
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി അവരുടെ ചരിത്രത്തിലെ ആദ്യ 10,000 എംഎഎച്ച് സ്‌മാര്‍ട്ട്‌ഫോണ്‍ ഈ മാസം ഇന്ത്യയില്‍ പുറത്തിറക്കിയേക്കും എന്ന് സൂചന. ഒരു പതിനായിരം എംഎഎച്ച് ഫോണിന്‍റെ ടീസര്‍ റിയല്‍മി 2025 മെയ് മാസത്തില്‍ പുറത്തുവിട്ടിരുന്നെങ്കിലും ഈ മൊബൈല്‍ എപ്പോള്‍ വിപണിയിലെത്തും എന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഈ ഫോണിന് ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണ് എന്നും പുത്തന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
റിയല്‍മി ആര്‍എംഎക്‌സ്107 എന്ന മോഡല്‍ നമ്പറിലുള്ള മൊബൈല്‍ ഫോണിന് 2025 ഡിസംബര്‍ 22ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നും ഈ ഫോണ്‍ 2026 ജനുവരിയില്‍ അവതരിപ്പിക്കുമെന്നും ടിപ്‌സ്റ്ററായ യോഗേഷ് ബ്രാര്‍ പറയുന്നു. ബാറ്ററി പവര്‍ കാണിക്കുന്ന ഒരു സ്‌മാര്‍ട്ട്‌ഫോണിന്‍റെ ടീസര്‍ റിയല്‍മിയുടെ പ്രൊഡക്‌ട് മാര്‍ക്കറ്റിംഗ് തലവന്‍ ഫ്രാന്‍സിസ് വോങ് എക്‌സില്‍ പങ്കുവെച്ചതും അഭ്യൂഹങ്ങള്‍ സജീവമാക്കുന്നു. വോങ് ചൂണ്ടിക്കാട്ടുന്ന ഇതേ ഫോണ്‍ തന്നെയാണ് വരാനിരിക്കുന്ന 10,000 എംഎഎച്ച് ഫോണ്‍ എന്നാണ് കിംവദന്തികള്‍.
പതിനായിരം എംഎഎച്ച് കരുത്ത് വരുന്ന സ്മാര്‍ട്ട്‌ഫോണിന്‍റെ കട്ടി 8.5 എംഎം ഉം, ഭാരം 200 ഗ്രാമിന് അല്‍പം കൂടുതലും ആയിരിക്കുമെന്ന് റിയല്‍മി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. ഫോണില്‍ വലിയ ബാറ്ററി ഉള്‍ക്കൊള്ളിക്കുന്നതിനായി മിനി ഡയമണ്ട് ആര്‍ക്കിടെക്‌ചറായിരിക്കും റിയല്‍മി ഉള്‍ഭാഗങ്ങള്‍ക്ക് നല്‍കുക. ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ മെയിന്‍ബോര്‍ഡും ഈ ഫോണിനുണ്ടാകും എന്നാണ് സൂചന. റിയല്‍മിയുടെ മിഡ്-റേഞ്ചിലുള്ള പി സീരീസ് ലൈനപ്പിലുള്ളതാണ് 10,000 എംഎഎച്ച് ഫോണ്‍ എന്ന് വാര്‍ത്തകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഈ ശ്രേണിയില്‍ പതിനായിരം എംഎഎച്ച് കരുത്തിലുള്ള ബാറ്ററിയുമായി വരുന്ന ആദ്യ ഫോണ്‍ ഇതാവാനും സാധ്യതയുണ്ട്.
ചൈനീസ് ബ്രാന്‍ഡുകള്‍ക്കിടയില്‍ 7,000 എംഎഎച്ച് ബാറ്ററി ഫോണുകള്‍ സര്‍വ്വസാധാരണമായ ഇക്കാലത്ത് കൂടുതല്‍ ശേഷിയുള്ള ബാറ്ററികള്‍ ഉള്‍ക്കൊള്ളിക്കാന്‍ മത്സരിക്കുകയാണ് കമ്പനികള്‍. ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് വരാനിരിക്കുന്ന നോര്‍ഡ് 6 ലൈനപ്പില്‍ 9,000 എംഎഎച്ച് കരുത്തിലുള്ള ഒരു ഫോണ്‍ പുറത്തിറക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.