ഗാലക്‌സി ഇസഡ് ഫോൾഡ് 8; സാംസങ്ങിന്റെ പുതിയ ഡിസ്‌പ്ലേ രഹസ്യം

Published : Jul 15, 2026, 02:16 PM IST
Samsung Galaxy Z Fold 8

Synopsis

സാംസങ് തങ്ങളുടെ പുതിയ ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസിനായി 'ഫ്ലെക്സ് ടൈറ്റാനിയം' എന്ന ഡിസ്‌പ്ലേ സാങ്കേതികവിദ്യ പ്രഖ്യാപിച്ചു. ടൈറ്റാനിയം ഘടകങ്ങൾ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ, ഫോൾഡബിൾ ഫോണുകളിലെ മടക്കുവര കുറയ്ക്കുകയും ഫോണിന് കൂടുതൽ കരുത്തും ഈടും നൽകുകയും ചെയ്യുന്നു.

ജൂലൈ 22-ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് പരിപാടിയിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ സാംസങ് പുറത്തുവിട്ടു. വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസിൽ ഉപയോഗിക്കുന്ന പുതിയ 'ഫ്ലെക്സ് ടൈറ്റാനിയം' ഡിസ്പ്ലേ സാങ്കേതികവിദ്യയാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫോൾഡബിൾ ഫോണുകൾ ഉപയോഗിക്കുന്നവരുടെ പ്രധാന പരാതികളിലൊന്നായിരുന്ന ഡിസ്പ്ലേയുടെ മധ്യഭാഗത്ത് കാണുന്ന മടക്കുവര (Crease) കുറയ്ക്കുന്നതിനൊപ്പം ഫോണിനെ കൂടുതൽ കരുത്തുറ്റതും മെലിഞ്ഞതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് സാംസങ് അറിയിച്ചു.

എന്താണ് 'ഫ്ലെക്സ് ടൈറ്റാനിയം'?

ഡിസ്പ്ലേയുടെ ഘടനയിൽ ടൈറ്റാനിയം അടിസ്ഥാനമാക്കിയുള്ള രണ്ട് പ്രധാന ഘടകങ്ങളാണ് ഫ്ലെക്സ് ടൈറ്റാനിയം സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഒഎൽഇഡി പാനലിന് താഴെയായി ടൈറ്റാനിയം അലോയ് ഫിലിം ഘടിപ്പിച്ചിരിക്കുന്നു. മനുഷ്യന്റെ മുടിയുടെ കനത്തിന്റെ മൂന്നിലൊന്ന് മാത്രം കട്ടിയുള്ള ഈ ഫിലിമിന് മുമ്പ് ഉപയോഗിച്ചിരുന്ന പോളിമർ ഫിലിമിനേക്കാൾ 20 മടങ്ങ് കൂടുതൽ കരുത്തുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് താഴെയായി ടൈറ്റാനിയം പ്ലേറ്റും നൽകിയിട്ടുണ്ട്. മടക്കപ്പെടുന്ന ഭാഗത്ത് സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത മൈക്രോ പാറ്റേൺ ദ്വാരങ്ങൾ ഉൾപ്പെടുത്തിയതിനാൽ ആയിരക്കണക്കിന് തവണ മടക്കിയാലും ഡിസ്പ്ലേയുടെ കരുത്ത് കുറയാതെ നിലനിർത്താൻ കഴിയുമെന്നാണ് സാംസങ് പറയുന്നത്.

ഉപയോക്താക്കൾക്ക് എന്ത് നേട്ടം?

പുതിയ ഡിസ്പ്ലേ സാങ്കേതികവിദ്യയുടെ സഹായത്തോടെ മടക്കുവരയുടെ ദൃശ്യത കുറയ്ക്കാനും ഫോണിന്റെ കനം കുറയ്ക്കാനും കൂടുതൽ ഈടുറ്റതാക്കാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു. കൂടാതെ പുതിയ തലമുറ ഓർഗാനിക് മെറ്റീരിയലുകൾ ഉപയോഗിച്ചതിലൂടെ വൈദ്യുതി ഉപയോഗക്ഷമതയും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും സാംസങ് അറിയിച്ചു.

ടൈറ്റാനിയം തന്നെ തിരഞ്ഞെടുക്കാൻ കാരണം?

ഉയർന്ന കരുത്തും ദീർഘായുസും കാരണം ടൈറ്റാനിയം ബഹിരാകാശ ഉപകരണങ്ങളിലും മാർസ് റോവറുകളിലും വ്യാപകമായി ഉപയോഗിക്കുന്ന വസ്തുവാണ്. എന്നാൽ അതേ മെറ്റീരിയൽ വളരെ നേർത്തതും മടക്കാവുന്നതുമായ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്നത് വലിയ സാങ്കേതിക വെല്ലുവിളിയായിരുന്നു. പ്രത്യേക നിർമ്മാണ രീതിയിലൂടെയും മൈക്രോ പാറ്റേൺ സാങ്കേതികവിദ്യയിലൂടെയും ആ വെല്ലുവിളി മറികടന്നതായി സാംസങ് അവകാശപ്പെടുന്നു. ജൂലൈ 22-ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് പരിപാടിയിലാണ് പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഓപ്പൺഎഐയുടെ രഹസ്യ നീക്കം: സ്ക്രീൻ ഇല്ല, പക്ഷേ മനുഷ്യനെ പോലെ സംസാരിക്കും; കമ്പനിയുടെ ആദ്യ എഐ സ്‍പീക്കർ
ഒപ്പോ ഫൈൻഡ് X10 പ്രോ മാക്സ്: ക്യാമറയിലെ അത്ഭുതം?