8000 എംഎഎച്ച് ബാറ്ററി, പുത്തന്‍ ചിപ്; സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കൊടുങ്കാറ്റാവാന്‍ റെഡ്‍മി ടർബോ 5 വരുന്നു

Published : Nov 15, 2025, 04:13 PM IST
redmi logo

Synopsis

പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറിൽ റെഡ്‍മി ടർബോ 5 സ്‌മാര്‍ട്ട്‌ഫോണ്‍ നവംബര്‍ അവസാനം വിപണിയില്‍ അവതരിപ്പിക്കപ്പെടും. പോക്കോ എക്‌സ്8 പ്രോ എന്ന പേരിലാവും അന്താരാഷ്‌ട്ര വിപണിയില്‍ ഈ ഫോണ്‍ അവതരിപ്പിക്കുക.

തിരുവനന്തപുരം: ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റെഡ്‍മി ഉടൻ തന്നെ റെഡ്‍മി ടർബോ 5 പുറത്തിറക്കുമെന്ന് സൂചന. ഈ സ്‍മാർട്ട്‌ഫോൺ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. റെഡ്‍മി ടർബോ 4ന് പിന്‍ഗാമിയായിട്ടാണ് റെഡ്‍മി ടർബോ 5 സ്‍മാർട്ട്ഫോൺ കമ്പനി അവതരിപ്പിക്കുന്നത്. അതേസമയം, പുതിയ റെഡ്‍മി ടർബോ ഹാന്‍ഡ്‌സെറ്റിന്‍റെ ലോഞ്ചിനെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

റെഡ്‍മി ടർബോ 5 സവിശേഷതകള്‍ പുറത്ത്

റെഡ്‍മി ടർബോ 5 ഫോണിന്‍റെ സ്‌പെസിഫിക്കേഷനുകളെക്കുറിച്ചുള്ള ചില വിവരങ്ങൾ ഓൺലൈനിൽ പുറത്തുവന്നു. ടിപ്‌സ്റ്റർ അഭിഷേക് യാദവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ റെഡ്‍മി ടർബോ 5 സ്‌മാർട്ട്‌ഫോണിന്‍റെ ചില ചിത്രങ്ങൾ പങ്കിട്ടു. ഈ ഫോട്ടോകള്‍ നല്‍കുന്ന വിവരങ്ങൾ അനുസരിച്ച് സ്ലിം ബെസലുകളുള്ള ഡിസ്‌പ്ലേയാണ് റെഡ്‍മി ടർബോ 5ന് ലഭിക്കുക. അന്താരാഷ്‌ട്ര വിപണിയിൽ പോക്കോ എക്‌സ്8 പ്രോ എന്ന പേരിൽ ടര്‍ബോ 5 ലോഞ്ച് ചെയ്‌തേക്കുമെന്നും പറയപ്പെടുന്നു. ലംബമായി ക്രമീകരിച്ച റിയര്‍ ക്യാമറ യൂണിറ്റും എൽഇഡി ഫ്ലാഷും ഈ റെഡ്‍മി ടർബോ 5-ന്‍റെ ഡിസൈനില്‍ കാണാം. റെഡ്‍മി ടർബോ 5 സ്‌മാർട്ട്‌ഫോൺ നവംബര്‍ അവസാനം ചൈനയിൽ ലോഞ്ച് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെഡ്‍മി ടർബോ 5 സ്‌മാർട്ട്‌ഫോണിൽ സുരക്ഷയ്ക്കായി ഒരു മെറ്റൽ ഫ്രെയിമും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സ്‌കാനറും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ക്വാൽകോമിന്‍റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് റെഡ്‍മി ടർബോ 5ന് കരുത്ത് പകരുക. 2511FRT34C എന്ന മോഡൽ നമ്പറുള്ള റെഡ്‍മി ടർബോ 5 ഹാന്‍ഡ്‌സെറ്റ് അടുത്തിടെ ചൈനയുടെ 3സി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു.

റെഡ്‍മി ടർബോ 4ല്‍ നിന്ന് എന്തൊക്കെ വ്യത്യാസം പ്രതീക്ഷിക്കാം? 

റെഡ്‌മി ടർബോ 5ന് 1.5കെ റെസല്യൂഷനുള്ള 6.5 ഇഞ്ച് എല്‍ടിപിഎസ് ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നും സൂചനകളുണ്ട്. 100 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 8,000 എംഎഎച്ച് ബാറ്ററിയാവും ഇതിന് കരുത്ത് പകരുക. റെഡ്‌മി ടർബോ 4ന് 6,550 എംഎഎച്ച് ബാറ്ററിയും 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും ആണുള്ളത്. സ്‌മാർട്ട്‌ഫോണിന്‍റെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ 50-മെഗാപിക്‌സൽ സോണി എല്‍വൈറ്റി-600 പ്രൈമറി ക്യാമറയും 8-മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20എംപി ക്യാമറയാണ് റെഡ്‌മി ടർബോ 4ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റെഡ്‌മി ടർബോ 5 ഇന്ത്യയില്‍ എപ്പോള്‍ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമല്ല.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി