ഐഫോൺ 18 പ്രോയ്ക്ക് (iPhone 18 Pro) 'ഡീപ് റെഡ്' എന്ന പുതിയ നിറം ലഭിച്ചേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്ലൂംബെർഗിലെ മാർക് ഗുർമാൻ പറയുന്നതനുസരിച്ച്, പുതിയ അലുമിനിയം യൂണിബോഡി ഡിസൈൻ കൂടുതൽ നിറങ്ങൾ അവതരിപ്പിക്കാൻ ആപ്പിളിനെ സഹായിക്കും.
കാലിഫോര്‍ണിയ: ടെക് ലോകത്ത് വലിയ ചർച്ചയായി മാറുകയാണ് ആപ്പിളിന്റെ അടുത്ത തലമുറ സ്‍മാർട്ട്ഫോണുകളെ (ഐഫോണ്‍ 18 സീരീസ്) കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ. ഐഫോൺ 18 പ്രോ പുറത്തിറങ്ങാൻ ഇനി ആറ് മാസത്തിലധികം സമയം ബാക്കിയുണ്ടെങ്കിലും ഇതിനോടകം തന്നെ പുതിയ നിറ ഓപ്ഷനുകളെ കുറിച്ചുള്ള ലീക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഏറെ നാളായി ഐഫോണ്‍ പ്രോ മോഡലുകളിൽ ചുവപ്പ് നിറം വേണമെന്ന ആവശ്യവുമായി കാത്തിരുന്ന ഉപയോക്താക്കൾക്ക് ഇതൊരു സന്തോഷവാർത്തയാണ്.
ഐഫോൺ 18 പ്രോയ്‌ക്ക് പുത്തന്‍ നിറം
ആപ്പിൾ ഐഫോൺ 18 പ്രോയ്ക്കായി ‘ഡീപ് റെഡ്’ എന്ന പുതിയ നിറം പരിഗണിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ബ്ലൂംബെർഗിലെ പ്രശസ്‍ത ടെക് റിപ്പോർട്ടറായ മാർക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 17 പ്രോ മുതൽ ആപ്പിൾ മുഴുവൻ അലുമിനിയം യൂണിബോഡി ഡിസൈൻ സ്വീകരിച്ചതിനാൽ, പ്രോ മോഡലുകളിൽ കൂടുതൽ വൈവിധ്യമാർന്ന നിറങ്ങൾ അവതരിപ്പിക്കാൻ കമ്പനിക്ക് കൂടുതൽ സൗകര്യം ലഭിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുത്തന്‍ ഐഫോണുകള്‍ അടക്കമുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഏറ്റവും കൃത്യമായി അറിയിക്കുന്നതില്‍ പ്രസിദ്ധനാണ് മാർക് ഗുർമാൻ.
ഇപ്പോൾ വിപണിയിൽ ലഭ്യമായ ‘കോസ്‍മിക് ഓറഞ്ച്’ നിറം, പ്രത്യേകിച്ച് ചൈനീസ് വിപണിയിൽ, വലിയ ജനപ്രീതി നേടിയതായി റിപ്പോർട്ടിൽ മാർക് ഗുർമാൻ വിശദീകരിക്കുന്നു. അതിനാൽ ഓറഞ്ചും ചുവപ്പും സാമ്യതയിൽ അടുത്തുനിൽക്കുന്ന നിറങ്ങളായിരുന്നാലും ഈ രണ്ട് നിറങ്ങളും ഒരുമിച്ച് അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ മുമ്പ് പ്രചരിച്ച പർപ്പിൾ, ബ്രൗൺ നിറങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ റെഡ് ആശയത്തിന്‍റെ വ്യത്യസ്‍ത രൂപങ്ങൾ മാത്രമായിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022-ൽ ഐഫോൺ 14 ശേഷം ചുവപ്പ് നിറത്തിലുള്ള മോഡലുകൾ ആപ്പിൾ നിര്‍ത്തിയിരുന്നു. അതിനാൽ ഐഫോണ്‍ പ്രോ പതിപ്പിൽ റെഡ് നിറം തിരിച്ചുവരുന്നത് വലിയ ആകർഷണമാകും.
അതേസമയം, ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഫോൾഡ് കൂടുതൽ ലളിതമായ നിറങ്ങളിലായിരിക്കും ലഭ്യമാകുക എന്നാണ് റിപ്പോർട്ടുകൾ. ആദ്യകാല ഐഫോണുകളുടെ ശൈലിയിലേക്കു മടങ്ങി, ഡാർക്ക് ഗ്രേ അല്ലെങ്കിൽ ബ്ലാക്ക്, കൂടാതെ ലൈറ്റ് സിൽവർ അല്ലെങ്കിൽ വൈറ്റ് നിറങ്ങളിലായിരിക്കും ഫോൾഡ് മോഡൽ എത്തുക. നിർമ്മാണ പ്രക്രിയ ലളിതമാക്കുന്നതിനായിരിക്കാം ഈ നീക്കം. സമാനമായ രീതിയിൽ ഐഫോൺ എക്‌സ് രണ്ട് നിറങ്ങളിൽ മാത്രമാണ് പുറത്തിറങ്ങിയത്. അതേസമയം ഐഫോൺ 7 ആറ് നിറങ്ങളിൽ ലഭ്യമായിരുന്നു.



