ഷവോമി തങ്ങളുടെ പുതിയ പ്രീമിയം ഫോൺ നിരയായ ഷവോമി 17 സീരീസ് ഫെബ്രുവരി 28-ന് ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫോണുകളുടെ വില 75,000 രൂപ മുതൽ ആരംഭിക്കാനാണ് സാധ്യത. 

ഷവോമി തങ്ങളുടെ പ്രീമിയം സ്‍മാർട്ട് ഫോൺ നിര ഇന്ത്യയിലും ആഗോള വിപണികളിലും കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. പുതിയ ഷവോമി 17 സീരീസ് ഫെബ്രുവരി 28ന് ആഗോളതലത്തിൽ അവതരിപ്പിക്കും. ഇന്ത്യയും ഈ ലോഞ്ച് ഇവന്റിന്റെ ഭാഗമായിരിക്കും. പുതിയ സീരീസിൽ ഷവോമി 17, ഷവോ 17 അൾട്ര എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടും. പഴയ മോഡലുകളെ പോലെ തന്നെ, പുതിയ സീരീസിലും ക്യാമറയ്ക്ക് പ്രധാന പ്രാധാന്യം നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഇരു മോഡലുകളും ക്വാൽക്കം നിർമ്മിച്ച സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഉപയോഗിച്ചാകും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ഷവോമി 17 – പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമി 17ന് 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും 120Hz റിഫ്രെഷ് റേറ്റും ഉണ്ടാകുമെന്നാണ് ലീക്കുകൾ. പെർഫോമൻസിനായി സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്, കൂടാതെ പരമാവധി 16GB RAM, 1TB UFS 4.1 സ്റ്റോറേജ് എന്നിവ ലഭ്യമാകാൻ സാധ്യതയുണ്ട്. 7,000mAh ശേഷിയുള്ള വലിയ ബാറ്ററിയും ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ മോഡലിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. ഫോട്ടോഗ്രഫിക്കായി ലെയിക്ക ട്യൂൺ ചെയ്ത മൂന്ന് 50MP പിൻ ക്യാമറകളും 50MP ഫ്രണ്ട് ക്യാമറയും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. 

ഷവോമി 17 അൾട്ര – പ്രതീക്ഷിക്കുന്ന സവിശേഷതകൾ

അൾട്ര മോഡൽ കൂടുതൽ പ്രീമിയം ഫീച്ചറുകളോടെയാകും എത്തുക. 6.9 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 120Hz റിഫ്രെഷ് റേറ്റും ഉണ്ടായിരിക്കുമെന്ന് സൂചന. സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്, പരമാവധി 1TB സ്റ്റോറേജ് ഓപ്ഷൻ എന്നിവയും ലഭ്യമാകും. 6,800mAh ബാറ്ററി ഫാസ്റ്റ് ചാർജിംഗിനും വയർലെസ് ചാർജിംഗിനും പിന്തുണ നൽകും. ക്യാമറ സജ്ജീകരണത്തിൽ 50MP പ്രൈമറി സെൻസർ, 50MP അൾട്രാ-വൈഡ് ലെൻസ്, 200MP സൂം ലെൻസ് എന്നിവ ഉൾപ്പെടും. മുൻവശത്ത് 50MP ക്യാമറയും പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന വില

ഷവോമി 17ന് ഏകദേശം 75,000 രൂപ മുതൽ 80,000 രൂപ വരെയായിരിക്കാം വില. ഷവോമി 17 അൾട്ര മോഡലിന് 1,10,000 രൂപയോളമോ അല്ലെങ്കിൽ അതിൽ കൂടുതലോ ആയിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.