിയർ വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോണുകൾ വാങ്ങാം. ഒപ്പോ റെനോ 15 പ്രോയുടെ വില 67,999 രൂപ മുതൽ 72,999 രൂപ വരെയാണ്. കൊക്കോ ബ്രൗൺ, സൺസെറ്റ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഒപ്പോ റെനോ 15 സിയുടെ വില 34,999 രൂപ മുതൽ ആരംഭിക്കുന്നു. ഓപ്പോ റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിവ 2026 ജനുവരി 13 മുതൽ വിൽപ്പനയ്‌ക്കെത്തും. റെനോ 15സി ഫെബ്രുവരി മുതലാണ് ലഭ്യമാവുക.