
തിരുവനന്തപുരം: ഐഫോൺ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയുടെ ലോഞ്ചിന് ശേഷം ഐഫോൺ 18 സീരീസിനായിട്ടുള്ള കാത്തിരിപ്പിലാണ് ആപ്പിള്‍ പ്രേമികൾ. ഇപ്പോഴിതാ ഐഫോണ്‍ 18 പ്രോ മാക്‌സിന്‍റെ ഭാരം സംബന്ധിച്ച ചില വിവരങ്ങൾ അനൗദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. ടോപ്പ്-എൻഡ് ഫ്ലാഗ്‌ഷിപ്പ് മോഡലായ ഐഫോൺ 18 പ്രോ മാക്‌സ് ആപ്പിളിന്‍റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ ഫോണാകാൻ സാധ്യതയുണ്ടെന്ന് ഒരു ടിപ്സ്റ്റർ വെളിപ്പെടുത്തി.
ഐഫോൺ 18 പ്രോ മാക്‌സിന് 240 ഗ്രാം ഭാരം ഉണ്ടാകുമെന്ന് ചൈനീസ് ടിപ്‌സ്റ്ററായ ഇൻസ്റ്റന്‍റ് ഡിജിറ്റൽ ആണ് വെയ്‌ബോയിലെ ഒരു പോസ്റ്റിൽ വെളിപ്പെടുത്തിയത്. ഐഫോൺ 18 പ്രോ മാക്‌സ് നിലവിലെ 17 പ്രോ മാക്‌സ് ഫ്ലാഗ്ഷിപ്പ് മോഡലിനേക്കാൾ കട്ടിയുള്ളതും ഭാരമുള്ളതുമായിരിക്കും എന്നും ടിപ്‌സ്റ്റർ പറയുന്നു. 240 ഗ്രാമിൽ കൂടുതൽ ഭാരം പ്രതീക്ഷിക്കുന്ന ഈ ഫോൺ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ ഐഫോണായേക്കും. ഈ ഭാരം ഐഫോൺ 14 പ്രോ മാക്‌സിനേക്കാളും ഐഫോൺ 13 പ്രോ മാക്‌സിനേക്കാളും കൂടുതലാണ്. മുൻ പതിപ്പായ ഐഫോൺ 17 പ്രോ മാക്‌സിന് 230 ഗ്രാം ആയിരുന്നു ഭാരം. എന്നാൽ ഐഫോൺ 18 പ്രോ മാക്‌സിന് ഏകദേശം 10 ഗ്രാം അധിക ഭാരമുണ്ടാകുമെന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന. കൂടാതെ, ഐഫോണ്‍ 18 പ്രോ മാക്‌സിന് അൽപ്പം കട്ടിയുള്ള ഡിസൈനും ലഭിച്ചേക്കും. നിലവിലെ മോഡലിന്‍റെ 8 മില്ലീമീറ്റർ കട്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രെയിമിന് ഏകദേശം 9 മില്ലീമീറ്റർ കനം ഉണ്ടാകും.
ഐഫോണ്‍ 18 പ്രോ മാക്‌സിലെ ആന്തരിക ഹാർഡ്‌വെയർ അപ്‌ഗ്രേഡുകൾ ആണ് ഈ ഭാരക്കൂടുതലിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 18 പ്രോ സീരീസിൽ ഡിസ്‌പ്ലേയ്ക്ക് താഴെയായി പുതിയൊരു ഫേസ് ഐഡി സിസ്റ്റം, പുതിയ ക്യാമറ ഘടകങ്ങൾ, ഒരു സ്റ്റീൽ ബാറ്ററി കേസിംഗ് നിരവധി നൂതന ഘടകങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മെച്ചപ്പെടുത്തലുകൾ ഐഫോണ്‍ 18 പ്രോ മാക്‌സിന്‍റെ മൊത്തത്തിലുള്ള ഭാരം വർധിപ്പിക്കുന്നു. മാത്രമല്ല വലിയ ബാറ്ററി ഘടിപ്പിക്കാനുള്ള സാധ്യതയും ഭാരക്കൂടുതലിന് കാരണമായി പറയുന്നു.
ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ആപ്പിളിന്‍റെ ആദ്യത്തെ ഫോൾഡബിൾ ഫോണും ഇവയ്‌ക്കൊപ്പം വിപണിയിലെത്തിയേക്കും.