
സോള്‍: ദക്ഷിണ കൊറിയന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ഏറ്റവും പുതിയ ഗാലക്‌സി എസ്26 ഫ്ലാഗ്‌ഷിപ്പ് സീരീസ് ഫെബ്രുവരി 26ന് അവതരിപ്പിച്ചേക്കും. മാര്‍ച്ച് 11 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ സാംസങ് ഗാലക്സി എസ്26 ശ്രേണി മൊബൈല്‍ ഫോണുകള്‍ ലഭ്യമാകും എന്ന് 9ടു05ഗൂഗിള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. ഈ നിരയിലെ ഗാലക്‌സി എസ്26, ഗാലക്സി എസ്26+, ഗാലക്സി എസ്26 അള്‍ട്ര എന്നീ ഫോണ്‍ മോഡലുകള്‍ ഫ്രാന്‍സിലെങ്കിലും മാര്‍ച്ച് 11ന് ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിന് സമാനമായി യൂറോപ്പിലെ മറ്റിടങ്ങളിലും ദക്ഷിണ കൊറിയയിലും യുഎസിലും മാര്‍ച്ച് 11ന് തന്നെ ഗാലക്‌സി എസ്26 സീരീസ് വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
ഒരു പ്രോ മോഡല്‍ ഫോണ്‍ പുറത്തിറക്കാന്‍ സാംസങ് ആലോചിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നെങ്കിലും ഈ പ്ലാന്‍ കമ്പനി ഇപ്പോള്‍ ഉപേക്ഷിച്ചു എന്നാണ് പുതിയ വിവരം. ഗാലക്‌സ് എസ്25 എഡ്‌ജ് പോലുള്ള അള്‍ട്രാ-സ്ലിം വേരിയന്‍റുകള്‍ പ്രതീക്ഷിച്ച വിജയമാകാത്ത സാഹചര്യത്തില്‍ ഗാലക്‌സി പ്ലസ് മോഡല്‍ വിപണിയില്‍ തിരിച്ചെത്തിക്കാന്‍ സാംസങ് ആലോചിക്കുന്നുണ്ട്. ഇതാണ് സാംസങ് 26 സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ റിലീസ് വൈകാന്‍ കാരണം എന്നാണ് സൂചന. സാധാരണയായി ജനുവരി മധ്യേയാണ് സാംസങ് ഗാലക്‌സി ഫ്ലാഗ്‌ഷിപ്പ് മൊബൈല്‍ സീരീസ് അവതരിപ്പിക്കാറ്. ഗാലക്‌സി എസ്25 സീരീസ് 2025 ജനുവരി 22നും, ഗാലക്‌സി എസ്24 സീരീസ് 2024 ജനുവരി 17നും, ഗാലക്‌സി എസ്23 സീരീസ് 2023 ഫെബ്രുവരി ഒന്നിനും വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊരു മാറ്റം ഗാലക്‌സി എസ്26 നിര സ്‌മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തിലുണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്.
5,000 എംഎഎച്ച് ബാറ്ററി കരുത്തിലുള്ള സ്‌മാര്‍ട്ട്‌ഫോണായിരിക്കും സാംസങ് ഗാലക്സി എസ്26 അള്‍ട്ര എന്നാണ് സൂചന. എസ്25 അള്‍ട്രയിലെ 15 വാട്‌സില്‍ നിന്ന് വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് വേഗം 25 വാട്സിലേക്ക് ഉയര്‍ത്തിയേക്കും. അതേസമയം വയേര്‍ഡ് ചാര്‍ജിംഗ് വേഗം 60 വാട്‌സ് ആയി മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. 200എംപി പ്രധാന സെന്‍സര്‍, 50എംപി അള്‍ട്രാ-വൈഡ്, 5എക്സ് ടെലിഫോട്ടോ ലെന്‍സ് എന്നിവയില്‍ മാറ്റത്തിന് സാധ്യതയില്ല. 3എക്സ് ടെലിഫോട്ടോ സെന്‍സറിന്‍റെ കപ്പാസിറ്റി 10എംപിയില്‍ നിന്ന് 12എംപിയായി ഉയര്‍ത്തിയേക്കും എന്ന മാറ്റം മാത്രമാണ് അള്‍ട്രയുടെ ക്യാമറ വിഭാഗത്തില്‍ പറഞ്ഞുകേള്‍ക്കുന്നത്. ഗാലക്‌സി എസ്26 അള്‍ട്ര സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റിലുള്ള സ്‌മാര്‍ട്ട്‌ഫോണായിരിക്കും എന്നുറപ്പാണ്.
അതേസമയം സാംസങ് ഗാലക്സി എസ്26, ഗാലക്സി എസ്26 പ്ലസ് എന്നിവയില്‍ സ്പ്ലിറ്റ് ചിപ്‌സെറ്റ് സ്റ്റാറ്റര്‍ജി കമ്പനി തുടര്‍ന്നേക്കും. അതായത്, ചില വിപണികളില്‍ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പും മറ്റിടങ്ങളില്‍ എക്‌സിനോസ് 2600 ചിപ്പുമാകും ഉപയോഗിക്കാന്‍ സാധ്യത. സ്റ്റാന്‍ഡേര്‍ഡ് ഗാലക്‌സി എസ്26 മിക്കവാറും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.3-ഇഞ്ച് ഫുള്‍എച്ച്‌ഡി+ ഡിസ്‌പ്ലെയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. 50എംപി പ്രധാന സെന്‍സര്‍, 12 എംപി അള്‍ട്രാ-വൈഡ്, 3എക്സ് ടെലിഫോട്ടോ ലെന്‍സ് സഹിതം 12എംപി സെന്‍സര്‍ എന്നിവയാണ് ഗാലക്സി എസ്26-ന്‍റെ റിയര്‍ ഭാഗത്ത് പറയപ്പെടുന്നത്. 12-മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയും അഭ്യൂഹങ്ങളിലുണ്ട്. 4,300 എംഎച്ച് കരുത്തായിരിക്കാം ബാറ്ററിക്കുണ്ടാവുക.
സാംസങ് ഗാലക്സി എസ്26 പ്ലസ് ബേസ് മോഡലിലെ അതേ ക്യാമറ ഹാര്‍ഡ്‌വെയര്‍ നിലനിര്‍ത്തിയേക്കും. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.7 ഇഞ്ച് ക്യുഎച്ച്‌ഡി+ ഡിസ്‌പ്ലെയാണ് ഗാലക്സി എസ്26 പ്ലസിനുണ്ടാവുക എന്നാണ് ലീക്കുകള്‍. ബാറ്ററി കപ്പാസിറ്റി സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ 4,300 എംഎഎച്ചിന് പകരം 4,900 എംഎഎച്ച് ആയി കമ്പനി ഉയര്‍ത്തിയേക്കും.